രാജ്യത്ത് സാധാരണക്കാരന്റെ നിത്യജീവിത ചെലവുകള്‍ വീണ്ടും വര്‍ധിക്കുന്നുവെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ (CRISIL) ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ക്രിസിലിന്റെ 'റോട്ടി റൈസ് റേറ്റ്' (Roti Rice Rate) വിലയിരുത്തല്‍ പ്രകാരം, മേയ് മാസത്തില്‍ വീട്ടിലുണ്ടാക്കുന്ന വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ ഊണുകളുടെ (Thali) ചെലവില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തക്കാളി, പാചകവാതകം (LPG), കോഴിയിറച്ചി എന്നിവയുടെ വിലക്കയറ്റമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
വര്‍ഷാവര്‍ഷം അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍, മേയ് മാസത്തില്‍ വെജിറ്റേറിയന്‍ താലിയുടെ വിലയില്‍ 5 ശതമാനവും, നോണ്‍-വെജിറ്റേറിയന്‍ താലിയുടെ വിലയില്‍ 7 ശതമാനവും വര്‍ധനവുണ്ടായി. തൊട്ടുമുമ്പത്തെ മാസമായ ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരു വിഭാഗത്തിലും 3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
താലിയുടെ വില കൂട്ടിയതില്‍ പ്രധാന വില്ലന്‍ തക്കാളിയാണ്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ കിലോയ്ക്ക് 23 രൂപയായിരുന്ന തക്കാളി വില, ഇത്തവണ 57 ശതമാനം വര്‍ധിച്ച് 36 രൂപയിലെത്തി. ഉത്പാദനത്തിലുണ്ടായ 3-4 ശതമാനം കുറവാണ് വിലക്കയറ്റത്തിന് കാരണം.
നോണ്‍-വെജ് താലിയുടെ ആകെ ചെലവിന്റെ പകുതിയും വരുന്നത് ബ്രോയിലര്‍ ചിക്കനാണ്. കടുത്ത വേനല്‍ കാരണം കോഴികള്‍ ചത്തുപോകുന്ന നിരക്ക് ഉയര്‍ന്നതോടെ വിപണിയില്‍ വിതരണം കുറയുകയും ചിക്കന്‍ വില 9 ശതമാനം വര്‍ധിക്കുകയും ചെയ്തു.
പാചക എണ്ണകളുടെ അന്താരാഷ്ട്ര വില ഉയര്‍ന്നതും എല്‍.പി.ജി സിലിണ്ടര്‍ വിലയില്‍ ഉണ്ടായ 7 ശതമാനം വര്‍ധനവും അടുക്കള ബജറ്റിന്റെ ഭാരം കൂട്ടി.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തുടരുന്ന പശ്ചാത്തലത്തില്‍, വെള്ളിയാഴ്ച പ്രഖ്യാപിക്കുന്ന ആര്‍.ബി.ഐ വായ്പാനയത്തില്‍ പലിശ നിരക്കുകള്‍ (Repo Rate) നിലവിലുള്ളതുപോലെ തന്നെ തുടരാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര തലത്തിലെയും ആഭ്യന്തര തലത്തിലെയും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.എം.എഫ് (IMF) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ് വ്യക്തമാക്കി. ഭാവിയില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കണമോ വേണ്ടയോ എന്നത് വരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകളെ ആശ്രയിച്ചിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഭക്ഷ്യ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നത് കേന്ദ്ര ബാങ്കിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ഇന്ത്യന്‍ വ്യവസായ കൂട്ടായ്മയായ ഫിക്കിയുടെ (FICCI) പ്രസിഡന്റ് അനന്ത് ഗോയങ്കയും ഇതേ വിലയിരുത്തലാണ് പങ്കുവെക്കുന്നത്. നിലവിലെ സാമ്പത്തിക അന്തരീക്ഷത്തില്‍ പലിശ നിരക്കുകള്‍ ഇപ്പോള്‍ ഉള്ളതുപോലെ തന്നെ നിലനിര്‍ത്താനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ മേഖലയ്ക്ക് ഉത്തേജനം നല്‍കാന്‍ പലിശ നിരക്ക് കുറയ്‌ക്കേണ്ടത് ആവശ്യമാണെങ്കിലും, പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആര്‍.ബി.ഐ കരുതലോടെയുള്ള സമീപനമേ സ്വീകരിക്കൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്ഷണസാധനങ്ങളുടെ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇന്ത്യയിലെ റീറ്റെയ്ല്‍ പണപ്പെരുപ്പത്തെ പ്രധാനമായും നിര്‍ണയിക്കുന്നത്. ജൂണ്‍-ഓഗസ്റ്റ് മാസങ്ങളിലും തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില ഉയര്‍ന്നേക്കുമെന്നാണ് ക്രിസില്‍ പ്രവചിക്കുന്നത്. പണപ്പെരുപ്പം ആര്‍.ബി.ഐയുടെ ലക്ഷ്യമായ 4 ശതമാനത്തിലേക്ക് താഴാതെ പലിശ നിരക്കുകള്‍ കുറയാന്‍ സാധ്യതയില്ല.
പലിശ നിരക്കുകള്‍ കുറയാത്തത് ഭവന, വാഹന, വ്യവസായ വായ്പകള്‍ എടുത്തവരുടെ ഇ.എം.ഐ ഭാരം കുറയില്ല എന്നതിന്റെ സൂചനയാണ്. ഭക്ഷണച്ചെലവ് ഉയരുകയും പലിശ നിരക്കുകള്‍ ഉയര്‍ന്ന തലത്തില്‍ തുടരുകയും ചെയ്യുന്നത് സാധാരണക്കാരുടെ കൈവശമുള്ള ചെലവഴിക്കാനുള്ള കുറയ്ക്കുകയും, ഇത് വിപണിയിലെ മൊത്തത്തിലുള്ള ഉപഭോഗത്തെ ബാധിക്കുകയും ചെയ്‌തേക്കാം.
ഭക്ഷ്യ പണപ്പെരുപ്പ ഭീഷണിയും പലിശ നിരക്കുകള്‍ കുറയാത്തതും ഇന്ത്യന്‍ വിപണിക്ക് വരും മാസങ്ങളില്‍ വെല്ലുവിളിയാകും. കടുത്ത വേനല്‍ ഉണ്ടാക്കിയ പ്രതിസന്ധികള്‍ മാറാനും വിപണിയില്‍ സ്ഥിരത വരാനും വരാനിരിക്കുന്ന മണ്‍സൂണ്‍ മഴയുടെ കൃത്യമായ ലഭ്യതയും പുതിയ വിളവെടുപ്പും അനിവാര്യമാണ്.
Rising vegetable and chicken prices push up kitchen budgets in May, reducing chances of an RBI repo rate cut in the upcoming monetary policy.
Read DhanamOnline in English
Subscribe to Dhanam Magazine