യു.എ.ഇയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാണ് നാട്ടിലേക്ക് പണമയക്കുന്ന സേവനത്തിന് (Remitting Money) 15 ശതമാനം (അതായത് 2.5 ദിര്‍ഹം വര്‍ധന) ഫീസ് കൂട്ടിയ ഫോറിന്‍ എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ നടപടി. ഫോറിന്‍ എക്സ്ചേഞ്ചുകളെ പ്രതിനിധീകരിക്കുന്ന ഫോറിന്‍ എക്സ്ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പ് (FERG) ആണ് ഫീസ് കൂട്ടാന്‍ തീരുമാനിച്ചത്.
ഫോറിന്‍ എക്സ്ചേഞ്ചുകളുടെ ബ്രാഞ്ച് മുഖേന വിദേശത്തേക്ക് പണം അയക്കുന്നതിന് മാത്രമാണ് ഫീസ് വര്‍ധന ബാധകമെന്നും മൊബൈല്‍ ആപ്പ് വഴിയുള്ള സേവനത്തിന് ഫീസ് കൂട്ടിയിട്ടില്ലെന്നും കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഫീസ് കൂട്ടുന്നതെന്നും കഴിഞ്ഞ 5 വര്‍ഷമായി ഫീസ് നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ലെന്നും എഫ്.ഇ.ആര്‍.ജി ചൂണ്ടിക്കാട്ടി.
ഏറ്റവും തിരിച്ചടി ഇന്ത്യക്കാര്‍ക്ക്
യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ (CBUAE) 2022ലെ കണക്കുപ്രകാരം യു.എ.ഇയില്‍ നിന്ന് ഏറ്റവുമധികം പണം നാട്ടിലേക്ക് അഥവാ സ്വന്തം രാജ്യത്തേക്ക് അയക്കുന്നത് ഇന്ത്യക്കാരാണ്. അതില്‍ തന്നെ പ്രവാസി മലയാളികളുടെ വിഹിതവും ഏറെയാണ്. 2022ല്‍ 4,443 കോടി ദിര്‍ഹമാണ് (ഏകദേശം ഒരുലക്ഷം കോടി രൂപ) യു.എ.ഇയിലെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത്.
യു.എ.ഇയില്‍ നിന്ന് പുറത്തേക്കുള്ള മൊത്തം പ്രവാസി പണമയക്കലിന്റെ 30.5 ശതമാനമാണിത്. 12.2 ശതമാനം വിഹിതവുമായി പാകിസ്ഥാന്‍ രണ്ടാമതും 8.4 ശതമാനവുമായി ഫിലിപ്പൈന്‍സ് മൂന്നാമതുമാണ്. അതായത്, യു.എ.ഇയില്‍ നിന്ന് പുറത്തേക്കുള്ള പ്രവാസി പണമൊഴുക്കലിന്റെ 50 ശതമാനവും ചെല്ലുന്നത് ഈ മൂന്ന് രാജ്യങ്ങളിലേക്കാണ്. ഫീസ് വര്‍ധന ഏറ്റവുമധികം ബാധിക്കുന്നതും ഈ രാജ്യങ്ങളെയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine