Image : Canva and RBI 
Economy

റിസര്‍വ് ബാങ്കിന്റെ കൈയില്‍ 4.7 ലക്ഷം കോടിയുടെ സ്വര്‍ണം; വിദേശ കറൻസി ശേഖരം പുത്തന്‍ ഉയരത്തില്‍

ഏപ്രില്‍ 5ലെ റെക്കോഡ് തകര്‍ത്തു

Dhanam News Desk

റിസര്‍വ് ബാങ്കിന്റെ വിദേശ നാണയശേഖരം (Forex Reserves) മേയ് 17ന് സമാപിച്ച ആഴ്ചയില്‍ 450 കോടി ഡോളര്‍ ഉയര്‍ന്ന് എക്കാലത്തെയും ഉയരമായ 64,870 കോടി ഡോളറിലെത്തി. കഴിഞ്ഞ ഏപ്രില്‍ 5ന് സമാപിച്ച ആഴ്ചയിലെ 64,860 കോടി ഡോളറിന്റെ റെക്കോഡ് ഇനി പഴങ്കഥ.

തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് കരുതല്‍ വിദേശ നാണയശേഖരം വര്‍ധിക്കുന്നത്. മേയ് 10ന് അവസാനിച്ച ആഴ്ചയിലും 260 കോടി ഡോളറിന്റെ വര്‍ധനയുണ്ടായിരുന്നു.

കുതിക്കുന്ന ആസ്തി

ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ യെന്‍, യൂറോ, പൗണ്ട് തുടങ്ങിയവയും സ്വര്‍ണവും ഐ.എം.എഫിലെ കരുതല്‍ ശേഖരവുമുണ്ട്.

വിദേശ നാണയശേഖരത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന വിദേശ കറന്‍സി ആസ്തി (FCA) മേയ് 17ന് സമാപിച്ച ആഴ്ചയില്‍ 340 കോടി ഡോളര്‍ ഉയര്‍ന്ന് 56,900 കോടി ഡോളറിലെത്തിയത് റെക്കോഡ് നേട്ടത്തിന് സഹായിച്ചു.

ഐ.എം.എഫിലെ സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ് 11.3 കോടി ഡോളര്‍ ഉയര്‍ന്ന് 1,820 കോടി ഡോളറായി. ഐ.എം.എഫിലെ കരുതല്‍പ്പണം പക്ഷേ 16.8 കോടി ഡോളർ താഴ്ന്ന് 430 കോടി ഡോളറിലെത്തി.

സ്വര്‍ണത്തിളക്കം

റിസര്‍വ് ബാങ്കിന്റെ കരുതല്‍ സ്വര്‍ണശേഖരം 120 കോടി ഡോളര്‍ (ഏകദേശം 10,000 കോടി രൂപ) വര്‍ധിച്ച് 5,720 കോടി ഡോളറായിട്ടുണ്ട്. അതായത് 4.77 ലക്ഷം കോടി രൂപയുടെ സ്വര്‍ണം റിസര്‍വ് ബാങ്കിന്റെ പക്കലുണ്ട്.

കേന്ദ്രസർക്കാരിന് കഴിഞ്ഞ സാമ്പത്തികവർഷത്തെ ലാഭവിഹിതമായി റെക്കോഡ് 2.11 ലക്ഷം കോടി രൂപ പ്രഖ്യാപിച്ച് റിസർവ് ബാങ്ക് കഴിഞ്ഞദിവസം ഏവരെയും അമ്പരിപ്പിച്ചിരുന്നു. കേന്ദ്രസർക്കാർ പ്രതീക്ഷിച്ചിരുന്ന ഒരുലക്ഷം കോടി രൂപയേക്കാൾ ഇരട്ടി നൽകാനാണ് റിസർവ് ബാങ്ക് തീരുമാനിച്ചതെന്നതാണ് ശ്രദ്ധേയം. ഇതിനിടെയാണ് ഇപ്പോൾ റിസർവ് ബാങ്കിന്റെ കരുതൽ വിദേശ നാണയശേഖരവും പുത്തൻ റെക്കോഡിട്ടെന്ന റിപ്പോർട്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT