AI Generated Image created using ChatGPT ChatGPT
Economy

അന്നൊരു ജൂലൈ 31ന്, ജ്യോതിബസുവിനെ കേന്ദ്രമന്ത്രി വിളിച്ചു, അത് മൊബൈല്‍ വിപ്ലവത്തിന്റെ തുടക്കം; 30 വര്‍ഷം കൊണ്ട് എന്തെന്ത് മാറ്റങ്ങള്‍!

1991ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗാണ് സര്‍ക്കാര്‍ കുത്തക അവസാനിപ്പിച്ച് ടെലികോം രംഗം സ്വകാര്യ മേഖലക്ക് തുറന്നു കൊടുത്തത്

A.S. Sureshkumar

കൃത്യം 30 വര്‍ഷം മുമ്പാണ്. 1995 ജൂലൈ 31ന്. ഇന്ത്യയില്‍ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളി നടന്നത് അന്നാണ്. കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാം അന്നത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവിനെ വിളിച്ചു. ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ ആ മൊബൈല്‍ ഫോണ്‍കോള്‍ ശരിക്കും ഒരു ചരിത്ര സംഭവമാണ്. ഇന്ത്യയുടെ സന്ദേശ വിനിമയത്തില്‍ പുതിയ അധ്യായം തന്നെ എഴുതിച്ചേര്‍ത്ത സംഭവം.

മൊബൈല്‍, ഇന്ന് കളിപ്പാട്ടം

അതിനു ശേഷം മൂന്നു പതിറ്റാണ്ടു മുന്നോട്ടു പോയതിനിടയില്‍ കമ്യൂണിക്കേഷന്‍ രംഗം എത്ര മാറിയിരിക്കുന്നു. ഫീച്ചര്‍ ഫോണില്‍ നിന്ന് സ്മാര്‍ട്ട് ഫോണിലേക്ക് എത്തിയെന്നു മാത്രമല്ല, മൊബൈല്‍ ഇന്ന് കുട്ടികളുടെ കളിപ്പാട്ടം പോലെയായിരിക്കുന്നു. ഒരാള്‍ക്ക് ഒന്നിലധികം ഫോണുകള്‍, സിമ്മുകള്‍. ഒരു ഫോണ്‍ കണക്ഷന് ആരുടെയൊക്കെയോ കാലു പിടിക്കേണ്ട കാലത്തു നിന്നാണ് ഈ മുന്നേറ്റം. ഒരു വിളിക്കുള്ള ചെലവും പ്രയാസങ്ങളും എത്രയോ കുറഞ്ഞു. മൊബൈല്‍ ഫോണ്‍ ആണ് ഇന്ന് മനുഷ്യബന്ധങ്ങളെയും ലോകത്തെ തന്നെയും ചേര്‍ത്തു നിര്‍ത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക ചിത്രം തന്നെ മാറ്റിയെഴുതി, മൊബൈല്‍ ഫോണ്‍.

തുടങ്ങിവെച്ചത് മന്‍മോഹന്‍

1991ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗാണ് സര്‍ക്കാര്‍ കുത്തക അവസാനിപ്പിച്ച് ടെലികോം രംഗം സ്വകാര്യ മേഖലക്ക് തുറന്നു കൊടുത്തത്. 1994ല്‍ ദേശീയ ടെലികോം നയം വന്നു, മൊബൈല്‍ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചു. 1997ല്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം ടെലികോം നിയന്ത്രണ അതോറിട്ടിയായ ട്രായ് തര്‍ക്കപരിഹാരത്തിനും ചട്ടങ്ങള്‍ക്കുമായി രൂപീകരിച്ചു. നേരത്തെ ടെലികോം വകുപ്പാണ് ഈ മേഖലയെ നിയന്ത്രിച്ചു പോന്നത്.

ഇന്ത്യക്ക് രണ്ടാം സ്ഥാനം

ഇന്ന് ടെലികോം വിപണിയില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. 120 കോടി ഉപയോക്താക്കള്‍. ആഗോള തലത്തില്‍ നോക്കിയാല്‍ താങ്ങാവുന്ന കോള്‍-ഡാറ്റ നിരക്കുകള്‍. പണമിടപാട് അടക്കം ഒട്ടുമിക്കതും ഡിജിറ്റല്‍ രൂപത്തില്‍. ജനസംഖ്യയില്‍ 85 ശതമാനത്തിന്, ജില്ലകളില്‍ 99 ശതമാനത്തിന് ഇന്ന് 5ജി സേവനങ്ങള്‍ ലഭ്യമാകുന്നു.

മോട്ടറോള മുതല്‍

ഇന്ത്യയില്‍ ആദ്യമിറങ്ങിയ മൊബൈല്‍ ഫോണുകള്‍ ഏതെല്ലാമാണ്? നോക്കിയ, മോട്ടറോള, എറിക്‌സണ്‍ എന്നിവയൊക്കെയാണ്. നോക്കിയ ഫോണില്‍ നിന്നാണ് '95ല്‍ ആദ്യത്തെ ജി.എസ്.എം വിളി നടന്നത്. വെറും വിളിയില്‍ നിന്ന് എസ്.എം.എസ്, റിംഗ് ടോണ്‍ എന്നിങ്ങനെ സേവന വൈവിധ്യങ്ങള്‍ പലതായി. 2011ല്‍ 3ജി എത്തി. 2012ല്‍ 4ജി-എല്‍.ടി.ഇ; 2022ല്‍ 5ജി. 85.5 ശതമാനം ഇന്ത്യന്‍ കുടുംബങ്ങളിലും ഇന്ന് ഒരു സ്മാര്‍ട്ട് ഫോണെങ്കിലും ഉണ്ട്. 2030 ആകുമ്പോള്‍ 98 കോടി പേര്‍ക്ക് 5ജി കണക്ഷന്‍ ഉണ്ടാവുമെന്നാണ് കണക്ക്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT