രണ്ടു ദിവസമായി കേരളത്തില്‍ സ്വര്‍ണത്തിന് ചെറിയ തോതില്‍ വില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വര്‍ണം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് അത്യുന്നതങ്ങളിലാണ്. മറ്റേതു നിക്ഷേപത്തേക്കാള്‍ ആകര്‍ഷകമായി സ്വര്‍ണം മാറിയിരിക്കുന്നു എന്നു മാത്രമല്ല, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) അടക്കം വിവിധ കേന്ദ്രബാങ്കുകള്‍ (Central Banks) ഈ വിലക്കയറ്റത്തിനിടയിലും സ്വര്‍ണശേഖരം വര്‍ധിപ്പിക്കുകയാണ്. അതില്‍ നിന്ന് ചില മുന്നറിയിപ്പുകള്‍ വായിച്ചെടുക്കേണ്ടതുണ്ട്. സ്വര്‍ണത്തിനു പിന്നാലെ ഇപ്പോള്‍ എല്ലാവരും പായുന്നതിന്റെ പൊരുള്‍ എന്താണ്?
പ്രമുഖ സാമ്പത്തിക വിദഗ്ധയും മലയാളിയുമായ ഗീത ഗോപിനാഥും (Gita Gopinath) സോഹോ കോര്‍പറേഷന്‍ (Zoho Corporation) മേധാവി ശ്രീധര്‍ വെമ്പുവും (Sridhar Vembu) ഉത്കണ്ഠകള്‍ പങ്കുവെക്കുന്നു. ആഗോള സാമ്പത്തിക സംവിധാനത്തിലെ പിരിമുറുക്കമാണ്, മറിച്ച് സാമ്പത്തിക അഭിവൃദ്ധിയല്ല സ്വര്‍ണവിലയേറ്റം പ്രകടമാക്കുന്നതെന്ന് ശ്രീധര്‍ വെമ്പു പറയുന്നു. ഗീത ഗോപിനാഥ് 'ദി ഇക്കണോമിസ്റ്റി'ല്‍ (The Economist) എഴുതിയ ലേഖനത്തിലെ അഭിപ്രായങ്ങളെ എക്‌സ് പോസ്റ്റില്‍ ശ്രീധര്‍ വെമ്പു പിന്തുണച്ചു. അമേരിക്കന്‍ ഓഹരി വിപണി ഇപ്പോള്‍ ഊതിവീര്‍പ്പിച്ച പരുവത്തിലാണെന്നും ഗൗരവതരമായൊരു തിരുത്തല്‍ നടക്കാനുള്ള സാധ്യത കൂടിയിട്ടുണ്ടെന്നുമാണ് ഗീത ഗോപിനാഥിന്റെ അഭിപ്രായം.
2008-09ല്‍ ലോകം കണ്ട സാമ്പത്തിക പ്രതിസന്ധിയിലേക്ക് (Global Economic Recession) നീങ്ങാനുളള സാധ്യത തള്ളിക്കളയാന്‍ പറ്റില്ലെന്ന് വിലയിരുത്തുകയാണ് ശ്രീധര്‍ വെമ്പു. അതിന്റെ വലിയ മുന്നറിയിപ്പാണ് സ്വര്‍ണവിലക്കയറ്റം നല്‍കുന്നത്. അതൊരു നിക്ഷേപമല്ല, സമ്പദ്ക്രമത്തിലെ അപകട സാധ്യതക്കെതിരായ കരുതലാണ്. ധനം എന്നാല്‍ ശരിക്കും എന്താണ്? അത് വിശ്വാസത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. കടബാധ്യത അത്യുന്നതങ്ങളില്‍ എത്തുമ്പോള്‍ വിശ്വാസം തകരാന്‍ തുടങ്ങുന്നു -ശ്രീധര്‍ വെമ്പു പറയുന്നു.
ധനകാര്യ വിപണികളില്‍ വിശ്വാസം നഷ്ടപ്പെടുക, നാണ്യപ്പെരുപ്പം വര്‍ധിക്കുക, മാന്ദ്യസാധ്യത ഉയരുക, ബാങ്കിംഗ് മേഖലയില്‍ അസ്ഥിരത പ്രകടമാവുക തുടങ്ങിയ ആശങ്കാജനകമായ സാഹചര്യങ്ങളിലാണ് സ്വര്‍ണത്തിന് വിലയേറ്റം ഉണ്ടാവുന്നത്. സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറുന്നു. ഓഹരി, ബോണ്ട് തുടങ്ങിയ കടലാസ് ആസ്തികള്‍ അപകടകരമായി മാറുമ്പോള്‍ ആസ്തിയുടെ മൂല്യം സംരക്ഷിക്കുന്നതിനുള്ള പ്രധാന നിക്ഷേപ മാര്‍ഗമായി സ്വര്‍ണം മാറുന്നു. അങ്ങനെ തുടര്‍ച്ചയായി സ്വര്‍ണവിലക്കയറ്റം ഉണ്ടാകുന്നത് വിശാല സാമ്പത്തിക രംഗത്തെ വിശ്വാസം ചോരുന്നതിന്റെ സൂചനയാണ്. ബിസിനസിലോ ഓഹരിയിലോ നിക്ഷേപിക്കുന്നതിനു പകരം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത് ശുഭാപ്തി വിശ്വാസമല്ല കാണിക്കുന്നത്; ജാഗ്രതയുടെയും പേടിയുടെയും സൂചനയാണത്. വിപണിയിലെ വെറും ചാഞ്ചാട്ടത്തേക്കാള്‍ ആഗോള സാമ്പത്തിക സാഹചര്യങ്ങളിലുള്ള വിശ്വാസം ദുര്‍ബലമകുന്നതിന്റെ സൂചനയാണ് സ്വര്‍ണവിലയേറ്റമെന്നു സാരം.
അമേരിക്കന്‍ ഓഹരികളില്‍ ആഗോള തലത്തില്‍ ഇന്നുള്ള നിക്ഷേപം ഒരു റെക്കോഡാണെന്ന് ഡോ. ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടുന്നു. അതില്‍ ഉണ്ടാകുന്ന ഏതൊരു തിരുത്തലും ആഗോള തലത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ശരിക്കു പറഞ്ഞാല്‍ അസന്തുലിത വ്യാപാരമല്ല, അസന്തുലിത വളര്‍ച്ചയാണ് അടിസ്ഥാന പ്രശ്‌നം. ആഗോള വിപണികളില്‍ സ്ഥിരത ഉണ്ടാകാന്‍ യു.എസിനു പുറത്തെ സമ്പദ്‌വ്യവസ്ഥകള്‍ ശക്തമായ പ്രകടനം കാഴ്ച വെക്കേണ്ടതുണ്ടെന്നും ഗീത ഗോപിനാഥ് അഭിപ്രായപ്പെടുന്നു.
സ്വര്‍ണവിലയേറ്റം ഉടനടി ഒരു പ്രതിസന്ധിയിലേക്ക് നയിക്കുമോ? ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല. പൊതുവെ വീക്ഷിക്കപ്പെടുന്നതിനേക്കാള്‍ ദുര്‍ബലമാണ് ദുര്‍ബലമാണ് സമ്പദ്‌രംഗം എന്ന കാര്യം പക്ഷേ, കാണാതെ പോകരുത്. വലിയ കടം, കുറഞ്ഞ വളര്‍ച്ച, പെരുപ്പിച്ചു കാട്ടുന്ന മൂല്യം എന്നിവയെല്ലാമാണ് പ്രശ്‌നങ്ങള്‍. അതുകൊണ്ട് ജാഗ്രതയോടെ വേണം മുന്നോട്ടുപോകാന്‍ എന്ന് ഓര്‍മിപ്പിക്കുന്നതാണ് ഗീത ഗോപിനാഥിന്റെയും ശ്രീധര്‍ വെമ്പുവിന്റെയും കുറിപ്പുകള്‍. ലാഭത്തില്‍ മാത്രം കണ്ണുവെച്ച് സ്വര്‍ണത്തിന് പിന്നാലെ പോകാതെ, നിക്ഷേപത്തിന്റെ കാര്യത്തില്‍ വൈവിധ്യം തെരഞ്ഞെടുക്കണമെന്ന ഓര്‍മപ്പെടുത്തല്‍ കൂടി നല്‍കുകയാണ് ഈ കുറിപ്പുകള്‍. യു.എസ് വിപണികളില്‍ വലിയൊരു തിരുത്തല്‍ വന്നാല്‍, പ്രത്യാഘാതം പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കുമെന്ന ജാഗ്രത നിക്ഷേപകര്‍ക്ക് വേണം; നയം രൂപപ്പെടുത്തുന്ന സര്‍ക്കാറുകള്‍ക്കും അത് ആവശ്യമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine