Economy

ഇന്ത്യയിലും ചൈനയിലും സ്വര്‍ണ വിപണി മന്ദഗതിയില്‍; കാരണങ്ങളിവയാണ്

മാര്‍ച്ച് മാസത്തില്‍ ഇന്ത്യയുടെ ഇറക്കുമതി 80 %, ചൈനയിലെ ഡിമാന്റ് 94 % ഇടിഞ്ഞു

Dhanam News Desk

റഷ്യ-യുക്രയ്ന്‍ യുദ്ധം കാരണം വില കുതിച്ച് ഉയര്‍ന്നതും സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് കൊണ്ടും ഇന്ത്യയിലെ സ്വര്‍ണ വിപണി മാര്‍ച്ച് മാസം മന്ദതയിലായി. റീറ്റെയ്ല്‍ സ്വര്‍ണ വ്യാപാരം കുറയാന്‍ കാരണം സ്വര്‍ണ വിലയില്‍ തിരുത്തല്‍ പ്രതീക്ഷിച്ച് ഉപഭോക്താക്കള്‍ വാങ്ങുന്നത് നീട്ടിവെച്ചതാകാമെന്ന്, വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ 2022 - ലെ ആദ്യ പാദ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ച്ചില്‍ സ്വര്‍ണ ഇറക്കുമതി മുന്‍ മാസത്തെ അപേക്ഷിച്ച് 80 ശതമാനം കുറവ് ഉണ്ടായി. സ്വര്‍ണത്തിന്റെ പുനരുപയോഗം വര്‍ധിച്ചതും ഇറക്കുമതി കുറയാന്‍ കാരണമായി. മെയ് 3 ന് അക്ഷയ ത്രിതീയ ആഘോഷിക്കുന്ന വേളയില്‍ സ്വര്‍ണ ഡിമാന്റ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകര്‍ കരുതുന്നു.

ജനവരി, ഫെബ്രുവരി മാസത്തില്‍ സ്വര്‍ണ ഇ ടി എഫുകളില്‍ നിക്ഷേപം വര്‍ധിച്ചുവെങ്കിലും മാര്‍ച്ച് മാസം 0.2 ടണ്ണാണ് അധിക നിക്ഷേപമായി എത്തിയത്.

2022 ല്‍ ആദ്യ പാദത്തില്‍ ചൈനയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചത് സ്വര്‍ണ വിപണിയെ പ്രതികൂലമായി ബാധിച്ചു. മാര്‍ച്ചില്‍ ഡിമാന്റ് മുന്‍ മാസത്തെ അപേക്ഷിച്ച് 94 % ഇടിഞ്ഞു. സ്വര്‍ണ ഇ ടി എഫ് കളുടെ ഡിമാന്റ് വര്‍ധിച്ചു. നാലു പുതിയ ഗോള്‍ഡ് ഫണ്ടുകള്‍ കൂടി ആരംഭിച്ചതോടെ മൊത്തം 15 സ്വര്‍ണ ഇ ടി എഫുകള്‍ നിലവിലുണ്ട്.

ആഗോള വിപണിയില്‍ സ്വര്‍ണ ഇ ടി എഫ്ഫുകളുടെ ഡിമാന്റ് വര്‍ധിച്ചു. മാര്‍ച്ച് മാസം 187 ടണ്‍ സ്വര്‍ണ നിക്ഷേപവും,ആദ്യ പാദത്തില്‍ 269 ടണ്ണും (17 ശതകോടി യു എസ് ഡോളര്‍) നിക്ഷേപം ഇ ടി എഫുകള്‍ക്ക് ലഭിച്ചു.

പണപ്പെരുപ്പം വര്‍ധിക്കുന്നതും യുദ്ധവും, സാമ്പത്തിക അനിശ്ചിത്വത്തങ്ങളും സ്വര്‍ണ വിപണിക്ക് ശക്തി നല്‍കുന്നുണ്ട്. ആദ്യ പാദത്തില്‍ അന്താരാഷ്ട്ര വില 8 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 1942 ഡോളറില്‍ എത്തി.

സ്വര്‍ണ വില ഔണ്‍സിന് 1965 ഡോളറില്‍ കടുത്ത പ്രതിരോധം നേരിടുന്നുണ്ട്, 1900 താങ്ങായി തുടരുന്നതിനാല്‍ വില താഴേക്ക് പോകുനുള്ള സാധ്യതയില്ലെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ് വിലയിരുത്തുന്നു.

എം സി എക്‌സില്‍ അവധി വ്യാപാരത്തില്‍ 50300 -52000 പരിധിയില്‍ വ്യാപാരം നടക്കുന്നതിനാല്‍ കാര്യമായ ചാഞ്ചാട്ടം പ്രതീക്ഷിക്കേണ്ടതില്ല

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT