Image : Canva 
Economy

ഇന്നും സ്വര്‍ണത്തിന് രണ്ട് വില! ഉച്ചക്ക് ശേഷമുള്ള മാറ്റത്തിന് പിന്നിലെന്ത്? ഇന്നത്തെ മാറ്റം 760 രൂപ

നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യത

Dhanam News Desk

സംസ്ഥാനത്ത് ഇന്നും സ്വര്‍ണത്തിന് രണ്ട് വില. ഉച്ചക്ക് ശേഷം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11,980 രൂപയായി. പവന് 560 രൂപ വര്‍ധിച്ച് 95,840 രൂപയിലെത്തി. രാവിലെ പവന് 200 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ ഇന്ന് പവന് വര്‍ധിച്ചത് 760 രൂപ. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യത.

ഇപ്പോള്‍ ട്രെന്‍ഡായ ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9,850 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9,850 രൂപയും 9 കാരറ്റ് ഗ്രാമിന് 4,950 രൂപയുമാണ്.

എന്താണ് കാരണം

യു.എസ് ഫെഡ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയിലാണ് കുറച്ചു ദിവസങ്ങളായി സ്വര്‍ണവില ഉയരുന്നത്. അമേരിക്കന്‍ പണപ്പെരുപ്പം വെളിപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവരുന്നത് നിരക്ക് മാറ്റം സംബന്ധിച്ച കൃത്യമായ ചിത്രം നല്‍കുമെന്നാണ് വിപണി കരുതുന്നത്. പലിശ നിരക്ക് കുറക്കുന്നതോടെ ലോകത്തിലെ ഏറ്റവും സുരക്ഷിത നിക്ഷേപമെന്ന് കരുതപ്പെടുന്ന അമേരിക്കന്‍ കടപ്പത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ആദായം കുറയും. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലെ നിക്ഷേപം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാല്‍ ഡിമാന്‍ഡ് കൂടുകയും വില ഇനിയും വര്‍ധിക്കുകയും ചെയ്യും.

മാത്രവുമല്ല, പ്രമുഖ കറന്‍സികള്‍ക്കെതിരെ അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് വീണ്ടും ഇടിഞ്ഞു. ഇതോടെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ എളുപ്പമായി. ആര്‍.ബി.ഐ പലിശ നിരക്ക് കുറക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുറച്ചതും സ്വര്‍ണവിലയെ സ്വാധീനിച്ചുവെന്നാണ് കരുതുന്നത്. ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനുള്ള ചെലവ് വര്‍ധിക്കുന്നത് കൊണ്ടാണിത്.

ആഭരണം വാങ്ങാന്‍

പുതുക്കിയ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,03,700 രൂപയെങ്കിലും വേണ്ടി വരും. അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ന്ന തുകയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയും വിലയിലും മാറ്റമുണ്ടാകുമെന്നും മറക്കരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT