ജിഎസ്ടി നിയമപ്രകാരം ചരക്ക് നീക്കത്തിന് നിര്‍ബന്ധമായി വേണ്ട ഇ വെ ബില്ലുകളുടെ കാലാവധി ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വീണ്ടും നീട്ടി. മാര്‍ച്ച് 24 നോ അതിനു മുമ്പോ എടുത്ത, മാര്‍ച്ച് 20 നും ഏപ്രില്‍ 15നും ഇടയില്‍ കാലാവധി കഴിയുന്നതുമായ ഇ വെ ബില്ലുകളുടെ കാലാവധിയാണ് മെയ് 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
ജിഎസ്ടി നിയമപ്രകാരം സംസ്ഥാനത്തിനകത്തും അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിനും ഇ വെ ബില്‍ വേണം. സാധാരണ ഓരോ 100 കിലോമീറ്റര്‍ ദൂരത്തേക്കുള്ള ചരക്ക് നീക്കത്തിന് ഒരു ദിവസം എന്ന കണക്കിലാണ് ഇ വെ ബില്‍ നല്‍കുക.
രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചരക്ക് നീക്കം തടസ്സപ്പെട്ടതോടെ ഇ വെ ബില്ലുകളുടെ കാലാവധി ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടിയപ്പോള്‍, ഇ വെ ബില്ലുകളുടെ കാലാവധിയും നീട്ടാതിരുന്നത് ബിസിനസ് മേഖലയിലുള്ളവര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഇ വെ ബില്‍ സംബന്ധിച്ച കാര്യങ്ങളില്‍ വീഴ്ച വരുത്തിയ ചരക്ക് ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചാല്‍ ചരക്കിന്റെ നികുതി മൊത്തവും തത്തുല്യതുക പെനാല്‍ട്ടിയും കൂടി ചുമത്താന്‍ വകുപ്പില്‍ വ്യവസ്ഥയുണ്ട്.
അതുകൊണ്ട് ഇ വെ ബില്ലിന്റെ കാലാവധി ദീര്‍ഘിപ്പിക്കാതിരുന്നത് ബിസിനസുകാരെ വലച്ചിരുന്നു. ''ജിഎസ്ടി നിയമപ്രകാരം, നികുതി വെട്ടിപ്പില്ലെങ്കില്‍ കൂടി, ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ നിയമാനുസൃതമായ എല്ലാ രേഖകളും പൂര്‍ണമായും ഇല്ലാത്തത് അധിക നികുതിക്കും പെനാല്‍ട്ടിക്കും ഇടവരുത്തും. അതുകൊണ്ട് ഇ വെ ബില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംരംഭകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം,'' നികുതി സാമ്പത്തിക വിഷയങ്ങളിലെ ഉപദേഷ്ടാവും ഹൈക്കോടതിയിലെ അഭിഭാഷകനുമായ അഡ്വ. കെ എസ് ഹരിഹരന്‍ പറയുന്നു.
ഇ വെ ബില്‍ ഉള്‍പ്പടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ രേഖകളായ ടാക്‌സബ്ള്‍ ഇന്‍വോയ്‌സ്, ഡെലിവറി ചലാന്‍, ഡബിറ്റ് നോട്ട്, തുടങ്ങിവയുടെ പ്രാധാന്യം ബിസിനസുകാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അഡ്വ. കെ എസ് ഹരിഹരന്‍ അഭിപ്രായപ്പെടുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine