Canva, Facebook /Nirmala Sitharaman
Economy

₹1.86 ലക്ഷം കോടിയുടെ ജി.എസ്.ടി പിരിവ്! കേരളത്തിന്റെ വക ₹2,723 കോടി, സീന്‍ മാറ്റാന്‍ കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ മൂന്നിന്

ഓഗസ്റ്റില്‍ ജി.എസ്.ടി ഇനത്തില്‍ കേരളത്തിന്റെ കേന്ദ്രവിഹിതം അടക്കമുള്ള ആകെ വരുമാനം 13,319 കോടി രൂപയാണെന്നും കണക്കുകള്‍

Dhanam News Desk

ഓഗസ്റ്റ് മാസത്തില്‍ ചരക്കു സേവന നികുതി (ജി.എസ്.ടി) ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 1.86 ലക്ഷം കോടി രൂപയെന്ന് ജി.എസ്.ടി മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 1.74 ലക്ഷം കോടി രൂപയാണ് ജി.എസ്.ടി വരുമാനം. 6.5 ശതമാനം വര്‍ധന. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 11.37 ലക്ഷം കോടി രൂപ വാര്‍ഷിക ജി.എസ്.ടി വരുമാനമാണ് സര്‍ക്കാരിന് നേടാനായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 20.18 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കണക്കുകള്‍ ഇങ്ങനെ

ഓഗസ്റ്റ് മാസത്തിലെ മൊത്ത പ്രാദേശിക വരുമാനം (GDI) 1.37 ലക്ഷം കോടി രൂപയാണ്. 2024 ഓഗസ്റ്റില്‍ നേടിയ 1.25 ലക്ഷം കോടി രൂപയേക്കാള്‍ 9.6 ശതമാനം കൂടുതല്‍. ഇറക്കുമതിയില്‍ നിന്ന് ലഭിച്ച നികുതി കഴിഞ്ഞ വര്‍ഷം ലഭിച്ച 50,000 കോടി രൂപയില്‍ നിന്നും 49,300 കോടി രൂപയായി കുറഞ്ഞു. ജി.എസ്.ടി റിഫണ്ട് മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം കുറഞ്ഞ് 19,359 കോടി രൂപയായി. സി.ജി.എസ്.ടി ഇനത്തില്‍ 34,076 കോടി രൂപയും എസ്.ജി.എസ്.ടി ഇനത്തില്‍ 42,854 കോടി രൂപയും ഐ.ജി.എസ്.ടി ഇനത്തില്‍ 97,186 കോടി രൂപയും സെസ് ഇനത്തില്‍ 12,199 രൂപയും പിരിച്ചതായും കണക്കുകള്‍ പറയുന്നു. ഇക്കൊല്ലം ഏപ്രിലില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ജി.എസ്.ടി വരുമാനമായ 2.37 ലക്ഷം കോടി രൂപയും സര്‍ക്കാര്‍ നേടിയിരുന്നു.

കേരളത്തിനും മുന്നേറ്റം

ഓഗസ്റ്റിലെ ജി.എസ്.ടി പിരിവില്‍ കേരളം മികച്ച നേട്ടമുണ്ടാക്കിയെന്നും കണക്കുകള്‍ പറയുന്നു. ഓഗസ്റ്റില്‍ 2,723 രൂപയാണ് ജി.എസ്.ടി ഇനത്തില്‍ കേരളം പിരിച്ചത്. 2024 ഓഗസ്റ്റില്‍ 2,511 കോടി രൂപയായിരുന്നു കേരളത്തിന്റെ പിരിവ്. മുന്‍വര്‍ഷത്തേക്കാള്‍ 8 ശതമാനം വര്‍ധന. കഴിഞ്ഞ മാസം സംസ്ഥാനത്തിന്റെ ജി.എസ്.ടി പിരിവ് (State GST revenue) കേന്ദ്ര ജി.എസ്.ടിയില്‍ നിന്നുള്ള സംസ്ഥാന വിഹിതം (SGST portion of IGST) എന്നിവയിലൂടെ കേരളത്തിന് 13,319 കോടി രൂപയും ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ കേരളത്തിന് കിട്ടിയത് 13,252 കോടി രൂപയായിരുന്നു. 1 ശതമാനം വര്‍ധന. ജൂലൈയില്‍ 10,516 കോടി രൂപയായിരുന്നു ഇത്തരത്തില്‍ കിട്ടിയത്.

സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ മുന്നിലെത്തിയത് ഇക്കുറിയും മഹാരാഷ്ട്രയാണ്. 28,900 കോടി രൂപയാണ് മഹാരാഷ്ട്രയുടെ സംഭാവന. 14,204 കോടി രൂപയുമായി കര്‍ണാടകയാണ് രണ്ടാം സ്ഥാനത്ത്. 11,057 കോടി രൂപയുമായി തമിഴ്‌നാടും 10,992 കോടി രൂപയുമായി ഗുജറാത്തും തൊട്ടുപിന്നിലുണ്ട്.

കൗണ്‍സില്‍ യോഗം മൂന്നിന്

ജി.എസ്.ടി നിരക്ക് പരിഷ്‌ക്കരണത്തില്‍ തീരുമാനമെടുക്കാനുള്ള ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേരുന്നതിന് രണ്ട് ദിവസം മുമ്പാണ് മന്ത്രാലയം കണക്ക് പുറത്തുവിട്ടത്. നിലവില്‍ അഞ്ച് സ്ലാബുള്ള ജി.എസ്.ടി നിരക്കുകള്‍ കൂടുതല്‍ ലളിതമായ രണ്ട് സ്ലാബിലേക്ക് മാറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. ആഡംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം ദുര്‍ഗുണ നികുതി (Sin Tax)യും ചുമത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ പുതിയ പരിഷ്‌ക്കാരം വരുമ്പോള്‍ വരുമാന നഷ്ടമുണ്ടാകുമെന്നും ഇത് നികത്താന്‍ ജി.എസ്.ടി നഷ്ടപരിഹാരം ഏര്‍പ്പെടുത്തണമെന്നും കേരളം അടക്കമുള്ള എട്ടോളം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജി.എസ്.ടി നിരക്കിലെ കുറവ് സാധാരണക്കാരിലെത്താനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന കൗണ്‍സില്‍ യോഗം നിര്‍ണായകമാകും.

India’s GST mop-up rose 6.5% year-on-year to ₹1.86 lakh crore in August, with Kerala posting a strong surge in revenues, boosting state finances.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT