x.com/SukhuSukhvinder
Economy

സൗജന്യം വാഗ്ദാനം ചെയ്ത് അധികാരത്തില്‍, ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളംപോലും താളംതെറ്റി; ഹിമാചല്‍പ്രദേശില്‍ എന്താണ് സംഭവിക്കുന്നത്?

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് സുഖു സര്‍ക്കാര്‍, സൗജന്യങ്ങള്‍ പലതും പിന്‍വലിച്ചത് ജനങ്ങളുടെ അപ്രീതിക്കും കാരണമായി

Dhanam News Desk

കടംവാങ്ങി കൂട്ടി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാര്യത്തില്‍ കേരളത്തിനൊരു പിന്‍ഗാമിയുണ്ട്. തിരുവനന്തപുരത്ത് നിന്ന് 3,214 കിലോമീറ്റര്‍ അകലെയുള്ള ഹിമാചല്‍പ്രദേശാണ് കടംവാങ്ങി നട്ടംതിരിയുന്നത്. സൗജന്യ വാഗ്ദാനവുമായി അധികാരത്തിലെത്തിയ സുഖ്‌വീന്ദര്‍ സിംഗ് സുഖു സര്‍ക്കാരിനാണീ ദുര്‍ഗതി. അധികാരത്തിലേക്കുള്ള വഴിയില്‍ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങളാണ് സര്‍ക്കാരിനെ കെണിയിലാക്കിയത്.

ബി.ജെ.പിയും കോണ്‍ഗ്രസും മാറിമാറി ഭരിക്കുന്ന സംസ്ഥാനമാണ് ഹിമാചല്‍പ്രദേശ്. 2018ല്‍ സംസ്ഥാനത്തിന്റെ പൊതുകടം 47,906 കോടി രൂപയായിരുന്നു. എന്നാലിത് 2023 എത്തിയപ്പോള്‍ 76,650 കോടി രൂപയും 2024ല്‍ 86,589 കോടിയുമായി. അടുത്ത സാമ്പത്തികവര്‍ഷം കടം ഒരു ലക്ഷം കോടിയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.

രണ്ടു ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കാലംതെറ്റിയാണ് ശമ്പളം നല്‍കുന്നത്. 1.5 ലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്കും സമാനമാണ് അവസ്ഥ. കടം വാങ്ങിയും മറ്റുമാണ് പലപ്പോഴും സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. വോട്ടര്‍മാരെ ആകര്‍ഷിക്കാനായി നടത്തിയ പ്രഖ്യാപനങ്ങളാണ് സര്‍ക്കാരിന്റെ നട്ടെല്ലൊടിച്ചത്.

സൗജന്യത്തില്‍ താളംതെറ്റി

2022ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 40 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് സുഖു സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ബി.ജെ.പിയില്‍ നിന്ന് അധികാരം കോണ്‍ഗ്രസിലേക്ക് എത്തിയതോടെ കേന്ദ്രത്തില്‍ നിന്നുള്ള വരിഞ്ഞുമുറുക്കലും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള ചര്‍ച്ചകളും ഉയര്‍ന്നു. ബജറ്റിലെ മൊത്ത വിഹിതത്തിന്റെ 67 ശതമാനം തുകയും ശമ്പളം, പെന്‍ഷന്‍, വായ്പകളുടെ പലിശ എന്നിവയ്ക്കായി മാറ്റിവയ്‌ക്കേണ്ടിവരുന്നു. മുമ്പു തന്നെ അപകടകരമായ രീതിയിലായിരുന്നു സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം മുന്നോട്ടുപോയിരുന്നതെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ജനപ്രിയ പദ്ധതികള്‍ പ്രതിസന്ധി രൂക്ഷമാക്കി.

വനിതകള്‍ക്കായി പ്രതിമാസം 1,500 രൂപ, 300 യൂണിറ്റ് വൈദ്യുതി സൗജന്യം, പഴയ പെന്‍ഷന്‍ സ്‌കീമിലേക്കുള്ള തിരിച്ചുപോക്ക് എന്നിവയെല്ലാം ചേര്‍ന്നതോടെ ഖജനാവ് കാലിയാകാന്‍ തുടങ്ങി. പല വാഗ്ദാനങ്ങളും പാലിക്കാന്‍ സാധിക്കാതെ വന്നതോടെ ജനരോക്ഷവും ഉയര്‍ന്നുതുടങ്ങി.

സൗജന്യങ്ങള്‍ പലതും വെട്ടിക്കുറച്ച് പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വൈദ്യുതി സബ്‌സ്ഡി ബി.പി.എല്‍ വിഭാഗങ്ങള്‍ക്കു മാത്രമായി നിജപ്പെടുത്തി. വനിതകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ബസുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സൗജന്യം എടുത്തുകളഞ്ഞ് 50 ശതമാനം ചാര്‍ജ് ഈടാക്കി തുടങ്ങി. 50,000 രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരില്‍ നിന്ന് വെള്ളത്തിന് പ്രതിമാസം 100 രൂപ വീതം ഈടാക്കി തുടങ്ങി. നേരത്തെ വെള്ളം സൗജന്യമായിരുന്നു.

അധികാരം പിടിക്കാന്‍ സൗജന്യങ്ങള്‍ മാത്രം മതിയെന്ന തിരിച്ചറിവിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഏറ്റവും കൂടുതല്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നവര്‍ അധികാരത്തിലെത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളും കടക്കെണിയിലേക്ക് വീഴാന്‍ കാരണവും ഈ സൗജന്യങ്ങള്‍ തന്നെയാണ്. ഹിമാചല്‍പ്രദേശിന് സംഭവിച്ചത് വരുംകാലങ്ങളില്‍ മഹാരാഷ്ട്രയിലും മധ്യപ്രദേശിലും തമിഴ്‌നാട്ടിലുമൊക്കെ ആവര്‍ത്തിച്ചേക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT