cars Image Courtesy: Canva
Economy

രണ്ടു തരം ഇന്ത്യയുടെ കഥ; സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള വിടവ് വര്‍ധിച്ചു വരുന്നു

ഇന്ത്യയിലെ സമ്പന്ന വിഭാഗത്തിന്റെ എണ്ണം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 ദശലക്ഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്

Dhanam News Desk

കൗതുകകരമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യന്‍ വിപണി. സാധാരണക്കാരുടെ വിപണി പ്രതിസന്ധിയിലായിരിക്കുമ്പോള്‍ ആഡംബരവിപണി വളരുകയാണ്. ഓട്ടോമൊബൈല്‍, റിയല്‍ എസ്റ്റേറ്റ്, റീറ്റെയ്ല്‍ വിപണി എന്നിവയിലാണ് ഇത് കൂടുതല്‍ പ്രതിഫലിക്കുന്നത്. എസ്‌യുവികള്‍, ആഡംബര കാറുകള്‍, ആഡംബര ഫ്ളാറ്റുകള്‍, ആഡംബര വസ്തുക്കള്‍ എന്നിവയുടെ വില്‍പ്പന രാജ്യത്തുടനീളം കൂടുമ്പോള്‍ ചെറുകാറുകള്‍, ഫ്ളാറ്റുകള്‍, എഫ്എംസിജി എന്നിവയുടെ വില്‍പ്പന കുറയുന്നു.വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ, ശമ്പള മുരടിപ്പ്, കാറുകളുടെ ഉയര്‍ന്ന വില എന്നിവയെല്ലാം ദശലക്ഷക്കണക്കിന് പേര്‍ക്ക് കാര്‍ താങ്ങാനാവാത്ത ഒന്നാക്കി മാറ്റുന്നു.

കാര്‍ വില കൂടുന്നു. ആഢംബര ഫ്ളാറ്റുകള്‍ക്ക് പ്രിയം

ഉദാഹരണത്തിന് 2016ല്‍ 2.8-4.4 ലക്ഷം രൂപയ്ക്ക് വിറ്റിരുന്ന മാരുതി സെലേറിയോയുടെ ഇപ്പോഴത്തെ വില 5.6 മുതല്‍ 6.7 ലക്ഷം രൂപ വരെയാണ്. ഇന്ത്യയിലെ സമ്പന്ന വിഭാഗത്തിന്റെ എണ്ണം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയോളം വളര്‍ന്ന് ഏകദേശം 100 ദശലക്ഷത്തിലെത്തുമെന്ന് ഒരു ഗ്രാന്‍ഡ് തോര്‍ട്ടണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അത് പ്രീമിയം കാറുകളുടെ വില്‍പ്പനയ്ക്ക് കരുത്തേകും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യത്തിനിടയിലും ആഡംബര ഫ്ളാറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ട്.

ഡല്‍ഹിക്കടുത്ത് ഗുരുഗ്രാമിലെ ദി ട്രംപ് റസിഡന്‍സസിലെ മിക്ക വീടുകളും ഉദ്ഘാടന ദിവസം തന്നെ വിറ്റുപോയി. ഏകദേശം 3,250 കോടി രൂപയുടെ ബിസിനസ്. ഇതിന്റെ ലോഞ്ചിന് ശേഷം ഒരു മാസത്തിനുള്ളില്‍ എട്ട് മുതല്‍ 15 കോടി രൂപ വരെ വിലയുള്ള 298 യൂണിറ്റുകളാണ് വിറ്റുപോയത്. അടുത്തിടെ, ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ ഗുരുഗ്രാമിലെ ഡിഎല്‍എഫിന്റെ പ്രോജക്ടില്‍ ചതുരശ്രയടിക്ക് 1,14,068 രൂപ വിലയുള്ള 6000 ചതുരശ്രയടി വിസ്തൃതിയുള്ള അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കിയിരുന്നു. രണ്ടുതരം ഇന്ത്യയുടെ കഥയാണിത്.

രണ്ട് തരം എന്തു കൊണ്ട് ?

എന്തുകൊണ്ടാണ് ഈ രണ്ടുതരം അവസ്ഥ? അതിന് നിരവധി കാരണങ്ങളുണ്ട്. അതിവേഗത്തില്‍ വളരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, രാജ്യത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഒരു ചെറുവിഭാഗം ഉന്നത വര്‍ഗത്തെ സൃഷ്ടിച്ചു. അതിസമ്പന്നരായ ആളുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഉയര്‍ന്ന നിലവാരത്തിലുള്ള റിയല്‍ എസ്റ്റേറ്റ്, ആഡംബര കാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആഡംബര വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ആവശ്യകത വര്‍ധിപ്പിച്ചു. ഇന്ത്യയിലെ വളരുന്ന ഇടത്തരക്കാരും മാറുന്ന ജീവിത ശൈലികളും ആഗ്രഹങ്ങളുമെല്ലാം ആഡംബര മേഖലയെയും സ്വാധീനിക്കുന്നു.

ഇന്ത്യന്‍ നഗര ഉപഭോക്താക്കളില്‍ മൂന്നില്‍ രണ്ടിലേറെ പേരും സാമ്പത്തിക സമ്മര്‍ദ്ദം നേരിടുകയാണെന്നും അവര്‍ ഗാര്‍ഹിക ദൈനംദിന ഉല്‍പ്പന്നങ്ങളും വ്യക്തിഗത ഉല്‍പ്പന്നങ്ങളും വാങ്ങുന്നത് മാറ്റിവെയ്ക്കുകയാണെന്നും കോള്‍ഗേറ്റ് പാല്‍മോലീവ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ പ്രഭ നരസിംഹം പറയുന്നു. അതേസമയം 30 ശതമാനം പേര്‍ക്ക് വലിയ പ്രശ്നമില്ലെന്നും അവര്‍ പറയുന്നു. സമ്പന്നരും ഇടത്തരക്കാരും തമ്മിലുള്ള വിടവ് വര്‍ധിച്ചു വരുന്നതിന്റെ സൂചനകളാണിവ. ഈ മാറ്റം അനിയന്ത്രിതമാകുന്നതിന് മുമ്പ് സര്‍ക്കാര്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്.

(ധനം മാഗസിന്‍ ജൂണ്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT