Economy

ട്രംപ് ചുങ്കം ഇന്ത്യയെ എങ്ങനെ ബാധിക്കും? ലോകം വ്യാപാര യുദ്ധത്തിന്റെ വാതില്‍പടിയില്‍?

ഇന്ത്യക്കു മുന്നില്‍ പലവിധ വെല്ലുവിളികള്‍; ഒപ്പം, ചില അവസരങ്ങള്‍

A.S. Sureshkumar

വ്യാപാര യുദ്ധത്തിന്റെ വാതില്‍പടിയിലാണോ ലോകം? യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മൂന്നു പ്രമുഖ രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഇറക്കുമതി ചുങ്കം ചുമത്തിയതോടെ ആഗോള തലത്തില്‍ ആശങ്ക വര്‍ധിക്കുകയാണ്. ഇന്ത്യ അടക്കം കൂടുതല്‍ രാജ്യങ്ങള്‍ ട്രംപിന്റെ 'ഹിറ്റ് ലിസ്റ്റില്‍' ഉണ്ട്. ട്രംപിന് മൂക്കുകയറിടാനുള്ള ശ്രമങ്ങള്‍ മറുവശത്ത്. ഇത്തരത്തില്‍ ആഗോള വ്യാപാര രംഗം കലങ്ങിയത് ഇന്ത്യക്ക് വെല്ലുവിളിയോ, അവസരമോ?

രൂപ, ഓഹരി വിപണി, കയറ്റിറക്കുമതി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി മൂന്നു മേഖലകളിലാണ്. ഒന്ന്, ഡോളറിന്റെ മുന്നേറ്റത്തിനിടയില്‍ രൂപയുടെ മൂല്യത്തകര്‍ച്ച. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റ പ്രവണതയാണ് രണ്ടാമത്തെ വെല്ലുവിളി. കയറ്റിറക്കുമതി രംഗത്തെ ആശങ്കകള്‍ ഇന്ത്യയിലെ വ്യവസായ വളര്‍ച്ചയേയും നിക്ഷേപ സാഹചര്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനൊപ്പം ചില അവസരങ്ങള്‍ തുറന്നു കിട്ടുന്നുമുണ്ട്.

മത്‌സരം കടുക്കുന്നു

രൂപയുടെ തകര്‍ച്ച സര്‍വകാല റെക്കോര്‍ഡില്‍ എത്തുന്നതാണ് തിങ്കളാഴ്ച കണ്ടത്. ഒരു ഡോളര്‍ കിട്ടാന്‍ 87 രൂപ 17 പൈസയെങ്കിലും കൊടുക്കേണ്ട സ്ഥിതി. ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്ന ഇനങ്ങളുടെ ലാഭം കുറയുകയും കയറ്റുമതി ചെലവു വര്‍ധിക്കുകയും ചെയ്യും. ഇറക്കുമതി ചെലവ് കൂടുകയും, അത് ആഭ്യന്തര വിപണിയില്‍ വിലക്കയറ്റത്തിനും വില്‍പന മാന്ദ്യത്തിനും ഇടയാക്കുകയും ചെയ്യും. പുറംവിപണിയോട് മത്‌സരിക്കാന്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ കൂടുതല്‍ പ്രയാസപ്പെടും.

നിക്ഷേപകര്‍ പിന്മാറുമ്പോള്‍

രൂപയുടെ മൂല്യം കുറയുകയും ഡോളറിന് പ്രിയം ഏറുകയും ചെയ്തതോടെ, ഓഹരി വിപണിയില്‍ കുറെ നാളായി വിദേശ നിക്ഷേപകരുടെ പണം പിന്‍വലിക്കല്‍ വര്‍ധിച്ചിട്ടുണ്ട്. ഈ പ്രവണതക്ക് ആക്കം കൂടുകയാണ്. ഉപഭോഗ മാന്ദ്യം മൂലം ഇന്ത്യന്‍ സംരംഭങ്ങളുടെ ലാഭവും വളര്‍ച്ചയും കുറയുന്നുവെന്നാണ് കണക്കുകള്‍. ഇതത്രയും വിദേശ നിക്ഷേപകരുടെ മനോഭാവത്തിന് ശക്തി പകരും. സ്വദേശ നിക്ഷേപകരുടെ മനോഭാവത്തിലും ബജറ്റിന് ശേഷം മാറ്റം വരുകയാണ്.

ഇന്ത്യന്‍ വ്യവസായങ്ങളുടെ കാര്യം

മെക്‌സിക്കോ, കാനഡ എന്നിവക്കു മേല്‍ 25ഉം ചൈനക്കു മേല്‍ 10ഉം ശതമാനം ഇറക്കുമതി തീരുവയാണ് ട്രംപ് അടിച്ചേല്‍പിച്ചത്. ഇതോടെ അമേരിക്കന്‍ വിപണി സാധ്യതകള്‍ക്ക് മങ്ങലേറ്റ ഈ രാജ്യങ്ങളിലെ കമ്പനികള്‍ മറ്റു വിപണികളിലേക്ക് കൂടുതലായി തള്ളിക്കയറാന്‍ ശ്രമിക്കുമെന്ന് വ്യക്തമാണ്. ഇത് വിവിധ ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ദോഷകരമാണ്.

മുതല്‍മുടക്കാന്‍ വരട്ടെ

ആഗോള വ്യാപാര രംഗം കലങ്ങിയതിനാല്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ പുതിയ മുതല്‍മുടക്കിനും നിക്ഷേപ തീരുമാനങ്ങള്‍ക്കും വികസന പരിപാടികള്‍ക്കും മടിച്ചേക്കാം. മൂലധനം മുടക്കാന്‍ മടിക്കുന്ന ഈ സ്ഥിതി സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ക്ക് മങ്ങലേല്‍പിച്ചേക്കും. അതിന്റെ മറ്റൊരു ദോഷഫലം, ഉപഭോഗ വര്‍ധനവ് പ്രതീക്ഷിച്ചതു പോലെ ഉണ്ടാകണമെന്നില്ല എന്നതു മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയേയും ബാധിക്കാം.

ട്രംപ്-മോദി ചര്‍ച്ചയുടെ ഗതിയെന്താവും?

'നികുതി നിര്‍മാതാക്കളാ'യ രാജ്യങ്ങളുടെ ട്രംപ് പട്ടികയില്‍ ഇന്ത്യയും ഉണ്ട്. ആദ്യഘട്ട തീരുവ വര്‍ധനവില്‍ ഇന്ത്യയെ ട്രംപ് പെടുത്തിയില്ല എന്നു മാത്രം. അമേരിക്കയുമായി നീക്കുപോക്ക് ചര്‍ച്ചകള്‍ക്ക് അത് ഇന്ത്യക്ക് അവസരം നല്‍കുന്നുണ്ട്. അമേരിക്കന്‍ വിപണികളില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് മെച്ചപ്പെട്ട പരിണനയും അവസരവും മോദി-ട്രംപ് ചര്‍ച്ചയിലും മറ്റുമായി നേടിയെടുക്കുന്നതിലാണ് കേന്ദ്രസര്‍ക്കാറിന്റെ മിടുക്ക്. മെക്‌സിക്കോക്കും ചൈനക്കും കാനഡക്കും നഷ്ടപ്പടുന്ന അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ ഇടം നേടിയെടുക്കാനുള്ള അവസരം തുറന്നു കിട്ടുമോ എന്നതും കാത്തിരുന്നു കാണേണ്ട കാര്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT