Image : Canva 
Economy

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എങ്ങനെ നടത്താം, ഗുണങ്ങള്‍ എന്തൊക്കെ?

ലളിതവും ഏറ്റവും മികച്ചതുമായ നിക്ഷേപമാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍

Dhanam News Desk

കഴിഞ്ഞ ലക്കങ്ങളില്‍ നമ്മള്‍ ചര്‍ച്ച ചെയ്തത് മറന്നില്ലല്ലോ? സമ്പാദ്യവും നിക്ഷേപവും തമ്മിലുള്ള വ്യത്യാസമെന്താണ്, എമര്‍ജന്‍സി ഫണ്ടിന്റെ പ്രാധാന്യം, വ്യത്യസ്ത സമ്പാദ്യ പദ്ധതികള്‍ തുടങ്ങിയവയൊക്കെ നാം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇനി നിക്ഷേപ മാര്‍ഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ഒരു ആസ്തിയില്‍ നിക്ഷേപിച്ച് അതില്‍ നിന്ന് പണപ്പെരുപ്പത്തോതിനേക്കാള്‍ ഉയര്‍ന്ന നേട്ടം ലഭിക്കുകയും അതുവഴി സമ്പത്ത് സൃഷ്ടിക്കാന്‍ പറ്റുകയും ചെയ്യുക എന്നതാണ് നിക്ഷേപത്തിന്റെ ലക്ഷ്യം തന്നെ. ഭാവിയില്‍ വില ഉയരുന്ന ആസ്തി വാങ്ങുന്നതും ഇതിന്റെ പരിധിയില്‍ വരുന്നതാണ്.

നിക്ഷേപങ്ങള്‍ പൊതുവെ ദീര്‍ഘകാല അടിസ്ഥാനത്തിലായിരിക്കണം. ഓഹരികള്‍, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ബിസിനസില്‍ പങ്കാളികളാകല്‍ എന്നിവയൊക്കെ നിക്ഷേപമാര്‍ഗങ്ങളില്‍ വരും. ഉയര്‍ന്ന റിസ്‌കുള്ള നിക്ഷേപമാര്‍ഗങ്ങളില്‍ നിന്ന് ഉയര്‍ന്ന നേട്ടവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മൂലധന നേട്ടം, ഡിവിഡന്റ്, പലിശ, വാടക വരുമാനം, റോയല്‍റ്റി എന്നിങ്ങനെ നിക്ഷേപങ്ങളില്‍ നിന്നും പല വിധത്തിലുള്ള റിട്ടേണുകള്‍ ലഭിക്കാം.

ലളിതമാണ്, മികച്ചതും

വിവിധ നിക്ഷേപ മാര്‍ഗങ്ങളില്‍ മ്യൂച്വല്‍ ഫണ്ടുകളെ പ്രത്യേകമായൊന്ന് പരിശോധിക്കാം. ചെറു നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ലളിതവും എന്നാല്‍ മികച്ചതുമായ നിക്ഷേപമാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. അനേകായിരം നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച പണം കൊണ്ട് മ്യുച്വല്‍ ഫണ്ടുകള്‍ നിരവധി കമ്പനികളുടെ ഓഹരികളും ബോണ്ടുകളും മറ്റ് സെക്യൂരിറ്റി നിക്ഷേപങ്ങളുമെല്ലാമുള്ള അങ്ങേയറ്റം വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോ സൃഷ്ടിക്കും. ഓരോ ഫണ്ടും കൈകാര്യം ചെയ്യുന്നത് അങ്ങേയറ്റം പ്രൊഫഷണലായ ഒരു ഫണ്ട് മാനേജരാകും. നിക്ഷേപം നടത്തേണ്ട രീതി, റിസ്‌ക് മാനേജ്മെന്റ് തുടങ്ങിയവയ്ക്കെല്ലാം കര്‍ശന ചട്ടങ്ങളും ഇവയ്ക്കുണ്ട്. ഒരാള്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ആ ഫണ്ടിന്റെ യൂണിറ്റുകളാണ് ലഭിക്കുന്നത്. മ്യൂച്വല്‍ ഫണ്ട് യൂണിറ്റിന്റെ മൂല്യത്തെ നെറ്റ് അസറ്റ് വാല്യു (എന്‍.എ.വി) എന്നാണ് അറിയപ്പെടുന്നത്. ഫണ്ടിലുള്ള ആസ്തികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി എന്‍.എ.വി മാറിക്കൊണ്ടിരിക്കും. ഡിവിഡന്റായും എന്‍.എ.വിയിലുണ്ടാകുന്ന വര്‍ധനവായും മ്യൂച്വല്‍ ഫണ്ടില്‍ നിന്നും നേട്ടം ലഭിക്കാം. ഏറ്റവും റിസ്‌ക് കുറഞ്ഞ ലാര്‍ജ് ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ശരാശരി 18 ശതമാനവും 10 വര്‍ഷത്തിനുള്ളില്‍ 15 ശതമാനത്തോളവും റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പിന്‍വലിച്ചാല്‍ ശരാശരി മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പണം നിക്ഷേപകന്റെ എക്കൗണ്ടില്‍ എത്തും. മറ്റു സമ്പാദ്യത്തിനെ അപേക്ഷിച്ച് മികച്ച നേട്ടം ലഭിക്കുമെന്ന് മാത്രമല്ല, നമ്മുടെ കയ്യിലുള്ള പണത്തിന്റെ തോതനുസരിച്ച് എത്ര വേണമെങ്കിലും നിക്ഷേപിക്കുകയും ചെയ്യാം.

നിക്ഷേപ രീതികള്‍

1. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്‌ഐപി): നിശ്ചിത തുക കൃത്യമായ ഇടവേളകളില്‍ തുടര്‍ച്ചയായി നിക്ഷേപിക്കുന്ന രീതി. ഉദാഹരണത്തിന് എല്ലാ മാസവും പത്താം തിയതി 1,000 രൂപ നിക്ഷേപിച്ചുകൊണ്ടേയിരിക്കുക. ഇതുകൊണ്ട് ഗുണങ്ങള്‍ പലതുണ്ട്. അച്ചടക്കത്തോടെ, കൃത്യമായ ഇടവേളകളില്‍ നിക്ഷേപം നടത്താന്‍ പറ്റും. മാത്രമല്ല ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍ക്ക് അനുസരിച്ചുള്ള ആവറേജിംഗിന്റെ ഗുണവും കിട്ടും. (അതായത് ഓഹരി വിലകള്‍ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ സ്വാഭാവികമായും ഒരു യൂണിറ്റിന്റെ വിലയും ഉയരും. അപ്പോള്‍ നിക്ഷേപിക്കുന്ന പണത്തിന് കുറച്ച് യൂണിറ്റുകളേ കിട്ടൂ. വില താഴുമ്പോള്‍ യൂണിറ്റ് വില താഴും. നിക്ഷേപതുകയ്ക്ക് കൂടുതല്‍ യൂണിറ്റ് കിട്ടും. നിക്ഷേപകന്‍ സ്വന്തമാക്കുന്ന മൊത്തം യൂണിറ്റിന്റെ ശരാശരി വില കുറവായിരിക്കും).

ശേഷം അടുത്ത ലക്കത്തില്‍. 

(തയാറാക്കിയത്: റിസര്‍ച്ച് ഡിവിഷന്‍, അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ ലിമിറ്റഡ്)

(ജൂണ്‍ 15 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT