Economy

അംബാനിയുടെ സമ്പത്തില്‍ 10% ഇടിവ്, കുതിച്ചുകയറി അദാനി; ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടികയില്‍ വലിയ മാറ്റങ്ങള്‍

വിസ്പര്‍ ഫ്‌ളോയുടെ സ്ഥാപകരായ തനയ് കോത്താരിയും സഹജ് ഗാര്‍ഗും 4,200 കോടി വീതം സമ്പത്തുമായി പട്ടികയില്‍ പ്രവേശിച്ചു.

Dhanam News Desk

ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ ഒന്നാംസ്ഥാനം തിരികെ പിടിച്ച് ഗൗതം അദാനി കുടുംബം. മുകേഷ് അംബാനിയെയും കുടുംബത്തെയും പിന്തള്ളിയാണ് അദാനി ഒന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നത്. സെപ്റ്റംബര്‍ 23ന് പുറത്തുവന്ന പുതിയ എഡിഷനില്‍ അദാനിയുടെ ആസ്തിയില്‍ 13 ശതമാനം വര്‍ധിച്ച് 9.23 ലക്ഷം കോടിയായി ഉയര്‍ന്നു. അതേസമയം, അംബാനിയുടെ ആസ്തിയില്‍ 10 ശതമാനത്തിന്റെ ഇടിവുണ്ടായി. നിലവില്‍ 8.63 ലക്ഷം കോടിയാണ് ആസ്തി.

പുതിയ എഡിഷനില്‍ ഇന്ത്യയില്‍ നിന്ന് 1,810 വ്യക്തികള്‍ 1,000 കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ളവരുടെ പട്ടികയില്‍ ഇടംപിടിച്ചു. ഇവരുടെയെല്ലാം കൂടി ആസ്തി ഒരു വര്‍ഷത്തിനിടെ 12.8 ശതമാനം വര്‍ധിച്ച് 187.5 ലക്ഷം കോടിയായി ഉയര്‍ന്നു.

മിത്തല്‍ ടോപ് 3ല്‍

സമ്പന്നരുടെ പട്ടികയില്‍ ലക്ഷ്മി മിത്തലാണ് മൂന്നാംസ്ഥാനത്ത്. എട്ടു സ്ഥാനങ്ങള്‍ മുന്നോട്ടുകയറിയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. ആസ്തിയില്‍ ഇക്കാലയളവില്‍ 93 ശതമാനം വര്‍ധന രേഖപ്പെടുത്തി 3.39 ലക്ഷം കോടി രൂപയായി. യൂറോപ്യന്‍ സ്റ്റീല്‍ വ്യവസായത്തില്‍ അനുകൂല കാലാവസ്ഥയാണ് മിത്തലിന് നേട്ടമായത്.

വേദാന്ത റിസോഴ്‌സസ് ലിമിറ്റഡിന്റെ അനില്‍ അഗര്‍വാള്‍ 87 ശതമാനം ഉയര്‍ന്ന് 2.08 ലക്ഷം കോടിയുമായി ഒന്‍പതാം സ്ഥാനത്തെത്തി. ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സമീര്‍ മേത്തയും കുടുംബവും 1.89 ലക്ഷം കോടി സമ്പത്തുമായി ആദ്യ പത്തില്‍ ഇടംനേടി.

എഐയില്‍നിന്ന് 19 സമ്പന്നര്‍

നിര്‍മിതബുദ്ധി (എഐ) ആദ്യമായി പട്ടികയില്‍ പ്രത്യേക മേഖലയായി ഇടംപിടിച്ചു. ഈ മേഖലയില്‍നിന്നുള്ള 19 പേരുടെ ആകെ സമ്പത്ത് 3.07 ലക്ഷം കോടിയാണ്. ഇവരില്‍ 15 പേരും പുതുതായി പട്ടികയിലെത്തിയവരാണ്.

വിസ്പര്‍ ഫ്‌ളോയുടെ സ്ഥാപകരായ തനയ് കോത്താരിയും സഹജ് ഗാര്‍ഗും 4,200 കോടി വീതം സമ്പത്തുമായി പട്ടികയില്‍ പ്രവേശിച്ചു. പുതുതായി എത്തിയ എഐ സംരംഭകരുടെ ആകെ സമ്പത്ത് 1.82 ലക്ഷം കോടിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പട്ടികയിലെ 1,266 പേര്‍ സ്വയം വളര്‍ന്ന സംരംഭകരാണ്. 166 പേരുമായി വ്യാവസായിക ഉല്‍പന്ന മേഖലയാണ് എണ്ണത്തില്‍ മുന്നില്‍. കെമിക്കല്‍സ് മേഖലയില്‍നിന്ന് 142 പേരും ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയില്‍നിന്ന് 136 പേരുമുണ്ട്. നഗരങ്ങളില്‍ മുംബൈയാണ് മുന്നില്‍ 465 പേര്‍. ന്യൂഡല്‍ഹിയില്‍നിന്ന് 236 പേരും ബെംഗളൂരുവില്‍നിന്ന് 129 പേരും പട്ടികയിലുണ്ട്. വനിതകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 100ല്‍നിന്ന് 131 ആയി ഉയര്‍ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT