2026-27 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനം (GDP) 6.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ് (Moody's). ജി 20 രാജ്യങ്ങളിൽ വെച്ച് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് മൂഡീസിന്റെ വിലയിരുത്തല്‍. ശക്തമായ ആഭ്യന്തര ഉപഭോഗം, സർക്കാർ നടപ്പിലാക്കിയ നയപരമായ നടപടികൾ, സ്ഥിരതയുള്ള ബാങ്കിംഗ് സംവിധാനം എന്നിവയാണ് ഈ വളർച്ചയുടെ പ്രധാന ഘടകങ്ങൾ.
2025 സെപ്റ്റംബറിലെ ജിഎസ്ടി (GST) പരിഷ്കരണവും മുമ്പ് വ്യക്തിഗത ആദായനികുതി പരിധി ഉയർത്തിയ നടപടിയും ഉപഭോക്താക്കളുടെ ചെലവാക്കാനുള്ള ശേഷി വർദ്ധിപ്പിക്കാൻ സഹായിച്ചു. ബാങ്കിംഗ് മേഖലയെ സംബന്ധിച്ച് 2026 ൽ മികച്ച പ്രവർത്തന സാഹചര്യമുണ്ടാകുമെന്ന് മൂഡീസ് പ്രതീക്ഷിക്കുന്നു. വായ്പാ വളർച്ച 11 മുതൽ 13 ശതമാനം വരെയാകാൻ സാധ്യതയുണ്ട്. ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ (MSME) ചില സാമ്പത്തിക സമ്മർദ്ദങ്ങൾ പ്രകടമാണെങ്കിലും, ഏത് വായ്പാ നഷ്ടവും നേരിടാൻ ബാങ്കുകൾക്ക് മതിയായ കരുതലുണ്ട്.
കേന്ദ്ര ധന മന്ത്രാലയത്തിന്റെ സാമ്പത്തിക സർവേ പ്രവചിച്ച 6.8-7.2 ശതമാനത്തേക്കാൾ കുറവാണ് മൂഡീസിന്റെ പ്രവചനമെങ്കിലും ശ്രദ്ധേയമായ മുന്നേറ്റമാണ് ഇന്ത്യ ജി 20 രാജ്യങ്ങൾക്കിടയിൽ കാഴ്ചവെക്കുന്നത്. റിസർവ് ബാങ്ക് പലിശ നിരക്കുകൾ 5.25 ശതമാനത്തിലേക്ക് കുറച്ചതും വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. വിശാല സാമ്പത്തിക സാഹചര്യങ്ങളും ഘടനാപരമായ പരിഷ്കാരങ്ങളും ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി നിലനിർത്താൻ സഹായിക്കുന്നതില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്.
India projected to lead G20 in 2026–27 with 6.4% GDP growth, says Moody’s.
Read DhanamOnline in English
Subscribe to Dhanam Magazine