ലോകത്തിന്റെ പെട്രോളിയം കലവറയായ പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേൽ - യു.എസ് സഖ്യവും തമ്മിൽ യുദ്ധം ആരംഭിച്ചതോടെ ഇന്ത്യയും മുൾമുനയിലാണ്. ആഗോള തലത്തിൽ സമുദ്രം വഴിയുള്ള ക്രൂഡോയിൽ കടത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടതും തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 100 ഡോളറിന് മുകളിലേക്ക് ഉയർന്നതും ഇന്ത്യയ്ക്ക് ആശങ്കയേറ്റുന്ന ഘടകങ്ങളാണ്.
രാജ്യത്തിന്റെ പെട്രോളിയം ആവശ്യകതയുടെ 85 ശതമാനത്തിലേറെയും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. അതിനാൽ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ കാരണം ലഭ്യത ഉറപ്പാക്കുന്നതിലെ അനിശ്ചിതത്വവും വിപണിയിൽ ഉയർന്നു നിൽക്കുന്ന ക്രൂഡോയിൽ വിലയും ഇന്ത്യയ്ക്ക് ഇരട്ട ആഘാതമാണ്. ഈയൊരു പശ്ചാത്തലത്തിൽ രാജ്യത്തെ ആഴക്കടൽ എണ്ണ പര്യവേഷണ പദ്ധതികൾ കേന്ദ്ര സർക്കാർ വീണ്ടും ഊർജിതമാക്കുകയാണ്.
ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും പെട്രോളിയത്തിനായുള്ള വിദേശ ആശ്രിതത്വം കുറയ്ക്കുന്നതിനും വേണ്ടി കടലിൽ 2.5 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള മേഖലയിലാണ് ആഴക്കടൽ എണ്ണ/ പ്രകൃതി വാതക പര്യവേഷണം നടത്താൻ പോകുന്നത്. ഇതിനായി കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഒ.എൻ.ജി.സി. 2,000 കോടി ഡോളറിന്റെ (ഏകദേശം 1,90,000 കോടി രൂപ) ആഗോള ടെണ്ടറാണ് വിളിച്ചിരിക്കുന്നത്. ജലനിരപ്പിൽ നിന്നും 12,000 അടി താഴ്ചയിൽ വരെ എണ്ണയുണ്ടോ എന്ന് പരിശോധിക്കാൻ ശേഷിയുള്ള ഡ്രില്ലിംഗ് റിഗ്ഗുകൾക്കായാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.
മാർച്ച് 20ന് ഒ.എൻ.ജി.സി.യുടെ മുംബൈ ഓഫീസിൽ വെച്ചുനടന്ന ബിഡ്ഡിങ്ങിന് മുന്നേയുള്ള യോഗത്തിൽ ഇന്ത്യയിലേയും വിദേശത്തേയും പ്രമുഖ ഡ്രില്ലിംഗ് കമ്പനികൾ പങ്കെടുത്തു. അടുത്ത 80 ദിവസത്തിനുള്ളിൽ റിഗ്ഗുകൾ സജ്ജമാക്കാനാണ് ഒ.എൻ.ജി.സി. ശ്രമിക്കുന്നത്. ഇതിൽ നിന്നും തന്നെ ആഴക്കടൽ എണ്ണ പര്യവേഷണം വർദ്ധിപ്പിക്കേണ്ടതിന്റെ അടിയന്തിരാവസ്ഥ എടുത്തുകാണിക്കുന്നു. അതേസമയം കേന്ദ്ര സർക്കാരിന്റെ സമുദ്ര മന്ഥൻ ദൗത്യത്തിന്റെ ഭാഗമായാണ് ആഴക്കടൽ എണ്ണ പര്യവേഷണ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ആൻഡമാൻ ദ്വീപ സമൂഹത്തിലെ എണ്ണ പര്യേവേഷവും വേഗത്തിലാക്കിയിട്ടുണ്ട്.
ദേശീയ ആഴക്കടൽ പര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമായി 2025-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതാണ് സമുദ്ര മന്ഥൻ പദ്ധതി. ഊർജ സ്രോതസ്സുകൾ സുരക്ഷിതമാക്കുക, രാജ്യത്തിന്റെ ബ്ലൂ ഇക്കോണമി (സമുദ്രവുമായി ബന്ധപ്പെട്ട സാമ്പത്തിക വികസനം) ശക്തിപ്പെടുത്തുക, ആഴക്കടൽ പര്യവേഷണത്തിന് വഴിയൊരുക്കുക എന്നിവയ്ക്കായാണ് സമുദ്ര മന്ഥൻ ദൗത്യം വിഭാവനം ചെയ്തിട്ടുള്ളത്.
2035-ഓടെ പെട്രോളിയം കരുതൽ ശേഖരം 200 കോടി ടൺ ആയി വർധിപ്പിക്കാനും 2047-ഓടെ കരുതൽ ശേഖരം 500 കോടി ടൺ എണ്ണയ്ക്ക് തുല്യമായി ഉയർത്താനുമാണ് സമുദ്ര മന്ഥൻ പദ്ധതിയിൽ ലക്ഷ്യമിട്ടിരിക്കുന്നത്. എന്തായാലും പശ്ചിമേഷ്യൻ യുദ്ധം പെട്രോളിയം ലഭ്യത ഉറപ്പുവരുത്താനുള്ള ഇന്ത്യയുടെ തന്ത്രപരമായ പദ്ധതികളെ വേഗത്തിൽ യാഥാർത്ഥ്യമാക്കാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine