Economy

ബംഗ്ലാദേശുമായി വ്യാപാര കരാര്‍ ഒപ്പിട്ട് യുഎസ്; കിറ്റെക്‌സിനെയും സമാന കമ്പനികളെ എങ്ങനെ ബാധിക്കും?

പുതിയ കരാറില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ചില പ്രത്യേക തുണിത്തരങ്ങള്‍ക്കും കൈത്തറി വസ്ത്രങ്ങള്‍ക്കും പൂജ്യം തീരുവയില്‍ യുഎസ് വിപണിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്

Dhanam News Desk

രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് യുഎസുമായി വ്യാപാര കരാറില്‍ ഒപ്പിട്ട് ബംഗ്ലാദേശ്. കഴിഞ്ഞ ഓഗസ്റ്റില്‍ ബംഗ്ലാദേശിനുള്ള ഇറക്കുമതി തീരുവ 37 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറച്ചിരുന്നു. പുതിയ കരാറില്‍ ബംഗ്ലാദേശിനുള്ള തീരുവ 19 ശതമാനമാണ്. നിലവിലെ തീരുവയില്‍ നിന്ന് ഒരു ശതമാനത്തിന്റെ കുറവ്. ഇന്ത്യയ്ക്കുള്ള 18 ശതമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു ശതമാനം കൂടുതല്‍ താരിഫ് ബംഗ്ലാദേശിനു ചുമത്തിയിട്ടുണ്ട്.

പുതിയ കരാറില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ചില പ്രത്യേക തുണിത്തരങ്ങള്‍ക്കും കൈത്തറി വസ്ത്രങ്ങള്‍ക്കും പൂജ്യം തീരുവയില്‍ യുഎസ് വിപണിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. ഇത് ഗാര്‍മെന്റ്‌സ് കയറ്റുമതിയില്‍ ചില മേഖലകളിലെങ്കിലും ബംഗ്ലാദേശിന് വിപണി മേധാവിത്വം നല്കിയേക്കും.

തുണിത്തരങ്ങള്‍ കൂടാതെ മറ്റ് ചില ബംഗ്ലാദേശി ഉത്പന്നങ്ങള്‍ക്കും യുഎസില്‍ പൂജ്യം തീരുവയില്‍ പ്രവേശനം ലഭിക്കും. ബംഗ്ലാദേശില്‍ നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്കും യുഎസ് സീറോ താരിഫ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ബംഗ്ലാദേശിന്റെ ഇത്തരം കയറ്റുമതി തീരെ ചെറിയ അളവില്‍ മാത്രമാണ്. യുഎസിന് അത്യാവശ്യമുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ കുറച്ചും മറ്റുള്ളവയ്ക്ക് തീരുവ കൂട്ടിയുമുള്ള കരാറാണ് ഒപ്പിട്ടിരിക്കുന്നത്.

യുഎസ് കമ്പനികള്‍ക്ക് സ്വാഗതം

ക്ഷീര, കാര്‍ഷിക മേഖല യുഎസിന് തുറന്നു കൊടുക്കാതിരിക്കാന്‍ ഇന്ത്യ ശ്രദ്ധിച്ചപ്പോള്‍ നേരെ തിരിച്ചുള്ള നിലപാടാണ് ബംഗ്ലാദേശ് സ്വീകരിച്ചത്. കാര്‍ഷിക ഉത്പന്നങ്ങള്‍, വളം, രാസവസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സോയ, പാല്‍ ഉത്പന്നങ്ങള്‍, ബീഫ്, ചിക്കന്‍, പഴങ്ങള്‍ തുടങ്ങി ബംഗ്ലാദേശ് കാര്‍ഷിക മേഖലയെ ബാധിച്ചേക്കാവുന്ന ഇളവുകള്‍ മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ ട്രംപ് ഭരണകൂടത്തിന് അനുവദിച്ചിട്ടുണ്ട്. വലിയ തോതില്‍ യുഎസില്‍ നിന്നുള്ള ഇറക്കുമതി ബംഗ്ലാദേശിനെ ആഭ്യന്തര പ്രക്ഷോഭങ്ങളിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാന കമ്പനിയായ ബിമാന്‍ ബംഗ്ലാദേശിനായി 14 ബോയിംഗ് എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാനും യൂനുസ് ഭരണകൂടം കരാറിലെത്തിയിട്ടുണ്ട്.

ഇന്ത്യ-ബംഗ്ലാദേശ് താരതമ്യം

ബംഗ്ലാദേശിന്റെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനവും ഗാര്‍മെന്റ്‌സ് കയറ്റുമതിയില്‍ നിന്നാണ്. രാജ്യത്തിന്റെ ജിഡിപിയുടെ 10 ശതമാനത്തിന് മുകളില്‍ വരുമിത്. 40 ലക്ഷത്തോളം പേരാണ് വസ്ത്രനിര്‍മാണ ശാലകളില്‍ പണിയെടുക്കുന്നത്. ബംഗ്ലാദേശിനുള്ള തീരുവ കുത്തനെ ഉയര്‍ത്തിയതും രാജ്യത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതും കഴിഞ്ഞ വര്‍ഷം കയറ്റുമതിയെ വലിയ തോതില്‍ ബാധിച്ചിരുന്നു.

ടെക്‌സ്‌റ്റൈല്‍ ഫാക്ടറികള്‍ ശേഷിയുടെ പാതിമാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ കരാറിലൂടെ ടെക്‌സ്റ്റൈല്‍ മേഖലയിലെ മേധാവിത്വം നിലനിര്‍ത്താമെന്ന് ബംഗ്ലാദേശ് കണക്കുകൂട്ടുന്നു.

ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെ അപേക്ഷിച്ച് ഒരു ശതമാനം തീരുവ കുറവാണ്. എന്നാല്‍ ധാക്കയില്‍ നിന്നുള്ള ചില ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ഇളവ് ഉള്ളത് അവര്‍ക്ക് ഗുണകരമാണ്. എന്നിരുന്നാല്‍ തന്നെയും ബംഗ്ലാദേശിനെ അപേക്ഷിച്ച് ഒരുശതമാനം തീരുവയില്‍ കുറവുള്ളത് ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്കന്‍ മാര്‍ക്കറ്റില്‍ മേധാവിത്വം നല്കുമെന്നാണ് പ്രതീക്ഷ.

കിറ്റെക്‌സിനും മറ്റ് കമ്പനികള്‍ക്കും ഗുണമോ?

ബംഗ്ലാദേശിന്റെ കരാര്‍ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ കമ്പനികളെ അത്ര ഗുണകരമായല്ല ഓഹരിവിപണിയില്‍ സ്വാധീനിച്ചിരിക്കുന്നത്. കിറ്റെക്‌സ് ഉള്‍പ്പെടെ ഒട്ടുമിക്ക ഗാര്‍മെന്റ്‌സ് കമ്പനികളുടയും ഓഹരികള്‍ ഇന്ന് ഇടിവിലാണ്. ഉച്ചവരെയുള്ള സമയത്ത് കിറ്റെക്‌സ് ഓഹരിവില അഞ്ച് ശതമാനത്തോളം താഴ്ന്നു. മറ്റൊരു പ്രമുഖ ഗാര്‍മെന്റ് കമ്പനിയായ ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡിനും (Gokaldas Exports Ltd) സമാന തിരിച്ചടിയേറ്റു, ഓഹരിവിലയില്‍ നാലു ശതമാനത്തിനു മുകളില്‍ വീഴ്ച്ച.

കെപിആര്‍ മില്‍സ് ലിമിറ്റഡ് (KPR Mill Ltd), പേജ് ഇന്‍ഡസ്ട്രീസ് (Page Industries Ltd), ലക്‌സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (Lux Industries Ltd) ഓഹരികളും ഇന്ന് തിരിച്ചടി നേരിട്ടു.

US-Bangladesh trade deal impacts Indian textile stocks like Kitex, amid shifting tariff advantages

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT