Economy

യൂറോപ്യന്‍ ബിയര്‍ മുതല്‍ കാര്‍ വരെ വിലകുറയും; ഇന്ത്യയ്ക്ക് വഴി തുറക്കുന്നു, യൂറോപ്യന്‍ വന്‍ മാര്‍ക്കറ്റ്

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പിട്ടത്

Dhanam News Desk

ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും ലോക ജിഡിപിയുടെ 25 ശതമാനവും പ്രതിനിധാനം ചെയ്യുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി. ഇന്ത്യന്‍ കയറ്റുമതിക്ക് വലിയ വിപണി തുറന്നു നല്കുന്ന വ്യാപാര കരാര്‍ രാജ്യത്തിന് വലിയ കുതിപ്പിനുള്ള അവസരമാകുമെന്നാണ് പ്രതീക്ഷ. 'മദര്‍ ഓഫ് ഓള്‍ ഡീല്‍സ്' എന്നു വിശേഷിപ്പിക്കുന്ന കരാര്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയ നേട്ടങ്ങള്‍ ഇരുപക്ഷങ്ങള്‍ക്കും സമ്മാനിക്കുന്നതാണ്.

27 യൂറോപ്യ രാജ്യങ്ങള്‍ അംഗമായ യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ ഇന്ത്യന്‍ കയറ്റുമതിക്ക് ഗതിവേഗം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്യ യൂണിയനില്‍ നിന്ന് പിന്മാറിയ യുകെയുമായി ഇന്ത്യ നേരത്തെ തന്നെ സ്വതന്ത്ര വ്യാപാര കരാറില്‍ എത്തിയിരുന്നു.

കേരളത്തില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും യൂറോപ്യന്‍ വിപണിയിലേക്ക് കടന്നു ചെല്ലാനും ഈ ഡീലിലൂടെ സാധിക്കും. യുഎസിന്റെ 50 ശതമാനം തീരുവയില്‍ സമ്മര്‍ദത്തിലായ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസവും പ്രതീക്ഷയും സമ്മാനിക്കുന്നതാണ് കരാര്‍.

ഏതൊക്കെ മേഖലകളില്‍ ഗുണം?

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പിട്ടത്. യൂറോപ്പിനോട് ശത്രുത മനോഭാവത്തോട് പെരുമാറുന്ന യുഎസിന്റെ തീരുവ നീക്കങ്ങളും കരാര്‍ പെട്ടെന്ന് നടപ്പിലാകാന്‍ കാരണമായി.

ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന 96.6 ശതമാനം ഉത്പന്നങ്ങളുടെയും തീരുവ വെട്ടിക്കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബിയര്‍, വിസ്‌കി, കാര്‍, നിരവധി ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവയുടെ വില ഇതോടെ കുറയും.

ഇരുകൂട്ടരും തമ്മില്‍ പ്രതിരോധ രംഗത്തേക്കും കൂട്ടുകെട്ട് നീളും. യുറോപ്പിനോട് യുഎസ് അകന്ന സമയത്ത് ഇടപെടാന്‍ സാധിച്ചത് ഇന്ത്യയ്ക്ക് നേട്ടമാണ്. ആയുധ നിര്‍മാണത്തിലും സാങ്കേതികവിദ്യ കൈമാറ്റത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കരാര്‍ വഴിയൊരുക്കും.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 75.9 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇത് കുത്തനെ വര്‍ധിക്കാന്‍ പുതിയ കരാര്‍ വഴിയൊരുക്കും.

അമേരിക്കയ്ക്ക് മുറുമുറുപ്പ്

ഇന്ത്യയും യൂറോപ്പും ഒന്നിച്ചത് യുഎസിന് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. പ്രസിഡന്റ് ട്രംപ് തന്നെ കരാറിനെതിരേ രംഗത്തുവരികയും ചെയ്തു. യൂറോപിനെതിരേ യുദ്ധം ചെയ്യാന്‍ അവര്‍ ഫണ്ടിംഗ് നടത്തുകയാണെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയത്. യുക്രെയ്‌നെതിരായ യുദ്ധം ആരംഭിച്ച ശേഷം റഷ്യയെ മാറ്റിനിര്‍ത്തിയെങ്കില്‍ ഈ കരാറോടെ പരോക്ഷമായി യുദ്ധത്തിനായി സഹായം ചെയ്യുകയാണെന്നാണ് യുഎസിന്റെ ആരോപണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT