പശ്ചിമേഷ്യൻ പ്രതിസന്ധികൾ, തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ വൈകിയുള്ള വരവ്, അനിശ്ചിതമായ ആഗോള താരിഫ് നയങ്ങൾ എന്നിവയ്ക്കിടയിലും ശക്തമായ വേഗത നിലനിർത്തി ഇന്ത്യയുടെ സാമ്പത്തിക വളർച്ച. ഈ സാമ്പത്തിക വർഷത്തിന്റെ (FY 2026-27) ഏപ്രിൽ-ജൂൺ പാദത്തിൽ രാജ്യം 7.8 ശതമാനം സാമ്പത്തിക വളർച്ച (GDP) രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് സാമ്പത്തിക വിദഗ്ദ്ധർ മുൻപ് പ്രവചിച്ചിരുന്നതിനേക്കാൾ വളരെ മികച്ചതാണ്.
ഒന്നാം പാദത്തിലെ റിയല്‍ ജിഡിപി (Real GDP) 81.36 ലക്ഷം കോടി രൂപയായി ഉയർന്നു, മുൻവർഷം ഇതേ കാലയളവിൽ ഇത് 75.46 ലക്ഷം കോടി രൂപയായിരുന്നു. വളർച്ച മുൻ പാദത്തിലെ 8.6 ശതമാനത്തേക്കാൾ കുറവാണെങ്കിലും കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 6.8 ശതമാനത്തേക്കാൾ കൂടുതലാണ്. ഇതോടൊപ്പം നോമിനൽ ജിഡിപി 10.3 ശതമാനം വളർച്ചയും കൈവരിച്ചിട്ടുണ്ട്.
വ്യത്യസ്ത മേഖലകളിലേക്ക് നോക്കിയാൽ, സേവന മേഖല (Tertiary sector) 10 ശതമാനം വളർച്ച രേഖപ്പെടുത്തി. ഫിനാൻഷ്യൽ, റിയൽ എസ്റ്റേറ്റ്, ഐടി തുടങ്ങിയ പ്രൊഫഷണൽ സേവനങ്ങൾ 12.1 ശതമാനം വളർച്ചയോടെ ഈ കുതിപ്പിന് പ്രധാന പങ്കുവഹിച്ചു. വ്യവസായ മേഖല (Secondary sector) 8.6 ശതമാനം വളർച്ചയും കാർഷിക മേഖല ഉൾപ്പെടുന്ന പ്രാഥമിക മേഖല 2.9 ശതമാനം വളർച്ചയും നേടി. നിക്ഷേപ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന ഗ്രോസ് ഫിക്സഡ് ക്യാപിറ്റൽ ഫോർമേഷൻ (GFCF) 11.9 ശതമാനം ആയി ഉയർന്നത് വിപണിയിലെ സാമ്പത്തിക കരുത്ത് കാണിക്കുന്നു. ഉയർന്ന വാങ്ങല്‍ ശേഷി രാജ്യത്തിന് ശക്തമായ പ്രതിരോധശേഷി നൽകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ.
Read DhanamOnline in English
Subscribe to Dhanam Magazine