Image credit: canva 
Economy

യുദ്ധത്തില്‍ പരിക്കേറ്റ് ഇന്ത്യ, രൂപയെ രക്ഷിക്കാന്‍ ഒരാഴ്ച കൊണ്ട് ഇറക്കിയത് 1.10 ലക്ഷം കോടി, ബാങ്കുകള്‍ സമ്മര്‍ദത്തില്‍

യുദ്ധം ഇന്ത്യയിലെ കറന്‍സി മാര്‍ക്കറ്റ്, ബാങ്കിംഗ് മേഖല, സാമ്പത്തിക വളര്‍ച്ച എന്നിവയെ നേരിട്ട് ബാധിക്കാമെന്നതാണ് ഇപ്പോഴത്തെ സൂചന. ഓഹരി വിപണിയിലും സ്വര്‍ണ വിലയിലുമൊക്കെ പ്രതിഫലിക്കുന്നത് പ്രശ്‌നത്തിന്റെ ചെറിയൊരംശം

Dhanam News Desk

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ശക്തമാകുമ്പോള്‍ അതിന്റെ ആഘാതം ഇന്ത്യയുടെ സാമ്പത്തിക സംവിധാനത്തിലും വ്യക്തമായി പ്രതിഫലിക്കാന്‍ തുടങ്ങി. രൂപയുടെ മൂല്യം തകര്‍ന്നടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഒരാഴ്ച കൊണ്ട് ഏകദേശം 12 ബില്യണ്‍ ഡോളര്‍ (1.10 ലക്ഷം കോടി രൂപ) വിപണിയില്‍ ഇറക്കിയതായി റിപ്പോര്‍ട്ടുകള്‍.

ആഗോള ബ്രോക്കറേജ് സ്ഥാപനമായ യു.ബി.എസ് മുന്നറിയിപ്പ് നല്‍കുന്നത് എണ്ണവില കുത്തനെ ഉയര്‍ന്നാല്‍ ഇന്ത്യന്‍ ബാങ്കുകളുടെ ലാഭക്ഷമതക്കും തിരിച്ചടിയുണ്ടാകാമെന്നാണ്. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നടക്കുന്ന യുദ്ധം ഇന്ത്യയിലെ കറന്‍സി മാര്‍ക്കറ്റ്, ബാങ്കിംഗ് മേഖല, സാമ്പത്തിക വളര്‍ച്ച എന്നിവയെ നേരിട്ട് ബാധിക്കാമെന്നതാണ് ഇപ്പോഴത്തെ സൂചന. അഥവാ, ഓഹരി വിപണിയിലും സ്വര്‍ണ വിലയിലുമൊക്കെ പ്രതിഫലിക്കുന്നത് പ്രശ്‌നത്തിന്റെ ചെറിയൊരംശം മാത്രം.

രൂപ നേരിടുന്നത് കടുത്ത സമ്മര്‍ദം

മാര്‍ക്കറ്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരം രൂപയുടെ ഇടിവ് തടയാന്‍ ആര്‍ബിഐ ഡോളര്‍ വില്‍പന നടത്തി വിപണിയില്‍ ശക്തമായി ഇടപെട്ടു. ബാങ്കര്‍മാര്‍ പറയുന്നതനുസരിച്ച് 12 ബില്യണ്‍ ഡോളറിന്റെ ഇടപെടലാണ്. എന്നാല്‍ യഥാര്‍ഥ ഇടപെടല്‍ 15 ബില്യണ്‍ ഡോളര്‍ (1.38 ലക്ഷം കോടി രൂപ) വരെ ആയിരിക്കാമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്ക ഉയര്‍ന്നതോടെ നിക്ഷേപകര്‍ സുരക്ഷിതമായ ഡോളറിലേക്കാണ് മാറിയത്. ഇതോടെ രൂപക്ക് വലിയ സമ്മര്‍ദമുണ്ടായി. ഒരു ഘട്ടത്തില്‍ ഒരു ഡോളറിന് 92.40 രൂപ വരെയായി ഇടിഞ്ഞിരുന്നു, ഇതോടെ കറന്‍സി വിപണിയില്‍ ആശങ്ക വര്‍ധിച്ചു. ആര്‍ബിഐയുടെ ഇടപെടലിന് പിന്നാലെ രൂപ 91.10 വരെ തിരിച്ചുകയറി, പിന്നീട് 91.60-91.68 നിരക്കില്‍ ഏതാണ്ടൊന്ന് സ്ഥിരമായി.

ഡോളര്‍ വില്‍ക്കാന്‍ ആര്‍ബിഐ സ്‌പോട്ട് മാര്‍ക്കറ്റ്, ഫോര്‍വേഡ് കോണ്‍ട്രാക്റ്റുകള്‍, ഫ്യൂച്ചേഴ്സ്, ഓഫ്ഷോര്‍ നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ് (NDF) മാര്‍ക്കറ്റ് എന്നിവ ഉള്‍പ്പെടെ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില ഇടപാടുകള്‍ പ്രാദേശിക വിപണി തുറക്കുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ ബാങ്കുകള്‍ വഴി നടത്തിയതായും വിപണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്ത്യക്ക്‌ വലിയ വിദേശനാണ്യശേഖരം ഉള്ളത് ആര്‍ബിഐയ്ക്ക് ഈ തരത്തിലുള്ള ഇടപെടലുകള്‍ക്ക് കരുത്ത് നല്‍കുന്നു. നിലവില്‍ രാജ്യത്തിന്റെ വിദേശനാണ്യശേഖരം 723 ബില്യണ്‍ ഡോളറിലധികമാണ്.

എണ്ണവില കുതിപ്പ് വലിയ അപകട സൂചന

രൂപക്ക് സമ്മര്‍ദം സൃഷ്ടിക്കുന്ന പ്രധാന ഘടകം ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പാണ്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില 16 ശതമാനം വരെ ഉയര്‍ന്നു. ഇത് ഇന്ത്യയെ കൂടുതല്‍ ബാധിക്കുന്ന വിഷയം. കാരണം, രാജ്യം ആവശ്യമായ എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുകയാണ്. എണ്ണവില ഉയര്‍ന്നാല്‍ ഡോളറിന്റെ ആവശ്യകത കൂടും. രൂപയില്‍ സമ്മര്‍ദം വര്‍ധിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം പണപ്പെരുപ്പവും ഉയരാനുള്ള സാധ്യതയുണ്ട്.

അതേസമയം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏകദേശം 2 ബില്യണ്‍ ഡോളര്‍ (18,000 കോടിയില്‍പരം രൂപ) വിദേശ നിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പുറത്തുപോയതായി കണക്കാക്കപ്പെടുന്നു. ഇറക്കുമതിക്കാര്‍, പ്രത്യേകിച്ച് എണ്ണ കമ്പനികള്‍, ഭാവിയിലെ പേമെന്റുകള്‍ക്കായി ഡോളര്‍ വാങ്ങല്‍ വര്‍ധിപ്പിച്ചതും കറന്‍സി വിപണിയില്‍ ആവശ്യം കൂട്ടി.

ബാങ്കുകള്‍ക്കും തിരിച്ചടി

ഇതിനിടയിലാണ് ആഗോള ബ്രോക്കറേജ് സ്ഥാപനമായ യു.ബി.എസ് (UBS) ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. എണ്ണവില കുത്തനെ ഉയര്‍ന്നാല്‍ പണപ്പെരുപ്പം ഉയരും, അതോടെ ഉപഭോഗ ചെലവ് കുറയും. ഇത് ബാങ്കുകളുടെ വായ്പാവളര്‍ച്ചയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. യു.ബി.എസ് മൂന്ന് സാധ്യതകളാണ് പരിശോധിച്ചത്. എണ്ണവില ബാരലിന് 10 ഡോളര്‍ വരെ മാത്രം ഉയര്‍ന്നാല്‍ ബാങ്കിംഗ് മേഖലയ്ക്ക് വലിയ ആഘാതമുണ്ടാകില്ല. ഈ സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രതിയോഹരി വരുമാനം (EPS) 1 മുതല്‍ 3 ശതമാനം വരെ വര്‍ധിക്കാനും സാധ്യതയുണ്ട്. എണ്ണവില 20 മുതല്‍ 30 ഡോളര്‍ വരെ കുതിച്ചുയര്‍ന്നാല്‍ സ്ഥിതി മാറും. അത്തരമൊരു സാഹചര്യത്തില്‍ ബാങ്കുകളുടെ ലാഭം 4 മുതല്‍ 8 ശതമാനം വരെ കുറഞ്ഞേക്കാമെന്നാണ് യു.ബി.എസ് വിലയിരുത്തല്‍. പണപ്പെരുപ്പം ഉയര്‍ന്നാല്‍ കുടുംബങ്ങള്‍ ചെലവ് ചുരുക്കും. ഇതോടെ വീട് വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയിലെ ആവശ്യകത കുറയുകയും ബാങ്കുകളുടെ വളര്‍ച്ച മന്ദഗതിയിലാകുകയും ചെയ്യും.

യു.ബി.എസ് മുന്‍ഗണന നല്‍കുന്ന ബാങ്കുകള്‍

ഈ വെല്ലുവിളികള്‍ക്കിടയിലും ചില ബാങ്കുകള്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുമെന്നാണ് യു.ബി.എസ് വിലയിരുത്തുന്നത്. ആക്‌സിസ് ബാങ്കും കൊട്ടക് മഹീന്ദ്ര ബാങ്കും ബ്രോക്കറേജിന്റെ മുന്‍ഗണന പട്ടികയിലാണ്. ശക്തമായ ആസ്തി ഗുണമേന്മ, മികച്ച മൂലധനസ്ഥിതി, ശക്തമായ റീട്ടെയില്‍ വായ്പാ ശൃംഖല എന്നിവയാണ് ഇവയെ കൂടുതല്‍ സുരക്ഷിതമാക്കുന്നതെന്ന് യു.ബി.എസ് പറയുന്നു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറ ബാങ്ക് എന്നിവയ്ക്കും UBS 'ബൈ' റേറ്റിംഗ് നല്‍കുന്നു. അതേസമയം, മിക്ക മുന്‍നിര ബാങ്ക് ഓഹരികളും ചോരയൊലിച്ചു നില്‍ക്കുന്നതായിരുന്നു വെള്ളിയാഴ്ച ഓഹരി വിപണിയിലെ കാഴ്ച.

കണ്ണ് ഇപ്പോള്‍ യുദ്ധത്തില്‍

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം എത്രത്തോളം നീളും എന്നതാണ് ഇപ്പോള്‍ വിപണികള്‍ ശ്രദ്ധിക്കുന്നത്. സംഘര്‍ഷം ദീര്‍ഘകാലം തുടര്‍ന്നാല്‍ എണ്ണവില ഉയര്‍ന്ന നിലയില്‍ തുടരുമെന്നതാണ് ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ രൂപയുടെ സ്ഥിരത, പണപ്പെരുപ്പം, ബാങ്കിംഗ് മേഖലയിലെ വളര്‍ച്ച എന്നിവക്ക് കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടി വരും. റിസര്‍വ് ബാങ്കിന്റെ ഇപ്പോഴത്തെ വന്‍ ഇടപെടല്‍ രൂപയെ സ്ഥിരതയിലേക്ക് തിരിച്ചു കൊണ്ടുവന്നെങ്കിലും, യുദ്ധം കൂടുതല്‍ രൂക്ഷമാകുകയും എണ്ണവില വീണ്ടും കുതിക്കുകയും ചെയ്താല്‍ ഇന്ത്യയുടെ സാമ്പത്തിക സംവിധാനത്തിന് മുന്നില്‍ കൂടുതല്‍ വലിയ പരീക്ഷണങ്ങളുണ്ടാകാമെന്നാണ് വിലയിരുത്തല്‍. പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍, അതു വേറെ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT