Image courtesy: canva  
Economy

ഡോളറിന് ഗുഡ്‌ബൈ; രൂപ നല്‍കി യു.എ.ഇയില്‍ നിന്ന് എണ്ണ വാങ്ങി ഇന്ത്യ

കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളുമായി സമാനമായ വ്യാപാര കരാറുകളിലേര്‍പ്പെടും

Dhanam News Desk

യു.എസ് ഡോളറിന് പകരം രൂപ നല്‍കി യു.എ.ഇയില്‍ നിന്ന് ആദ്യമായി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത് ഇന്ത്യ. രൂപയെ അന്തര്‍ദേശീയവത്കരിക്കുന്നതിന്റെ ഭാഗമായാണിത്. രൂപയുടെ മൂല്യം ശക്തിപ്പെടുത്തുക, ഡോളറിന്റെ അപ്രമാദിത്തം തടയുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ നീക്കത്തിനുണ്ട്.

ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് രൂപയില്‍ പണമടയ്ക്കാനും കയറ്റുമതിക്കാര്‍ക്ക് പ്രാദേശിക കറന്‍സിയില്‍ പേയ്മെന്റുകള്‍ സ്വീകരിക്കാനും 2022 ജൂലൈ 11ന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. പിന്നാലെ 2023 ജൂലൈയില്‍ ഇന്ത്യ യു.എ.ഇയുമായി കരാര്‍ ഒപ്പുവച്ചു.

ഇതിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ (അഡ്‌നോക്) നിന്ന് ഇന്ത്യന്‍ രൂപയില്‍ 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ പണം നല്‍കുന്നത്. നേരത്തേ ചില റഷ്യന്‍ എണ്ണക്കമ്പനികളുമായും ഇന്ത്യ രൂപയില്‍ ഇടപാട് നടത്തിയിരുന്നു.

കൂടുതല്‍ രാജ്യങ്ങളിലേക്കും

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ, രൂപയുടെ മൂല്യം ശക്തിപ്പെടുത്തുന്നതിനായി തന്നെ സൗദി അറേബ്യയുമായും സമാനമായ കരാറിലെത്തിയിരുന്നു. ഉഭയകക്ഷി വ്യാപാരം രൂപയിലും റിയാലിലും നടത്താന്‍ സാധ്യമാവുന്ന കരാറിലും ഇരു രാജ്യങ്ങള്‍ ഒപ്പുവച്ചു. കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളുമായി സമാനമായ വ്യാപാര കരാറുകളിലേര്‍പ്പെടാനുള്ള ഇന്ത്യയുടെ ശ്രമം തുടരുകയാണ്.

അതേസമയം രൂപ വാങ്ങിക്കൂട്ടുന്നത് കൊണ്ട് പ്രയോജനമില്ലെന്ന് ചില എണ്ണ കയറ്റുമതി രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ക്രൂഡോയില്‍ വ്യാപാരത്തില്‍ രൂപയില്‍ ഇടപാട് നടത്താന്‍ കയറ്റുമതി രാജ്യങ്ങളാരും താത്പര്യപ്പെടുന്നില്ലെന്ന് പാര്‍ലമെന്ററി സ്ന്റാന്‍ഡിംഗ് കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അറിയിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ യു.എ.ഇ ഇന്ത്യയുമായി രൂപയില്‍ വ്യാപാരം ആരംഭിച്ചത്.

രാജ്യത്തിന്റെ എണ്ണ ആവശ്യകതയുടെ 85 ശതമാനത്തിലധികം ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ തന്നെ ക്രൂഡ് ഓയിലിന് രൂപയില്‍ വ്യാപാരം സാധ്യമാക്കുന്നത് ഇന്ത്യക്ക് പ്രധാനമാണ്. കൂടുതല്‍ രാജ്യങ്ങളില്‍ രൂപയിലുള്ള വ്യാപാരം സ്വീകാര്യമാവുന്നതോടെ ഇന്ത്യന്‍ രൂപയ്ക്ക് അന്താരാഷ്ട്ര കറന്‍സികള്‍ക്കിടയില്‍ പ്രാമുഖ്യം വര്‍ധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT