ഇന്ത്യയുടെ വെയറബിള്‍സ് വിപണി 2023-ല്‍ ലോകത്തിലെ ഏറ്റവും വലിയ വെയറബിള്‍സ് വിപണിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിപണി ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്‍ (ഐ.ഡി.സി) ഇന്ത്യയുടെ കണക്കനുസരിച്ച് ഈ വര്‍ഷം ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന 50.41 കോടി വെയറബിള്‍ യൂണിറ്റുകളില്‍ 13-13.5 കോടി അല്ലെങ്കില്‍ ഏകദേശം 26% ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജനുവരി-മാര്‍ച്ച് മാസങ്ങളില്‍
കഴിഞ്ഞ വര്‍ഷം 10 കോടി യൂണിറ്റ് വെയറബിള്‍സ് ഇന്ത്യ കയറ്റി അയച്ചിരുന്നു. ഈ വര്‍ഷം ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലെ വെയറബിള്‍സ് വിപണി ആഗോളതലത്തില്‍ ഏറ്റവും വലിയ വിപണിയായി മാറിയിരുന്നു. ഈ കാലയളവില്‍ 80.9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ഇന്ത്യ 2.51 കോടി 'വെയറബിള്‍' യൂണിറ്റുകള്‍ കയറ്റി അയച്ചിരുന്നു. ഇയര്‍വെയര്‍ വിഭാഗം 48.5 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. സ്മാര്‍ട്ട് വാച്ചുകളുടെ വിഹിതം മുന്‍ വര്‍ഷത്തെ 26.8 ശതമാനത്തില്‍ നിന്ന് 41.4 ശതമാനമായും വര്‍ധിച്ചിരുന്നു.
സ്ഥാനം നിലനിര്‍ത്തിയേക്കും
2023 ല്‍ ചൈനയും യു.എസും യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും വലിയ വിപണികളാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെയറബിള്‍സ് വിപണിയുടെ വലുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇതിനകം അമേരിക്കയെയും ചൈനയെയും മറികടന്നു. മുന്നോട്ട് പോകുമ്പോഴും ഇന്ത്യ ഈ സ്ഥാനം നിലനിര്‍ത്തിയേക്കാമെന്ന് ഐ.ഡി.സി റിസര്‍ച്ച് മാനേജര്‍ ജിതേഷ് ഉബ്രാനി പറഞ്ഞു. ഇന്ത്യയുടെ വെയറബിള്‍സ് വിപണിയിലെ വളര്‍ച്ച ഐ.ഡി.സി പ്രകാരം 35% വരെയും കൗണ്ടര്‍പോയിന്റ് പ്രകാരം ഏകദേശം 56% വരെയുമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine