നടപ്പുവര്‍ഷം (2023-24) സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി മൂന്ന് ശതമാനം താഴ്ന്ന് 4.3 കോടിയിലെത്തി. എന്നാല്‍, ഒക്ടോബര്‍ പാദത്തില്‍ കയറ്റുമതി വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രമുഖ ആഗോള ടെക്നോളജി മാര്‍ക്കറ്റ് അനലിസ്റ്റ് സ്ഥാപനമായ കനാലിസിന്റെ റിപ്പോര്‍ട്ട്.
മുന്നില്‍ സാംസംഗ്
കനാലിസിന്റെ റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ പാദത്തിലെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ 18% വിപണി വിഹിതവുമായി സാംസംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 79 ലക്ഷം സാംസംഗ് സ്മാര്‍ട്ട്ഫോണുകളാണ് രാജ്യത്തു നിന്ന് കയറ്റുമതി ചെയ്തത്. 76 ലക്ഷം സ്മാര്‍ട്ട്ഫോണുകളുമായി കയറ്റുമതിയില്‍ ഷവോമി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു.
കയറ്റുമതിയില്‍ മൂന്നാം സ്ഥാനം വിവോയ്ക്കാണ്. 72 ലക്ഷം സ്മാര്‍ട്ട്ഫോണുകള്‍. റിയല്‍മി 58 ലക്ഷം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയോടെ നാലാം സ്ഥാനത്തും ഓപ്പോ 44 ലക്ഷം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയോടെ അഞ്ചാം സ്ഥാനത്തുമെത്തി.
ബജറ്റ്-സൗഹൃദ 5G സ്മാര്‍ട്ട്ഫോണുകള്‍
ഈ കാലയളവില്‍ പല കമ്പനികളും ബജറ്റ്-സൗഹൃദ 5G സ്മാര്‍ട്ട്ഫോണുകള്‍ക്ക് ശക്തമായ ഊന്നല്‍ നല്‍കിയതായി കനാലിസിലെ സീനിയര്‍ അനലിസ്റ്റ് സന്യം ചൗരസ്യ പറഞ്ഞു.മോട്ടറോള, ഇന്‍ഫിനിക്സ്, ടെക്നോ എന്നിവയും അവരുടെ പുതിയ താങ്ങാനാവുന്ന വിലയുള്ള 5G സ്മാര്‍ട്ട് ഫോണുകള്‍ക്ക് പ്രാധാന്യം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ എത്തിയതോടെ ഉത്സവ വില്‍പ്പനയില്‍ ആകര്‍ഷകമായ ഡീലുകളില്‍ വാഗ്ദാനം ചെയ്തുകൊണ്ട് സാംസംഗിന്റെ എസ് 23 സീരീസ്, ആപ്പിള്‍ ഐഫോണ്‍ എന്നീ പ്രീമിയം വിഭാഗം നിലവില്‍ ശക്തമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതായി കനാലിസ് റിപ്പോര്‍ട്ട് പറയുന്നു. ഇത് കയറ്റുമതിയില്‍ വീണ്ടെടുപ്പിന്റെ സൂചനയാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine