image: @piyushgoyal/fb 
Economy

നേരിട്ടുള്ള റുപ്പി-ദിര്‍ഹം ഇടപാടുകള്‍ക്ക് തുടക്കമിട്ട് ഇന്ത്യയും യു.എ.ഇയും; വ്യാപാരം പുതിയ ഉയരത്തിലേക്ക്

ഇന്ത്യയെയും യൂറോപ്പിനെയും മിഡില്‍ ഈസ്റ്റിലൂടെ ബന്ധിപ്പിക്കുന്നത് വ്യാപാരത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നും മന്ത്രി

Dhanam News Desk

ഇന്ത്യയും യു.എ.ഇയും പ്രാദേശിക കറന്‍സികളായ രൂപയിലും ദിര്‍ഹത്തിലും നേരിട്ടുള്ള വ്യാപാരം ആരംഭിച്ചതായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ക്കായി പ്രാദേശിക കറന്‍സികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി 2023 ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചത്.

സ്വതന്ത്ര വ്യാപാര ഉടമ്പടി (CEPA) പ്രകാരം ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറായി വികസിപ്പിക്കാന്‍ ഇരുരാജ്യങ്ങളും പദ്ധതിയിടുന്നതായും വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയുടെ പത്താം പതിപ്പിന്റെ ഭാഗമായി നടന്ന ഇന്ത്യ-യു.എ.ഇ ബിസിനസ് ഉച്ചകോടിയില്‍ അദ്ദേഹം പറഞ്ഞു. 2022ല്‍ ഇന്ത്യ-യു.എ.ഇ വ്യാപാരം 8,500 കോടി ഡോളറായി ഉയര്‍ന്നു. മാത്രമല്ല 2022-23ല്‍ യു.എ.ഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവുമായി.

ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി വഴി ഇന്ത്യയെയും യൂറോപ്പിനെയും മിഡില്‍ ഈസ്റ്റിലൂടെ ബന്ധിപ്പിക്കുന്നത് വ്യാപാരത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സി.ഇ.പി.എ) കീഴില്‍ ഉഭയകക്ഷി വ്യാപാരം ഗണ്യമായി വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊരു തുടക്കം മാത്രമാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

ഉച്ചകോടിയില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയ്ദി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് യു.എ.ഇ-ഇന്ത്യ സി.ഇ.പി.എ കൗണ്‍സില്‍ വെബ്സൈറ്റ് ലോഞ്ച് ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT