വ്യാപാര രംഗത്ത് നികുതികള്‍ പരമാവധി ഒഴിവാക്കിയുള്ള സ്വതന്ത്ര വ്യാപാര കരാറിന് ഇന്ത്യയും യുകെയും ഒപ്പുവെച്ചു. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള കയറ്റുമതി പരമാവധി പ്രോല്‍സാഹിപ്പിക്കുന്ന കരാര്‍ ഉല്‍പ്പന്നങ്ങളുടെ വിലകുറക്കുന്നതിനും സഹായിക്കും. വ്യാപാര, തൊഴില്‍, വിനോദസഞ്ചാര,നിക്ഷേപ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടവരുത്തുന്നതാകും കരാര്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നു വര്‍ഷം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
രണ്ട് രാജ്യങ്ങളിലും ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഏറെക്കുറെ പൂര്‍ണമായി ഇറക്കുമതി നികുതിയില്‍ നിന്ന് ഒഴിവാക്കും. യുകെയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളില്‍ 90 ശതമാനത്തിനും ഇന്ത്യ ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കും. 10 വര്‍ഷത്തിനുള്ളില്‍ നികുതി പൂര്‍ണമായി ഒഴിവാക്കുന്നതിനും ധാരണയായി.
സ്‌കോച്ച് വിസ്‌കി, വാഹനങ്ങള്‍ എന്നിവക്കുള്ള നികുതി ഗണ്യമായി കുറക്കാന്‍ ഇന്ത്യ തയ്യാറായത് ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വിലകുറയാന്‍ കാരണമാകും. വിസ്‌കിയുടെ നികുതി 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായാണ് കുറക്കുന്നത്. പത്തു വര്‍ഷത്തിനള്ളില്‍ ഇത് 40 ശതമാനമായും കുറയും. വാഹനങ്ങള്‍ക്ക് പ്രത്യേക ക്വാട്ട സമ്പ്രദായത്തില്‍ നികുതി 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയും. സൗന്ദര്യവര്‍ധക വസ്തുക്കള്‍, വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍ മെഷീനുകള്‍, സോഫ്റ്റ് ഡ്രിങ്ക്, ചോക്ലേറ്റ്, ബിസ്‌കറ്റ് തുടങ്ങിയ വസ്തുക്കള്‍ക്കും ഇന്ത്യ ഇറക്കുമതി നികുതി കുറക്കും.
ഇന്ത്യക്കും വലിയ സാധ്യതകള്‍ തുറക്കുന്നതാണ് കരാര്‍. ടെക്‌സ്‌റ്റൈല്‍, സമുദ്രോല്‍പ്പന്നങ്ങള്‍, തോല്‍ ഉല്‍പ്പന്നങ്ങള്‍, പാദരക്ഷകള്‍, സ്‌പോര്‍ട്‌സ് ഗുഡ്‌സ്, രത്നങ്ങളും മറ്റ് ജുവലറികളും, എഞ്ചിനിയറിംഗ് ഉല്‍പ്പന്നങ്ങള്‍, ജൈവ ഉല്‍പ്പന്നങ്ങള്‍ എന്നിവക്ക് യുകെ നികുതി കുറക്കുന്നത് ഈ മേഖലയില്‍ ഇന്ത്യന്‍ കയറ്റുമതിക്ക് ഗുണകരമാകും. സേവന മേഖലയില്‍ ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നതിനുള്ള നിബന്ധനകളും കരാറില്‍ ഉണ്ട്.
ഐടി, ഫിനാന്‍സ്, വിദ്യാഭ്യാസ മേഖലകളില്‍ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റിനും കരാറില്‍ ധാരണയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍, ലേബര്‍ കോണ്‍ട്രാക്ട് കമ്പനികള്‍, ബിസിനസ് സന്ദര്‍ശകര്‍, നിക്ഷേപകര്‍, സ്വതന്ത്ര പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് യുകെയിലേക്ക് പ്രവേശനം എളുപ്പമാകും. കരാറിലൂടെ യുകെ പ്രതിവര്‍ഷം 640 കോടി ഡോളറിന്റെ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. 2030 ആകുമ്പോഴേക്ക് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം 10,000 കോടി ഡോളറായി വര്‍ധിക്കുമെന്നും കണക്കാക്കുന്നു.
യുകെയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ നല്‍കേണ്ട സോഷ്യല്‍ സെക്യൂരിറ്റി കോണ്‍ട്രിബ്യൂഷന്‍ മൂന്നു വര്‍ഷത്തേക്ക് മരവിപ്പിക്കാനും ധാരണയുണ്ട്. ഏറെ കാലമായുള്ള ആവശ്യമായിരുന്നു ഇത്. ഇന്ത്യന്‍ ജീവനക്കാരുടെ സമ്പാദ്യം വര്‍ധിക്കാന്‍ ഈ തീരുമാനം ഇടയാക്കും.
പുതിയ കരാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള കയറ്റുമതിയിലെ നിയമപരമായ നിയന്ത്രണങ്ങള്‍ നീക്കാന്‍ സഹായിക്കും. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഇരുരാജ്യങ്ങളെയും സഹായിക്കുന്നതുമാണ് നിബന്ധനകള്‍. ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് പരസ്പരം വില്‍പ്പന നടത്താനാകും. ആഗോള വ്യാപാര രംഗത്തു തന്നെ നാഴികല്ലായാണ് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വിശേഷിപ്പിക്കപ്പെടുന്നത്.
പുതിയ കറാറില്‍ ഇന്ത്യന്‍ വ്യവസായ മേഖല ഏറെ സന്തോഷത്തിലാണ്. ഇന്ത്യന്‍ കയറ്റുമതി മേഖലക്ക് വളര്‍ച്ചാ സാധ്യത തുറക്കുന്നതാണ് കരാറെന്നാണ് വിലയിരുത്തല്‍. എഫ്.എം.സി.ജി, ഹെല്‍ത്ത് കെയര്‍, നവ സംരംഭങ്ങള്‍ എന്നിവക്ക് പ്രചോദനം നല്‍കുന്നതാണ് കരാറെന്ന് ഫിക്കി ദേശീയ പ്രസിഡന്റ് ഹര്‍ഷ് വര്‍ധന്‍ അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാരം നിലവില്‍ 5,000 കോടി ഡോളറാണ്. ഇതില്‍ ഗണ്യമായ വര്‍ധനക്ക് പുതിയ കരാര്‍ സഹായിക്കും. ഇരു രാജ്യങ്ങള്‍ക്കും ഒരു പോലെ ഗുണകരമാണിതെന്നും അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ആഗോള വിതരണ ശൃംഖലയെ തന്നെ സ്വാധീനിക്കുന്നതാകും പുതിയ കരാര്‍ എന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് സഞ്ജീവ് പുരിയും ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാര സൗഹാര്‍ദ്ദവും സാങ്കേതിക സഹകരണവും കൂട്ടാനും കരാര്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുകെ ഇന്ത്യന്‍ ബിസിനസ് കൗണ്‍സിലും കരാറിനെ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതാണ് കരാറെന്ന് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇരുരാജ്യങ്ങളുടെയും വ്യാപാര മേഖലയില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നതും സാമ്പത്തിക അഭിവൃദ്ധിക്ക് സഹായിക്കുന്നതുമാണ് കരാറെന്ന് യുകെ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ചെയര്‍മാന്‍ റിച്ചാര്‍ഡ് ഹീല്‍ഡ് പ്രതികരിച്ചു. സാമ്പത്തികമായും ജനാധിപത്യപരമായും വളര്‍ച്ചക്ക് സഹായിക്കുന്നതാണ് ഈ കരാറെന്ന് യുകെ ഇന്ത്യ ഗ്ലോബല്‍ ഫോറം ചെയര്‍മാന്‍ മനോജ് ലാഡ്വ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ കരാറിനെ സ്വാഗതം ചെയ്തു. ഇന്ത്യന്‍ ടെക്‌സറ്റൈല്‍ മേഖലക്ക് ശക്തിപകരുന്നതാണ് കരാറെന്നും ഈ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കാന്‍ സഹായിക്കുമെന്നും കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ എ.ശക്തിവേല്‍ അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിലെ കയറ്റുമതി വ്യാപാരികള്‍ ഏറെ ശുഭാപ്തി വിശ്വാസത്തോടെയാണ് കരാറിനെ നോക്കി കാണുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine