ഇന്ത്യയ്ക്കുമേലുള്ള ഇറക്കുമതി തീരുവ 18 ശതമാനമാക്കി കുറച്ചുള്ള പ്രത്യേക എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ദീര്‍ഘകാലമായി കാത്തിരുന്ന യുഎസ് വിപണിയിലേക്കുള്ള കയറ്റുമതി കൂടുതല്‍ ശക്തമാകും.
വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങല്‍ പടിപടിയായി കുറയ്ക്കുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. യുഎസില്‍ നിന്നുള്ള ചില കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് തീരുവ കുറച്ചിട്ടുണ്ട്. ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപ്പഴം എന്നിവയ്ക്ക് ഇന്ത്യ നികുതിയിളവ് നല്കിയിട്ടില്ല. യുഎസില്‍ നിന്നുള്ള മദ്യത്തിനുള്ള തീരുവ ഇന്ത്യ കുറയ്ക്കും.
ഇന്ത്യയില്‍ നിന്ന് റബര്‍, പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, തുകല്‍, ചെരുപ്പ്, മരുന്നുകള്‍, വിമാനഭാഗങ്ങള്‍, വാഹന ഘടകങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് ഇളവ് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് യുഎസ് വിപണിയിലേക്ക് പ്രവേശനം ലഭിക്കുന്നത് ഗുണകരമാണ്.
30 ട്രില്യണ്‍ ഡോളറിന്റെ വലിയ വിപണി തുറന്നു കിട്ടുന്നതാണ് ഇന്ത്യയ്ക്ക് ഈ കരാറിലൂടെയുള്ള നേട്ടം. മറ്റേതൊരു രാജ്യവുമായോ യൂറോപ്യന്‍ യൂണിയനുമായോ ഉള്ള വ്യാപാരത്തേക്കാള്‍ മൂല്യത്തില്‍ വലുതാണ് യുഎസ് വിപണി. വലിയൊരു മാര്‍ക്കറ്റ് തുറന്നു കിട്ടുന്നത് കയറ്റുമതി വരുമാനത്തെയും അതുവഴി രാജ്യത്തെ തൊഴില്‍ ശക്തിയെയും പരിപോഷിപ്പിക്കാന്‍ വഴിയൊരുങ്ങും.
ജനറിക് മരുന്നുകള്‍, രത്‌നങ്ങള്‍, വജ്രം, വിമാന ഭാഗങ്ങള്‍ എന്നിവയുടെ നികുതി പൂജ്യം ശതമാനത്തിലേക്ക് കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഇത് ഇന്ത്യയുടെ കയറ്റുമതി ശേഷി വര്‍ധിപ്പിക്കും. വലിയ തോതില്‍ ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖല കൂടിയാണിത്.
ഇന്ത്യയിലെ കര്‍ഷകരുടെ താല്പര്യങ്ങള്‍ ഒരുപരിധി വരെ സംരംക്ഷിക്കാന്‍ കരാറിന് സാധിച്ചിട്ടുണ്ട്. ചോളം, ഗോതമ്പ്, അരി, സോയ, കോഴിയിറച്ചി, പാല്‍, ചീസ്, എത്തനോള്‍, പുകയില, ഇറച്ചി തുടങ്ങി ഇന്ത്യയുടെ അതീവ പ്രാധാന്യമുള്ള കാര്‍ഷിക-ക്ഷീര ഉല്‍പ്പന്നങ്ങളെ കരാറിന്റെ പരിധിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യ 500 ബില്യണ്‍ ഡോളറിന്റെ യുഎസ് ഉത്പന്നങ്ങള്‍ വാങ്ങും. സാങ്കേതിക മേഖലയില്‍ ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റുകള്‍, ഡാറ്റ സെന്റര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വ്യാപാരവും സഹകരണവും വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine