ലോകബാങ്കിന്റെ പുതിയ ഗ്ലോബൽ ഇൻകം മാപ്പിൽ വിയറ്റ്‌നാം, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവ അപ്പർ-മിഡിൽ വരുമാന രാജ്യങ്ങളാകുമ്പോൾ, 2,800 ഡോളർ പ്രതിശീർഷ വരുമാനത്തോടെ ഇന്ത്യ ലോവർ-മിഡിൽ വിഭാഗത്തിൽ തുടരുന്നു. വിയറ്റ്‌നാമിന്റെ കയറ്റുമതി അധിഷ്ഠിത വളർച്ചയും ഫിലിപ്പീൻസിന്റെ വിശാലാടിസ്ഥാനത്തിലുള്ള പുരോഗതിയും ശ്രീലങ്കയുടെ വേഗത്തിലുള്ള തിരിച്ചുവരവും ഇന്ത്യയ്ക്ക് പാഠമാകുന്നു.
ലോകബാങ്ക് ഈയിടെ പുറത്തുവിട്ട പുതിയ ആഗോള വരുമാന സൂചികയിൽ (Global Income Map) വിയറ്റ്‌നാം, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ 'അപ്പർ-മിഡിൽ' വരുമാന വിഭാഗത്തിലേക്ക് ഉയർന്നു. 4,636 ഡോളർ എന്ന പുതിയ പരിധി മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. അതേസമയം, പ്രതിശീർഷ ദേശീയ വരുമാനം (GNI) 2,800 ഡോളറിലുള്ള ഇന്ത്യ ഇപ്പോഴും 'ലോവർ-മിഡിൽ' വരുമാന വിഭാഗത്തിൽ തുടരുന്നു.
2025-ലെ കണക്കുകളുടെ അടിസ്ഥാനത്തിൽ വിയറ്റ്നാം 4,970 ഡോളർ, ഫിലിപ്പീൻസ് 4,850 ഡോളർ, ശ്രീലങ്ക 4,670 ഡോളർ എന്നിങ്ങനെയാണ് ലോകബാങ്കിന്റെ പുതിയ റിപ്പോർട്ടിൽ പ്രതിശീർഷ ദേശീയ വരുമാനമായി രേഖപ്പെടുത്തുന്നത്. ഈ മൂന്ന് രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്ക് പിന്നിലെ കാരണങ്ങളും കണക്കുകൾ പോലെ തന്നെ പ്രധാനമാണ്.
വിയറ്റ്നാം: കയറ്റുമതി അധിഷ്ഠിത ഉൽപ്പാദന മേഖലയാണ് (Export-led manufacturing) വിയറ്റ്‌നാമിന്റെ കരുത്ത്. 2021 മുതൽ പ്രതിവർഷം ശരാശരി 10 ശതമാനം വളർച്ചയാണ് പ്രതിശീർഷ ദേശീയ വരുമാനത്തിൽ രേഖപ്പെടുത്തിയത്. 2024-ലും 2025-ലും വിയറ്റ്നാമിന്റെ കയറ്റുമതി 15 ശതമാനത്തിലധികം വളർന്നു.
ഫിലിപ്പീൻസ്: ഏതെങ്കിലും ഒരു പ്രത്യേക മേഖലയുടെ മാത്രം കുതിപ്പുകൊണ്ടല്ല, മറിച്ച് വിശാലാടിസ്ഥാനത്തിലുള്ള വളർച്ചയാണ് ഫിലിപ്പീൻസിനെ ലക്ഷ്യത്തിലെത്താൻ സാഹയിച്ചത്. ശരാശരി 5.8 ശതമാനം ജി.ഡി.പി വളർച്ചയിലേക്ക് വിവിധ മേഖലകളിൽ നിന്നുള്ള സംഭാവന ശ്രദ്ധേയമാണ്.
ശ്രീലങ്ക: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കേവലം മൂന്ന് വർഷം കൊണ്ടാണ് ശ്രീലങ്ക അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. സാമ്പത്തിക വളർച്ച 5 ശതമാനം നിരക്കിലും പ്രതിശീർഷ ദേശീയ വരുമാനത്തിൽ 11 ശതമാനത്തിലധികം കുതിപ്പും ഈ അയൽ രാജ്യം രേഖപ്പെടുത്തി.
അതേസമയം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് (ജി.ഡി.പി) ആഗോളതലത്തിൽ മികച്ചതാണെങ്കിലും, ജനസംഖ്യാ പെരുപ്പം രാജ്യത്തിന്റെ പ്രതിശീർഷ വരുമാനത്തിന്റെ ശരാശരിയെ ബാധിക്കുന്നതായാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഗോള തലത്തിൽ അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണെങ്കിലും, 140 കോടിയിലധികം വരുന്ന ജനങ്ങളിലേക്ക് മൊത്തം വരുമാനം വിഭജിക്കപ്പെടുമ്പോൾ പ്രതിശീർഷ വരുമാനം സ്വാഭാവികമായും കുറയുന്നു. ചുരുക്കത്തിൽ, വമ്പൻ ജനസംഖ്യ ഇന്ത്യയുടെ ആഭ്യന്തര വിപണിക്ക് കരുത്ത് പകരുന്നുണ്ടെങ്കിലും, പ്രതിശീർഷ വരുമാന കണക്കുകളിൽ അതൊരു പരിമിതിയായി മാറുന്നു.
ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക ഭൂപടത്തിലേക്ക് സൂക്ഷിച്ചു നോക്കിയാൽ ചിത്രം പൂർണമായും മാറിമറിയും. ഒരു പ്രത്യേക സമ്പദ്‌വ്യവസ്ഥയായി വിലയിരുത്തിയാൽ, തമിഴ്‌നാട് ഇപ്പോൾ തന്നെ ലോകബാങ്കിന്റെ അപ്പർ-മിഡിൽ വരുമാന പരിധിയെ മറികടന്നിട്ടുണ്ട്. തമിഴ്‌നാടിന്റെ നിലവിലെ പ്രതിശീർഷ വരുമാനം ഏകദേശം 6,364 ഡോളറാണ്. ഇത് വിയറ്റ്‌നാമിനേക്കാളും ഫിലിപ്പീൻസിനേക്കാളും ശ്രീലങ്കയേക്കാളും വളരെ ഉയർന്ന നിരക്കാണിത്. തമിഴ്‌നാടിന്റെ പ്രതിശീർഷ വരുമാനം ഈ വർഷാവസാനത്തോടെ 6,500 ഡോളറിലെത്തുമെന്നാണ് പ്രവചനം.
ഇന്ത്യയിലെ വരുമാന അസമത്വം സംസ്ഥാനങ്ങൾ തമ്മിൽ വലിയ അന്തരം സൃഷ്ടിക്കുന്നുണ്ട്. ബിഹാർ (950 ഡോളർ), ഉത്തർപ്രദേശ് (1,400 ഡോളർ) തുടങ്ങിയ സംസ്ഥാനങ്ങൾ താഴ്ന്ന വരുമാന വിഭാഗത്തോട് ചേർന്നാണ് നിൽക്കുന്നത്. എന്നാൽ തമിഴ്‌നാടും കേരളവും ഉയർന്ന പ്രതിശീർഷ വരുമാനം നിലനിർത്തുന്നതിനൊപ്പം, ആഭ്യന്തര സാമ്പത്തിക അസമത്വം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളായും തുടരുന്നു. ഈ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സാമ്പത്തിക വളർച്ച സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും ഒരുപോലെ എത്തിച്ചേരുന്നു എന്നതിന്റെ തെളിവു കൂടിയാണിത്.
വിയറ്റ്‌നാമിന്റെയും ഫിലിപ്പീൻസിന്റെയും ട്രാക്ക് റെക്കോർഡ് ഇവിടെ വ്യക്തമാക്കുന്നത് കൃത്യമായ ആസൂത്രണവും സമഗ്രമായ വളർച്ചയും ഉണ്ടെങ്കിൽ ഒരു ദശാബ്ദത്തിനുള്ളിൽ അപ്പർ-മിഡിൽ വരുമാന പദവിയിലേക്ക് ഉയരാൻ ഏതൊരു രാജ്യത്തിനും സാധിക്കുമെന്നതാണ്. പ്രതിസന്ധികളിൽ നിന്ന് അതിവേഗം കരകയറാമെന്ന് ശ്രീലങ്കയും തെളിയിച്ചു കഴിഞ്ഞു. ഇന്ത്യയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ വളരുന്നുണ്ടോ എന്നതല്ല, മറിച്ച് ഈ സാമ്പത്തിക വളർച്ച എത്രത്തോളം തുല്യമായി വിതരണം ചെയ്യപ്പെടുന്നു എന്നതാണ്.
ബിഹാറിനെ പോലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളും തമിഴ്‌നാടിന്റെ വേഗതയിൽ സാമ്പത്തികമായി കുതിക്കുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള ഈ അകലം കുറയ്ക്കുക എന്നതാണ് ഇന്ത്യ അടുത്ത ഒന്നര ദശാബ്ദത്തിനുള്ളിൽ നേരിടേണ്ട ഏറ്റവും വലിയ അഗ്നിപരീക്ഷ. ഈ രണ്ട് വിഭാഗം സംസ്ഥാനങ്ങളേയും ഒരേപോലെ പരിപോഷിപ്പിച്ചാൽ മാത്രമാണ് ഇന്ത്യയുടെ പ്രതിശീർഷ വരുമാന കണക്കുകളിൽ മാറ്റംകൊണ്ടുവരാനും സാധിക്കുകയുള്ളു.
Read DhanamOnline in English
Subscribe to Dhanam Magazine