ഇന്ത്യയിലെ മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2026 ഓഗസ്റ്റിൽ 9.92 ശതമാനമായി ഉയർന്നു. ജൂലൈ മാസത്തിൽ ഇത് 9.78 ശതമാനമായിരുന്നു. ഇന്ധനത്തിന്റെയും വാഹനങ്ങൾ, വസ്ത്രങ്ങൾ, പാക്കറ്റിൽ വരുന്ന ബിസ്ക്കറ്റുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും (Manufactured products) വിലയിലുണ്ടായ വർദ്ധനവാണ് പ്രധാനമായും പണപ്പെരുപ്പം ഉയരാൻ ഇടയാക്കിയത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം മൊത്തവില സൂചിക 110.0-ൽ നിന്ന് 110.8 ആയി ഉയർന്നു.
ഇന്ധനവും ഊർജവും: ഇന്ധന-ഊർജ മേഖലയിലെ പണപ്പെരുപ്പം 20.05 ശതമാനത്തിൽ നിന്ന് 22.93 ശതമാനമായി വർദ്ധിച്ചു. മിനറൽ ഓയിൽ പണപ്പെരുപ്പം 38.48 ശതമാനമായും, അസംസ്‌കൃത പെട്രോളിയം-പ്രകൃതിവാതക പണപ്പെരുപ്പം 34.41 ശതമാനമായും കുത്തനെ ഉയർന്നു.
മാനുഫാക്ചേര്‍ഡ് പ്രൊഡക്ട്സ്: ഇവയിലെ പണപ്പെരുപ്പം 8.29 ശതമാനത്തിൽ നിന്ന് 8.37 ശതമാനമായി ഉയർന്നു. രാസവസ്തുക്കളുടെ പണപ്പെരുപ്പം 14.30 ശതമാനമായി വര്‍ധിച്ചു.
ഭക്ഷ്യ വിപണി: ഡബ്ല്യു.പി.ഐ ഫുഡ് ഇൻഡെക്‌സ് പണപ്പെരുപ്പം ജൂലൈയിലെ 6.65 ശതമാനത്തിൽ നിന്ന് 7.05 ശതമാനമായി വർദ്ധിച്ചു. കൃഷിയിൽ നിന്ന് നേരിട്ട് ലഭിക്കുന്ന പ്രാഥമിക ഉൽപ്പന്നങ്ങളുടെ (Primary food articles- അരി, ഗോതമ്പ് തുടങ്ങിയവ) പണപ്പെരുപ്പം 5.44 ശതമാനത്തിൽ നിന്ന് 5.67 ശതമാനമായി ഉയർന്നു. മാനുഫാക്ചേർഡ് ഫുഡ് പ്രൊഡക്റ്റ്സിന്റെ പണപ്പെരുപ്പം 8.89 ശതമാനത്തിൽ നിന്ന് 9.65 ശതമാനമായും കുത്തനെ ഉയർന്നു.
Read DhanamOnline in English
Subscribe to Dhanam Magazine