Image : Canva and RBI 
Economy

തേഞ്ഞു തേഞ്ഞ് രൂപ, ഡോളറും റിയാലുമെല്ലാം കൊഴുത്തു, ഇനിയും തേയുമെന്ന് വിലയിരുത്തല്‍, കാരണം ഇതെല്ലാമാണ്...

യുഎസിലുളള ഇന്ത്യന്‍ തൊഴിലാളികളുടെ കുറവ് രാജ്യത്തേക്കുളള പണമയയ്ക്കലിനെ ബാധിക്കും

Dhanam News Desk

ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലൂടെയാണ് കടന്നു പോകുന്നത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 88.74 എന്ന നിലവാരത്തിലാണ് ഇന്ന് (സെപ്റ്റംബർ 29) വ്യാപാരം പുരോഗമിക്കുന്നത്. രൂപയുടെ മൂല്യം വരും ദിവസങ്ങളും കൂടുതല്‍ ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്.

എച്ച്-1ബി വീസ

എച്ച്-1ബി വീസ ഫീസിലെ ഗണ്യമായ വർദ്ധനവിനെ തുടർന്നാണ് രൂപയുടെ മൂല്യം കുറഞ്ഞത്. ഇത് യുഎസ് കമ്പനികളിലേക്ക് ഇന്ത്യൻ തൊഴിലാളികളെ വിന്യസിക്കുന്നത് മന്ദഗതിയിലാക്കുകയും ഇന്ത്യയുടെ ഐടി മേഖലയുടെ ലാഭക്ഷമതയെ ബാധിക്കുകയും ചെയ്യും. യുഎസിലുളള ഇന്ത്യന്‍ തൊഴിലാളികളുടെ കുറവ് രാജ്യത്തേക്കുളള പണമയയ്ക്കലിനെ ബാധിക്കും, ഇന്ത്യയിലേക്കുളള ഡോളർ ഒഴുക്കിനെ ഇത് ബാധിക്കും.

കനത്ത തീരുവ

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേല്‍ യുഎസ് കനത്ത തീരുവകൾ ചുമത്തിയത് കയറ്റുമതി സാധ്യതകളെ മങ്ങലേല്‍പ്പിക്കുകയും വിദേശ മൂലധന ഒഴുക്ക് കുറയ്ക്കുകയും ചെയ്യും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തിയത് കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസം സൂചിപ്പിക്കുന്നതാണ് കറന്റ് അക്കൗണ്ട് കമ്മി.

ഇന്ത്യയിലേക്കുള്ള പണമൊഴുക്കിന്റെ ഏറ്റവും വലിയ സ്രോതസ് യുഎസാണ്. മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യയിലേക്കുള്ള പണമൊഴുക്കിന്റെ ഏകദേശം 27.7 ശതമാനം യുഎസിൽ നിന്നാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. 50 ശതമാനം യുഎസ് താരിഫുകൾ തുടർന്നാൽ, 2026 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (GDP) വളർച്ച ഏകദേശം 6 ശതമാനം ആയിരിക്കുമെന്നാണ് കരുതുന്നത്. മുന്‍ അനുമാനമായ 6.5 ശതമാനത്തില്‍ നിന്നാണ് ഈ ഇടിവ്.

2025 ൽ ഇതുവരെ വിദേശ നിക്ഷേപകർ 1,690 കോടി ഡോളറിന്റെ അറ്റ ​​വിൽപ്പനയാണ് ആഭ്യന്തര ഓഹരി വിപണിയിൽ നടത്തിയത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വിറ്റൊഴിയുന്നതും രൂപക്ക് മേല്‍ കനത്ത സമ്മര്‍ദം ചെലുത്തുന്നു.

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ട്രംപ് അധിക താരിഫുകള്‍ ചുമത്തിയതിന് ശേഷം തുടര്‍ച്ചയായി ഇടിയുകയാണ്. താരിഫ് പ്രഖ്യാപിച്ച ഏപ്രിലിലെ 85.5 ൽ നിന്ന് തിങ്കളാഴ്ച 88.7 ആയാണ് രൂപയുടെ മൂല്യം കുറഞ്ഞിരിക്കുന്നത്.

അതേസമയം യൂറോ (EUR) ഉൾപ്പെടെയുള്ള പ്രധാന കറൻസികൾക്കെതിരെ യുഎസ് ഡോളർ (USD) ശക്തി പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്. വിവിധ കറൻസികൾക്കെതിരെ യുഎസ് ഡോളറിന്റെ ശക്തി അളക്കുന്ന ഡോളർ ഇന്‍ഡക്സ് രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. യുഎസ് ഡോളറിന്റെ സമീപകാല ഉയർച്ചയ്ക്കുളള കാരണങ്ങളിലൊന്ന് പ്രതീക്ഷിച്ചതിലും മികച്ച യുഎസ് ജിഡിപി ഡാറ്റയാണ്.

ഇന്ത്യൻ രൂപയ്‌ക്കെതിരെ സൗദി റിയാലിന്റെ (SAR) മൂല്യത്തിലും വർദ്ധനയാണ് ഉളളത്. നിലവിൽ ഒരു റിയാലിന്റെ മൂല്യം ഏകദേശം 23.67 ഇന്ത്യൻ രൂപയാണ്. 2025 ലെ രണ്ടാം പാദത്തിൽ 14.5 വർധനയാണ് സൗദി സമ്പദ്‌വ്യവസ്ഥ രേഖപ്പെടുത്തിയത്. വിഷൻ 2030 പ്രകാരം സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നതിനും നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കിടയിലാണ് സൗദി റിയാല്‍ കരുത്താര്‍ജിക്കുന്നത്.

Indian Rupee hits an all-time low against the US Dollar amid tariff hikes and declining foreign investments.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT