അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങള്‍ക്ക് യു.എസ് സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ലഭിച്ചതോടെ ഇന്ത്യന്‍ വാഹന വിപണിക്ക് പിന്നാലെ വസ്ത്ര വ്യാപാര മേഖലയിലും ആവേശം. ട്രംപ് ഏര്‍പ്പെടുത്തിയ അധിക നികുതികള്‍ (Tariffs) നിയമവിരുദ്ധമാണെന്ന കോടതി വിധി പുറത്തുവന്നതോടെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ ഓഹരികള്‍ ഇന്ന് വലിയ നേട്ടമുണ്ടാക്കി.
കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് (Kitex Garments) ആണ് 10.4% വര്‍ധനയോടെ വിപണിയില്‍ മുന്നിലെത്തിയത്. ഒരുവേള ഓഹരി വില 206 രൂപ വരെ എത്തി. വ്യാപാരം പുരോഗമിക്കവേ വില 196 രൂപയായിട്ടുണ്ട്.
ട്രൈഡന്റ് (Trident) ഓഹരികളും 7.5% വരെ ഉയര്‍ന്ന് 27.48 രൂപയിലെത്തി. നിലവില്‍ 26 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
വെല്‍സ്പണ്‍ ലിവിംഗ് (Welspun Living 4.2% വരെ നേട്ടത്തോടെ 142 രൂപയിലെത്തി. നിലവില്‍ 140 രൂപയിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം, കെ.പി.ആര്‍ മില്‍, ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ് തുടങ്ങിയ ഓഹരികള്‍ രാവിലെ ഉണര്‍വ് കാണിച്ചുവെങ്കിലും പിന്നീട് ഇടിവിലായി.
അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 'റെസിപ്രോക്കല്‍ താരിഫുകള്‍' (Reciprocal Tariffs) ഭരണഘടനാ വിരുദ്ധമാണെന്നാണ് അമേരിക്കന്‍ സുപ്രീം കോടതിയുടെ വിധി. നികുതികള്‍ ചുമത്താനുള്ള അധികാരം കോണ്‍ഗ്രസിനാണെന്നും പ്രസിഡന്റിനല്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന ഭീമമായ നികുതി ഭാരം താല്‍ക്കാലികമായെങ്കിലും ഒഴിവായി.
സുപ്രീം കോടതി വിധി തിരിച്ചടിയായതോടെ വിവിധ രാജ്യങ്ങളില്‍ നിന്ന് പിരിച്ച 17,500 കോടി ഡോളറിലേറെ റീഫണ്ട് ചെയ്യേണ്ടി വരുമെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിധിക്ക് പിന്നാലെ ചില കമ്പനികള്‍ റീഫണ്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സുപ്രീം കോടതി വിധിയില്‍ ഈ ഫണ്ട് തിരിച്ചു നല്‍കണമോ എന്നതിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
കോടതി വിധിക്ക് പിന്നാലെ, ട്രംപ് 15% എന്ന ഏകീകൃത ആഗോള നികുതി പ്രഖ്യാപിച്ചു കൊണ്ട് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ഇന്ത്യയുടെ കയറ്റുമതി നികുതി ഏകദേശം 18% ആയിരുന്നു. ബംഗ്ലാദേശിന് ഇത് 19 ശതമാനവും വിയറ്റ്നാമിന് 20 ശതമാനവുമായിരുന്നു. ഇത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വിപണിയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മുന്‍തൂക്കം നല്‍കിയിരുന്നു. എന്നാല്‍, 150 ദിവസത്തേക്ക് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് 15% എന്ന ഏകീകൃത നികുതി ഏര്‍പ്പെടുത്തിയതോടെ ഇന്ത്യക്കുണ്ടായിരുന്ന ഈ നേട്ടം ഇല്ലാതായിരിക്കുകയാണ്. ഇതോടെ എല്ലാ രാജ്യങ്ങളും ഒരേ മത്സരസാഹചര്യത്തിലേക്ക് എത്തിയതായാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
കോടതി വിധി മറികടക്കാന്‍ 1974ലെ ട്രേഡ് ആക്ടിലെ സെക്ഷന്‍ 122 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ആഗോള തീരുവ 15 ശതമാനമായി ഉയര്‍ത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ അന്താരാഷ്ട്ര പണമിടപാടുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന നിയമമാണിത്. ഈ നിയമപ്രകാരം 150 ദിവസം വരെ പരമാവധി 15 ശതമാനം തീരുവ ചുമത്താം. ഇതനുസരിച്ചാണ് ഫെബ്രുവരി 24 മുതല്‍ പുതിയ തീരുവകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് ആദ്യം ഇന്ത്യയ്ക്ക് മേല്‍ ട്രംപ് 25 ശതമാനം പകരച്ചുങ്കം ഏര്‍പ്പെടുത്തിയത്. പിന്നാലെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ ചൊല്ലി തീരുവ 50 ശതമാനമായി വര്‍ധിപ്പിച്ചു. യു.എസ് വിപണിയെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ചായിരുന്നു പകരചുങ്കവുമായി ട്രംപ് എത്തിയത്. എന്നാല്‍ താരിഫ് വരുമാനം കൂടിയെങ്കിലും രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രമാണിതെന്നാണ് കണക്ക്. ചില ഉത്പന്നങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഇളവ് നല്‍കിയിരുന്നെങ്കില്‍ വരുമാനം ഇതിനേക്കാള്‍ കൂടുതലാകുമായിരുന്നുവെന്നാണ് വിലയിരുത്തലുകള്‍.
Indian textile stocks surge after the US Supreme Court strikes down Trump-era tariffs, but a proposed 15% global duty creates fresh uncertainty.
Read DhanamOnline in English
Subscribe to Dhanam Magazine