GDP growth Image Courtesy: Canva
Economy

ഇന്ത്യക്കാരുടെ സ്വർണ ശേഖരത്തിന്റെ മൂല്യം ജിഡിപിയെ മറികടന്നു കുതിച്ചുയരുന്നു; രാജ്യത്തിന് എന്താണ് നേട്ടം?

സ്വർണ വില കുത്തനെ ഉയർന്നതോടെ കുടുംബങ്ങളുടെ സാമ്പത്തികാരോ​ഗ്യം മെച്ചപ്പെടുമെന്നും അതുവഴി കൈവശമുള്ള സ്വർണ ശേഖരത്തിൽ നിന്നുള്ള ചെലവിടൽ വർധിച്ച് രാജ്യത്തെ സമ്പദ്‍വ്യവസ്ഥ കൂടുതൽ ചലനാത്മകകമാകുമെന്നും കരുതാൻ കഴിയുമോ?

Dhanam News Desk

സമീപകാലത്ത് സ്വർണവിലയിൽ രേഖപ്പെടുത്തുന്ന വമ്പൻ മുന്നേറ്റം കാരണം, ഇന്ത്യക്കാരുടെ കൈവശമുണ്ടെന്ന് കരുതപ്പെടുന്ന മൊത്തം സ്വർണത്തിന്റെ മൂല്യം രാജ്യത്തിന്റെ ജിഡിപിയേയും (മൊത്ത ആഭ്യന്തര ഉത്പാദനം) മറികടന്നു കുതിക്കുകയാണ്. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി മാറാനുള്ള പരിശ്രമത്തിനിടയിലും ഇന്ത്യക്കാരുടെ സ്വർണഭ്രമത്തിൽ തെല്ലും അയവില്ലെന്നതിന്റെ ഉദ്ദാഹരണം കൂടിയാണിത്.

ഇത് സ്വർണത്തിന്റേയും ജിഡിപിയുടെയും കണക്കിന്റെ കളികൊണ്ടുള്ള ഒരു കൗതുകം മാത്രമാണോ? റെക്കോഡ് നിരക്കിലേക്ക് സ്വർണ വില ഉയർന്നതോടെ കുടുംബങ്ങളുടെ സാമ്പത്തികാരോ​ഗ്യം മെച്ചപ്പെടുമെന്നും അതുവഴി കൈവശമുള്ള സ്വർണ ശേഖരത്തിൽ നിന്നുള്ള ചെലവിടൽ വർധിച്ച് രാജ്യത്തെ സമ്പദ്‍വ്യവസ്ഥ കൂടുതൽ ചലനാത്മകകമാകുമെന്നും കരുതാൻ കഴിയുമോ? ശരിക്കും ആർക്കാണ് നേട്ടം. വിശദമായി നോക്കാം.

സ്വർണ ശേഖരവും ജിഡിപിയും

ബുധനാഴ്ച രാവിലെ, രാജ്യാന്തര വിപണിയിൽ ഒരു ഔൺസിന് 4,850 ഡോളർ എന്ന സർവകാല റെക്കോഡ് നിലവാരത്തിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോ​ഗമിക്കുന്നത്. ആ​ഗോള ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ മോർ​ഗൻ ​സ്റ്റാൻലി ഇക്കഴിഞ്ഞ ഒക്ടോബറിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാരുടെ പക്കൽ 34,600 ടൺ സ്വർണ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഇതിന്റെ ഇന്നത്തെ മൂല്യം ഏകദേശം 5.4 ലക്ഷം കോടി ഡോളർ (491.4 ലക്ഷം കോടി രൂപ) ആണ്.

അതേസമയം രാജ്യാന്തര നാണയനിധി (ഐഎംഎഫ്) അടുത്തിടെ പുറത്തുവിട്ടിട്ടുള്ള റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ജിഡിപി 4.1 ലക്ഷം കോടി ഡോളർ നിലവാരത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നിന്നും രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ള സ്വർണ ശേഖരത്തിന്റെ മൂല്യം ജിഡിപിയെ മറികടന്നുവെന്ന് വ്യക്തമാണ്. (ഒരു വർഷക്കാലയളവിൽ രാജ്യത്തിനകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന എല്ലാ സാധനങ്ങളുടെയും സേവനങ്ങളുടെയും അന്തിമ വിലയാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി എന്ന് ലളിതമായി വിശേഷിപ്പിക്കാം.)

രാജ്യത്തിന് നേട്ടമുണ്ടോ?

കൈവശമുള്ള സ്വർണത്തിന്റെ മൂല്യത്തിൽ ചുരുങ്ങിയ കാലയളവിനിടെ വൻ വർധനയുണ്ടാക്കിയത്, കുടുംബങ്ങളുടെ സാമ്പത്തിക പ്രഭാവത്തിനും തിളക്കമേറ്റുന്ന ഘടകമാണ്. ഒരോ കുടുംബത്തിന്റെയും കരുതൽ നിക്ഷേപ നിധിയായി ഇതു മാറുന്നു. കൂടാതെ പരോക്ഷ നികുതികൾ കുറയ്ക്കുന്ന സന്ദർഭങ്ങളിലോ പലിശ നിരക്കുകൾ താഴുന്ന വേളയിലോ ഒക്കെ ചെലവഴിക്കാൻ സാധിക്കുന്ന ഒരു വരുമാനം കൈകളിലേക്ക് എത്തിക്കുമെന്നതാണ് ഇതിന്റെ വലിയ നേട്ടമായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാൽ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ എംകെ ​ഗ്ലോബലിന്റെ റിപ്പോ‍ർട്ടിലെ വിവരങ്ങൾ‌ ഈ ധാരണ പൊളിച്ചെഴുതുന്ന വിധത്തിലുള്ളതാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ സ്വർണത്തിന്റെ വിലയിൽ വമ്പൻ കുതിപ്പുണ്ടായ മൂന്ന് കാലയളവിലും രാജ്യത്തിന്റെ ഉപഭോ​ഗത്തിനുമേൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് എംകെ ​ഗ്ലോബലിന്റ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കുടുംബത്തിന്റെ കൈവശമുള്ള സ്വർണത്തിന്റെ 80 ശതമാനത്തോളവും ആഭരണ രൂപത്തിലാണുള്ളത്. ഒരേസമയം ഉപഭോ​ഗത്തിനായും ദീർഘകാല സമ്പാദ്യ മാ‌ർ​ഗത്തിനായും സ്വർണത്തെ ജനങ്ങൾ കണക്കാക്കുന്നു എന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

അതേസമയം മറുവശത്ത് സ്വർണം പണയപ്പെടുത്തിയുള്ള വായ്പയിൽ കഴിഞ്ഞ വർഷങ്ങളിലുണ്ടായ വൻ വർധനവ് ഇതിൽ നിന്നുള്ള മാറ്റമായും വിലയിരുത്തപ്പെടുന്നുണ്ട്. 2026 മാർച്ച് മാസത്തോടെ രാജ്യത്തെ സംഘടിത സ്വർണ പണയ വിപണിയിൽ (എൻബിഎഫ്സി + ബാങ്ക്) വിതരണം ചെയ്യുന്ന മൊത്തം വായ്പയുടെ മൂല്യം 15 ലക്ഷം കോടി രൂപയിലേക്ക് ഉയരുമെന്നാണ് നി​ഗമനം. വാർഷികമായി 128% വർധനയാണ് ​ഗോൾ‍ഡ് ലോൺ വിതരണത്തിൽ പ്രതീക്ഷിക്കുന്നത്. ചുരുക്കത്തിൽ ആപത്ഘട്ടങ്ങളിലെ ഒരു അധിക സുരക്ഷ എന്ന നിലയിൽ സ്വർണം ഉപകരിക്കുമെങ്കിലും ഉത്പാദന മേഖലയിലേക്ക് മൂലധനമായി കടന്നുവന്നെങ്കിലാണ് രാജ്യത്തിന് കൂടുതൽ ​ഗുണഫലം സമ്മാനിക്കാൻ കഴിയൂവെന്ന് സാരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT