ലോകത്തിലെ മുപ്പതോളം പ്രമുഖ രാജ്യങ്ങളിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് പണപ്പെരുപ്പത്തിന്റെ ഭീഷണികളെയാണെന്ന് സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ നടന്ന ആഗോള സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. സ്വന്തം രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ ആശാവഹമാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് ഇപ്‌സോസ് ഗ്ലോബല്‍ അഡൈ്വസര്‍ എന്ന സ്ഥാപനം നടത്തിയ സര്‍വേയില്‍ തെളിയുന്നത്. ഇന്ത്യ ഉള്‍പ്പടെ 29 രാജ്യങ്ങളിലാണ് സര്‍വേ നടന്നത്. ഏഷ്യന്‍ മേഖലയെ മാറ്റി നിര്‍ത്തിയാല്‍ മറ്റിടങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ശുഭാപ്തി വിശ്വാസം കുറഞ്ഞു വരികയാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പണപ്പെരുപ്പം പ്രധാന ആശങ്ക
സര്‍വ്വെ നടന്ന രാജ്യങ്ങളില്ലെല്ലാം പണപ്പെരുപ്പം ജനങ്ങളുടെ പ്രധാന ആശങ്കയാണ്. വര്‍ധിച്ചു വരുന്ന ജീവിതച്ചെലവുകളില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ലെന്ന പരാതി എല്ലാ രാജ്യങ്ങളിലുമുണ്ട്. സാമ്പത്തിക രംഗം ശക്തമാണെന്ന അഭിപ്രായം 37 ശതമാനം പേര്‍ക്ക് മാത്രമാണുള്ളത്. അക്രമങ്ങളും സംഘര്‍ഷങ്ങളും ജീവിതത്തെ അസ്വസ്ഥമാക്കുന്നുവെന്ന അഭിപ്രായമുള്ളവരാണ് രണ്ടാം സ്ഥാനത്ത്. ദാരിദ്ര്യവും സാമൂഹിക അസമത്വവും, സാമ്പത്തിക-രാഷ്ട്രീയ രംഗത്തെ അഴിമതിയും വര്‍ധിച്ചു വരികയാണെന്നും സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ പ്രശ്‌നം തൊഴിലില്ലായ്മ
ഉയര്‍ന്നു നില്‍ക്കുന്ന തൊഴിലില്ലായ്മയാണ് പ്രധാന ജീവിത പ്രശ്‌നമെന്നാണ് ഇന്ത്യയില്‍ നിന്നുള്ള സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. സര്‍വേക്കായി തെരെഞ്ഞെടുത്ത വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശങ്കയായി കണ്ടത് തൊഴിലില്ലായ്മയാണ്. (39 ശതമാനം). പണപ്പെരുപ്പം, വിദ്യാഭ്യാസ പ്രതിസന്ധി, രാഷ്ട്രീയ-സാമ്പത്തിക രംഗത്തെ അഴിമതി, അക്രമങ്ങളും സംഘര്‍ഷങ്ങളും എന്നിവയാണ് ഇന്ത്യക്കാരെ ഭയപ്പെടുത്തുന്ന മറ്റു വിഷയങ്ങള്‍. അതേസമയം, ജനങ്ങളുടെ ശുഭാപ്തി വിശ്വാസത്തിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. ഇന്തോനേഷ്യ മൂന്നാം സ്ഥാനത്തും. ഏറ്റവും കുറഞ്ഞ ശുഭാപ്തി വിശ്വാസികളുള്ളത് പെറുവിലാണെന്ന് സര്‍വേ പറയുന്നു. ഫ്രാന്‍സ്, ഇസ്രായേല്‍, ജപ്പാന്‍ തുടങ്ങിയവയും ശുഭാപ്തി വിശ്വാസികള്‍ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine