Economy

സ്‌കോച്ച് വിസ്‌കിക്ക് തീരുവയിളവ് നിഷേധിച്ചതിനെതിരെ മദ്യക്കമ്പനികള്‍; ഇന്ത്യ-ബ്രിട്ടന്‍ വ്യാപാരക്കരാറില്‍ ആദ്യ തര്‍ക്കം

ഡിയാജിയോയും പെര്‍നോ റിക്കാര്‍ഡും ബ്രിട്ടനില്‍ നിന്ന് ബള്‍ക്ക് കോണ്‍സന്‍ട്രേറ്റുകള്‍ ഇറക്കുമതി ചെയ്ത് മറ്റ് ചേരുവകളുമായി കലര്‍ത്തിയാണ് ഇന്ത്യയില്‍ ജനപ്രിയമായ നിരവധി മദ്യബ്രാന്‍ഡുകള്‍ നിര്‍മിക്കുന്നത്

Dhanam News Desk

ഇന്ത്യ-യുകെ വ്യാപാര കരാറുമായി ബന്ധപ്പെട്ട് സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതിയില്‍ തര്‍ക്കം. ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്‌കോച്ച് വിസ്‌കിക്ക് കരാര്‍ പ്രകാരമുള്ള കുറഞ്ഞ തീരുവ അനുവദിക്കാത്തതാണ് വിവാദമായിരിക്കുന്നത്. പ്രമുഖ മദ്യനിര്‍മാതാക്കളായ ഡിയാജിയോ (Diageo), പെര്‍നോ റിക്കാര്‍ഡ് (Pernod Ricard) എന്നിവരുള്‍പ്പെടുന്ന വ്യവസായ സംഘടന ഇക്കാര്യത്തില്‍ കേന്ദ്ര വാണിജ്യമന്ത്രാലയത്തെ സമീപിച്ചു.

ഇന്ത്യ-ബ്രിട്ടന്‍ വ്യാപാരക്കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ഇന്ത്യന്‍ കസ്റ്റംസ് അധികൃതരുടെ നിലപാടെന്ന് ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ISWAI) ആരോപിച്ചു. വാണിജ്യമന്ത്രിക്ക് അയച്ച കത്തിലാണ് സംഘടന ആശങ്ക അറിയിച്ചിരിക്കുന്നത്.

ജൂലൈ 15ന് പ്രാബല്യത്തില്‍ വന്ന ഇന്ത്യ-ബ്രിട്ടന്‍ വ്യാപാരക്കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്നായിരുന്നു സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത്. ഇതുപ്രകാരം 150 ശതമാനം തീരുവയ്ക്ക് പകരം 75 ശതമാനമായിരുന്നു ഈടാക്കേണ്ടിയിരുന്നത്. എന്നാല്‍, ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് പരാതി.

കരാര്‍ പ്രകാരം ചില സ്‌കോച്ച് വിസ്‌കി ഇറക്കുമതികള്‍ക്കുള്ള തീരുവ 150 ശതമാനത്തില്‍ നിന്ന് ഉടന്‍ 75 ശതമാനമായി കുറയ്ക്കാനും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 40 ശതമാനമായി താഴ്ത്താനുമാണ് ഇന്ത്യ സമ്മതിച്ചത്. ബ്രിട്ടീഷ് മദ്യക്കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

മദ്യകമ്പനികളില്‍ പരിശോധന

ഡിയാജിയോ, പെര്‍നോ ഓഫീസുകളില്‍ അടുത്തിടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (DRI) പരിശോധന നടത്തിയിരുന്നു. ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളെ തെറ്റായ കസ്റ്റംസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കുറഞ്ഞ തീരുവയുടെ ആനുകൂല്യം നേടിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ഈ മാസം ഡിയാജിയോയുടെയും പെര്‍നോ റിക്കാര്‍ഡിന്റെയും ഓഫീസുകളില്‍ പരിശോധന നടത്തുകയും കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ക്രിസില്‍ റേറ്റിംഗ്സിന്റെ കണക്കുപ്രകാരം ഇന്ത്യയുടെ ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ ഏകദേശം 75 ശതമാനവും ബ്രിട്ടനില്‍ നിന്നാണ്. ഇതില്‍ സ്‌കോച്ച് വിസ്‌കിക്കാണ് പ്രധാന പങ്ക്.

ഡിയാജിയോയും പെര്‍നോ റിക്കാര്‍ഡും ബ്രിട്ടനില്‍ നിന്ന് ബള്‍ക്ക് കോണ്‍സന്‍ട്രേറ്റുകള്‍ ഇറക്കുമതി ചെയ്ത് മറ്റ് ചേരുവകളുമായി കലര്‍ത്തിയാണ് ഇന്ത്യയില്‍ ജനപ്രിയമായ നിരവധി മദ്യബ്രാന്‍ഡുകള്‍ നിര്‍മിക്കുന്നത്. റോയല്‍ സ്റ്റാഗ്, ബ്ലെന്‍ഡേഴ്സ് പ്രൈഡ്, മക്ഡവല്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT