കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയിട്ടും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ അതിനനുസരിച്ചുള്ള വര്‍ധന ഉണ്ടായിട്ടില്ലെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (WGC) ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാധാരണയായി നികുതി കൂടുമ്പോള്‍ വിലയും ഉടനടി വര്‍ധിക്കാറുള്ളതാണെങ്കിലും ഇത്തവണ ഇന്ത്യന്‍ വിപണിയില്‍ തികച്ചും അസാധാരണമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. നികുതി വര്‍ധന പൂര്‍ണമായി വിപണി വിലയിലേക്ക് പ്രതിഫലിക്കാന്‍ സമയമെടുക്കുന്നതും ആവശ്യക്കാര്‍ കുറഞ്ഞതുമാണ് ഇതിന് കാരണം.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ 9 ശതമാനത്തിന്റെ വലിയ വര്‍ധനയാണ് വരുത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വര്‍ധന വെറും 4 മുതല്‍ 6 ശതമാനം വരെ മാത്രമാണ്. നികുതി വര്‍ധനയുടെ തോതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. ഉയര്‍ന്ന നിരക്കിലുള്ള നികുതി മാറ്റങ്ങള്‍ മൊത്തക്കച്ചവടക്കാരില്‍ നിന്നും റീറ്റെയ്ല്‍ ജുവലറികളിലേക്കും തുടര്‍ന്ന് ഉപഭോക്താക്കളിലേക്കും പൂര്‍ണമായി എത്തിച്ചേരാന്‍ സമയമെടുക്കുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ റിസര്‍ച്ച് ഹെഡ് കവിത ചാക്കോ വിലയിരുത്തുന്നു.
നികുതി കൂടിയെങ്കിലും വിപണിയില്‍ ഡിമാന്‍ഡ് കുറവായതിനാല്‍ ഔദ്യോഗികമായി ഇന്ത്യയില്‍ എത്തുന്ന സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ (Official Landed Price) വളരെ കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണം കൈമാറ്റം ചെയ്യപ്പെടുന്നത്. മുന്‍പ് ഈ വിലവ്യത്യാസം ഔണ്‍സിന് വെറും 14 ഡോളര്‍ മാത്രമായിരുന്നെങ്കില്‍, ഇപ്പോഴത് 150 ഡോളര്‍ വരെയുള്ള വന്‍ ഡിസ്‌കൗണ്ടിലേക്ക് വ്യാപിച്ചിരിക്കുകയാണ്. മുന്‍പ് 2019-ലും 2022-ലും നികുതി കൂട്ടിയപ്പോഴും സമാനമായ വിലക്കുറവ് വിപണിയില്‍ അനുഭവപ്പെട്ടിരുന്നെങ്കിലും, ഇത്തവണ നികുതി വര്‍ധനയുടെ തോത് വളരെ വലുതായതുകൊണ്ട് ഈ വ്യത്യാസം വളരെ പ്രകടമാണ്.
പ്രധാന വിവാഹ സീസണുകളെല്ലാം അവസാനിച്ച സമയത്താണ് സര്‍ക്കാരിന്റെ ഈ നികുതി വര്‍ധന വന്നത്. കൂടാതെ മെയ് പകുതി മുതല്‍ ജൂണ്‍ പകുതി വരെയുള്ള കാലയളവ് സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ പൊതുവെ താല്പര്യം കാണിക്കാത്ത സമയമാണ്. വിപണിയില്‍ ഉപഭോക്താക്കള്‍ കുറഞ്ഞ ഈ സാഹചര്യത്തില്‍ സ്വര്‍ണവില പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് സാധിക്കില്ല. ഇതോടൊപ്പം വില കൂടിയതോടെ ആളുകള്‍ പുതിയ സ്വര്‍ണത്തിനായി പണം മുടക്കുന്നതിന് പകരം പഴയ സ്വര്‍ണാഭരണങ്ങള്‍ നല്‍കി പുതിയത് വാങ്ങുന്ന പ്രവണതയും ദൃശ്യമായി. നികുതി കൂട്ടുന്നതിന് തൊട്ടുമുന്‍പ് വ്യാപാരികള്‍ മുന്‍കൂട്ടി വന്‍തോതില്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത് സ്റ്റോക്ക് ചെയ്തിരുന്നതും വിപണിയില്‍ പെട്ടെന്നുള്ള വിലക്കയറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ സഹായിച്ചുവെന്നാണ് വിലയിരുത്തല്‍.
ഇറക്കുമതി തീരുവ ഉയരുമ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ വിലയും ആഭ്യന്തര വിലയും തമ്മില്‍ വലിയ വ്യത്യാസമുണ്ടാകും. മുന്‍കാലങ്ങളിലെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം വലിയ നികുതി വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്തേക്ക് അനധികൃതമായി സ്വര്‍ണം എത്തുന്ന സാഹചര്യം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. ഈ വിലവ്യത്യാസം ചൂഷണം ചെയ്ത് നികുതി വെട്ടിച്ച് സ്വര്‍ണം കടത്തുന്ന കള്ളക്കടത്ത് സംഘങ്ങള്‍ രാജ്യത്ത് കൂടുതല്‍ സജീവമാകാന്‍ ഇത് കാരണമായേക്കാം.
ഇറക്കുമതി തീരുവ വര്‍ധിച്ച സാഹചര്യത്തില്‍ ഈ വര്‍ഷം ഇന്ത്യയിലെ ആകെ സ്വര്‍ണ ഡിമാന്‍ഡില്‍ 50 മുതല്‍ 60 ടണ്‍ വരെ കുറവ് വരാന്‍ സാധ്യതയുണ്ടെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകൂട്ടുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തോളം കുറവാണ്. ഉയര്‍ന്ന ഇറക്കുമതിച്ചെലവ് കാരണം ആഭരണങ്ങള്‍ വാങ്ങുന്നതും നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണക്കട്ടികളും നാണയങ്ങളും വാങ്ങുന്നതും കുറയും. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ എന്നതിനാല്‍, ഇന്ത്യയിലെ ഈ 10 ശതമാനം ഡിമാന്‍ഡ് ഇടിവ് ആഗോളതലത്തില്‍ തന്നെ സ്വര്‍ണവില കുറയാന്‍ ഇടയാക്കിയേക്കും.
India’s Gold market shows an unusual disconnect after the government raised import duties on the precious metal.
Read DhanamOnline in English
Subscribe to Dhanam Magazine