Image courtesy: canva  
Economy

കണക്കില്‍ നൂറു മേനി; എന്നാല്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ കടുത്ത അഞ്ച് പ്രതിബന്ധങ്ങള്‍, ഏതൊക്കെയാണത്?

സമ്പദ്വ്യവസ്ഥയുടെ അടിത്തട്ടില്‍ ഘടനാപരവും രാഷ്ട്രീയവുമായ സമ്മര്‍ദ്ദങ്ങള്‍ ശക്തമാകുകയാണ്. നയപരമായി ചെറിയൊരു തെറ്റുപോലും വലിയ തിരിച്ചടിക്ക് ഇടയാക്കാം

Dhanam News Desk

ജിഡിപി കണക്കുകളും ഓഹരി വിപണി പ്രവണതകളും ഇന്ത്യയുടെ സാമ്പത്തിക നിലയെക്കുറിച്ച് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും രാജ്യവളര്‍ച്ചക്ക് മുന്നില്‍ അഞ്ച് ശക്തമായ പ്രതിബന്ധങ്ങള്‍. പുറമേ സ്ഥിരതയുള്ളതായി തോന്നുന്ന സമ്പദ്‌വ്യവസ്ഥയുടെ അടിത്തട്ടില്‍ ഘടനാപരവും രാഷ്ട്രീയവുമായ സമ്മര്‍ദ്ദങ്ങള്‍ ശക്തമാകുകയാണ്. നയപരമായി ചെറിയൊരു തെറ്റുപോലും വലിയ തിരിച്ചടിക്ക് ഇടയാക്കാം. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് കോളമിസ്റ്റായ ദേബാശിഷ് ബസുവാണ് പുതിയ ലേഖനത്തില്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്.

എന്തൊക്കെയാണ് അഞ്ചു പ്രതിബന്ധങ്ങള്‍?

ഉയര്‍ന്ന കടം-ജിഡിപി അനുപാതം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം കടബാധ്യത ചേര്‍ത്തുനോക്കുമ്പോള്‍ ഇന്ത്യയുടെ ഡെബ്റ്റ്-ടു-ജിഡിപി അനുപാതം ഇപ്പോഴും 80 ശതമാനത്തിന് മുകളിലാണ്. ശമ്പളങ്ങള്‍, പെന്‍ഷനുകള്‍, പലിശചെലവ്, സബ്‌സിഡികള്‍ തുടങ്ങിയ സ്ഥിരം ചെലവുകള്‍ സര്‍ക്കാര്‍ വരുമാനത്തിന്റെ വലിയൊരു പങ്ക് വിഴുങ്ങുന്നു. ഇതു മൂലം വികസനത്തിനും നിക്ഷേപത്തിനുമായി ഉപയോഗിക്കാവുന്ന തുക ചുരുങ്ങുകയാണ്.

നികുതി വരുമാനത്തില്‍ മന്ദഗതി

ഇന്ത്യയുടെ വരുമാനവളര്‍ച്ചയ്ക്ക് ശക്തിയേകിയിരുന്ന ജിഎസ്ടി പോലും അടുത്തിടെ മന്ദഗതിയിലാണെന്നതാണ് ബസു ചൂണ്ടിക്കാട്ടുന്ന രണ്ടാമത്തെ മുന്നറിയിപ്പ്. ഉപഭോഗം ക്ഷീണിക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വരുമാനം മന്ദഗതിയിലായാല്‍ ചെലവുകള്‍ കുറയ്ക്കുകയോ കൂടുതല്‍ കടം എടുക്കുകയോ ചെയ്യേണ്ട അവസ്ഥ സര്‍ക്കാരിന് നേരിടേണ്ടി വരും.

കുടുംബ സമ്പാദ്യത്തില്‍ ഇടിവ്

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ തൂണായിരുന്ന കുടുംബങ്ങളുടെ സേവിങ്‌സ് ഇപ്പോള്‍ വേഗത്തില്‍ ഇടിയുകയാണ്. ജിഡിപിയോട് ചേര്‍ത്തുനോക്കുമ്പോള്‍ സമ്പാദ്യ നിരക്ക് ഏകദേശം 10ല്‍ നിന്ന് 7 ശതമാനത്തിലേക്ക താഴുകയാണ്. തൊഴില്‍ സുരക്ഷയില്ലായ്മ, യഥാര്‍ഥ വേതനവര്‍ധനവില്ലായ്മ എന്നിവ ഇതിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. ഇതോടെ ഉപഭോഗത്തിനും ആഭ്യന്തര നിക്ഷേപത്തിനുമുള്ള വക കുറയുന്നു.

ആഗോള രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍

ആഭ്യന്തര ഘടകങ്ങള്‍ക്കൊപ്പം, ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങളും ശക്തമാണ്. അമേരിക്കയുമായി ബന്ധപ്പെട്ട വ്യാപാര സംഘര്‍ഷങ്ങളും തീരുവ ഭീഷണികളും കയറ്റുമതിയെയും നിക്ഷേപ തീരുമാനങ്ങളെയും ബാധിക്കുന്നു. ആഗോള വ്യാപാര വ്യവസ്ഥ കൂടുതല്‍ അനിശ്ചിതമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഉറച്ച നയതന്ത്ര നേട്ടങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല.

ജനത്തെ പാട്ടിലാക്കാനുള്ള വിദ്യകള്‍

വളര്‍ച്ച മന്ദഗതിയിലാകുമ്പോള്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ കൂടും. ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍, വായ്പ എഴുതിത്തള്ളല്‍, കൂടുതല്‍ സബ്‌സിഡികള്‍ തുടങ്ങിയ ജനപ്രിയ നടപടികളിലേക്കുള്ള നീക്കം സാമ്പത്തിക ശാസ്ത്രീയതയെ പിന്നിലാക്കാന്‍ സാധ്യത. ഇത് ധനകാര്യ അച്ചടക്കത്തെയും ദീര്‍ഘകാല സ്ഥിരതയെയും ബാധിക്കും.

ബസുവിന്റെ നിഗമനം

ഈ അഞ്ച് ഘടകങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തിരുത്തലിന് മതിയായ ഇടം ഇല്ലാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് ദേബാശിഷ് ബസു വിലയിരുത്തുന്നു. വളര്‍ച്ച കണക്കുകളില്‍ തുടരുന്നുണ്ടെങ്കിലും, ഉല്‍പാദനക്ഷമതയും തൊഴില്‍ സൃഷ്ടിയും അതിനൊപ്പമെത്തുന്നില്ല. നയപരമായ ചെറിയ പിഴവുകള്‍ പോലും വരുമാനക്കുറവും കടബാധ്യതയും നിക്ഷേപ മന്ദഗതിയും സൃഷ്ടിക്കാം. അതിനാല്‍ ധനകാര്യ അച്ചടക്കം, തൊഴില്‍ സൃഷ്ടിക്കല്‍, നിക്ഷേപ സൗഹൃദ നയങ്ങള്‍, സ്ഥിരതയുള്ള വിദേശനയം എന്നിവയില്‍ കൃത്യമായ തീരുമാനങ്ങളാണ് ഇന്ത്യക്ക് ഇനി നിര്‍ണായകമാകുന്നത്. അഞ്ചു പ്രതിബന്ധങ്ങളെ നേരിടാന്‍ കഴിഞ്ഞാല്‍ മാത്രമേ ദീര്‍ഘകാല വളര്‍ച്ച ഉറപ്പാക്കാന്‍ ഇന്ത്യക്ക് കഴിയൂവെന്ന് ബസു നിരീക്ഷിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT