ഇന്ത്യന്‍ ജനസംഖ്യയില്‍ ഏറ്റവും അതിസമ്പന്നര്‍ ഒരു ശതമാനം മാത്രം. അവരുടെ സ്വത്ത് 2000നും 2023നും ഇടയില്‍ വളര്‍ന്നത് 62 ശതമാനം. ദക്ഷിണാഫ്രിക്ക അധ്യക്ഷരായ ജി-20 രാജ്യങ്ങളുടെ റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നൊബേല്‍ പുരസ്‌കാര ജേതാവ് ജോസഫ് സ്റ്റിഗ്‌ലിറ്റ്‌സിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
സമ്പന്നരും ദരിദ്രരുമായുള്ള അന്തരം വര്‍ധിച്ച് അടിയന്തരമായി പരിഗണിക്കേണ്ട വിഷയമായി മാറിയിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ജനാധിപത്യത്തിനും സാമ്പത്തിക സുസ്ഥിരതക്കും വലിയ ഭീഷണി ഉയര്‍ത്തുകയാണ് ഈ അസമത്വം. 2000നും 2024നും ഇടയില്‍ ആഗോള തലത്തില്‍ പുതുതായി ഉണ്ടാക്കിയെടുത്ത ആസ്തികളുടെ 41 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനം കൈവശപ്പെടുത്തിയെന്നും പഠനത്തില്‍ പറയുന്നു.
ചൈനയും ഇന്ത്യയും പോലെ ജനസംഖ്യയില്‍ മുന്നിട്ടുനില്‍ക്കുന്ന പല രാജ്യങ്ങളിലും ആളോഹരി വരുമാനം വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള അസമത്വം പൊതുവെ കുറഞ്ഞിട്ടുണ്ട്. ഈ വളര്‍ച്ച കൊണ്ട് ഉന്നത വരുമാനക്കാരായ രാജ്യങ്ങള്‍ക്ക് ആഗോള ആസ്തിയിലുള്ള വിഹിതം കുറഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനം കാല്‍ നൂറ്റാണ്ടു കൊണ്ട് ആസ്തി 62 ശതമാനം വര്‍ധിപ്പിച്ചെങ്കില്‍ ചൈനയില്‍ ഈ വര്‍ധന 54 ശതമാനമാണ്. അങ്ങേയറ്റത്തെ അസമത്വം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിയുന്ന ഒന്നാണ്. അത് അനിവാര്യമായ ഒന്നല്ല. രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കില്‍ ആ സ്ഥിതി മാറ്റിയെടുക്കാനാവും. ആഗോള തലത്തിലുള്ള ഏകോപനമാണ് ഇതിന് വേണ്ടത്. ഇക്കാര്യത്തില്‍ ജി-20 രാജ്യങ്ങള്‍ക്ക് നിര്‍ണായകമായൊരു പങ്കുണ്ട്. ഉയര്‍ന്ന അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ജനാധിപത്യ അപചയം മറ്റു രാജ്യങ്ങളേക്കാള്‍ ഏഴിരട്ടി കൂടുതലായിരിക്കും.
2020നു ശേഷം ആഗോള തലത്തില്‍ ദാരിദ്ര്യം കുറയുന്നതിന്റെ വേഗത കുറഞ്ഞു. 230 കോടി ജനങ്ങള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ലോകത്ത് അരക്ഷിതാവസ്ഥ അനുഭവിക്കുന്നു. ലോകജനസംഖ്യയില്‍ പകുതിക്കും അവശ്യം ആവശ്യമായ ചികിത്‌സാ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. ചികിത്‌സാ ചെലവ് താങ്ങാനാവാത്ത മറ്റൊരു 130 കോടി ജനങ്ങള്‍ കൂടിയുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine