Image Courtesy: Canva
Economy

നല്ല ലക്ഷണം! സ്വര്‍ണ, ക്രൂഡ് ഇറക്കുമതി ഇനിയും കുറയുമോ? ഇന്ത്യയുടെ വ്യാപാര കമ്മി ഇപ്പോള്‍ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

2021 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

Dhanam News Desk

ഫെബ്രുവരിയിൽ ഇന്ത്യയുടെ വ്യാപാര കമ്മി 1,405 കോടി ഡോളറായി (1.22 ലക്ഷം കോടി രൂപ) കുറഞ്ഞു. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് വ്യാപാര കമ്മി എത്തിയിരിക്കുന്നത്. 2021 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറക്കുമതിയിലെ കുത്തനെയുള്ള ഇടിവാണ് ഇതിനുളള പ്രധാന കാരണങ്ങളിലൊന്ന്. ജനുവരിയിൽ ഇത് 22.9 ബില്യൺ ഡോളറായിരുന്നു.

ഇറക്കുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16 ശതമാനം കുറഞ്ഞ് 60.92 ബില്യൺ ഡോളറിൽ നിന്ന് 50.96 ബില്യൺ ഡോളറിലെത്തി. കയറ്റുമതി 11 ശതമാനം കുറഞ്ഞ് 41.41 ബില്യൺ ഡോളറിൽ നിന്ന് 36.91 ബില്യൺ ഡോളറിലെത്തി.

ഫെബ്രുവരിയിൽ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി മുൻ മാസത്തെ 2.68 ബില്യൺ ഡോളറിൽ നിന്ന് 2.3 ബില്യൺ ഡോളറായി കുറഞ്ഞതായും ക്രൂഡ് ഓയിൽ ഇറക്കുമതി ജനുവരിയിലെ 13.4 ബില്യൺ ഡോളറിൽ നിന്ന് 11.8 ബില്യൺ ഡോളറായി കുറഞ്ഞതായും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

വ്യാപാര കരാര്‍

യുഎസ് വ്യാപാര നയത്തിലെ വലിയ മാറ്റം ആഗോള വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചതായാണ് കരുതുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തത്തുല്യ ഇറക്കുമതി ചുങ്ക ഭീഷണി ലോകത്തെ പിടിച്ചുലച്ച സമയത്താണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്. ഏപ്രിൽ 2 മുതൽ നടപ്പാക്കാനിടയുളള തത്തുല്യ ഇറക്കുമതി ചുങ്കത്തിന് തടയിടാന്‍ ഇന്ത്യ യുഎസുമായി ഉഭയകക്ഷി വ്യാപാര കരാറിൽ ഏർപ്പെടാനുളള നീക്കത്തിലാണ്.

അതേസമയം, ആഗോള താരിഫ് യുദ്ധം കാരണം കയറ്റുമതി വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ഇറക്കുമതിയിലെ കുത്തനെയുള്ള കുറവ് വിദേശ വസ്തുക്കളുടെ ആവശ്യകത കുറയുന്നതിന്റെ സൂചനയാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആഭ്യന്തര വ്യവസായങ്ങൾക്ക് ഇത് വളരാനുള്ള അവസരങ്ങൾ നൽകുമെന്ന അഭിപ്രായങ്ങളും സജീവമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT