ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതിക്കാർക്ക് 30 ലക്ഷം കോടി ഡോളറിന്റെ വിപണി തുറന്നുകൊടുക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (MSME) കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ നേട്ടമാകുന്നതാണ് കരാര്‍. കയറ്റുമതിയിലുണ്ടാകുന്ന ഈ വർദ്ധന രാജ്യത്തെ സ്ത്രീകൾക്കും യുവാക്കൾക്കും ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പീയൂഷ് ഗോയൽ പറഞ്ഞു.
2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആരംഭിച്ച വിശാലമായ യുഎസ്-ഇന്ത്യ ഉഭയകക്ഷി വ്യാപാര കരാർ (BTA) ചർച്ചകളിലെ സുപ്രധാന ചുവടുവെപ്പാണിത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ഇത് സഹായിക്കും. മാർച്ച് പകുതിയോടെ അന്തിമ കരാറിൽ ഒപ്പിടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനറിക് മരുന്നുകൾ, രത്നങ്ങൾ, വജ്രം എന്നിവയുടെ നികുതി പൂജ്യമായി കുറയുന്നത് ഇന്ത്യയുടെ ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കും. ഇന്ത്യൻ കർഷകരുടെയും ഗ്രാമീണ ഉപജീവന മാർഗങ്ങളുടെയും താൽപ്പര്യങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ടാണ് കരാർ മുന്നോട്ട് പോകുന്നത്. പാൽ, കോഴിയിറച്ചി, ഗോതമ്പ്, അരി, പച്ചക്കറികൾ തുടങ്ങി സെൻസിറ്റീവായ കാർഷിക-ക്ഷീര ഉൽപ്പന്നങ്ങള്‍ക്ക് താരിഫുകളില്‍ നിന്ന് സംരക്ഷണം നല്‍കും.
അമേരിക്കയിൽ നിക്ഷേപം നടത്തുമെന്ന് ഇന്ത്യ യാതൊരു പ്രതിബദ്ധതയും നൽകിയിട്ടില്ലെന്നും പീയൂഷ് ഗോയൽ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെയാണ് ഈ വിശദീകരണം. 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള വളർച്ചയുടെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അമേരിക്കയിൽ നിന്ന് 500 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്തേക്കാം.
ഊർജം, ഡാറ്റാ സെന്റർ ഉപകരണങ്ങൾ, സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകള്‍ക്കും ഇന്റർനെറ്റ് സേവനങ്ങള്‍ക്കും ആവശ്യമായ ഐസിടി ഡിവൈസുകള്‍, വിമാനങ്ങൾ തുടങ്ങിയവക്കായിരിക്കും പ്രധാന്യം നല്‍കുക. വിമാനങ്ങൾക്കും അനുബന്ധ ഭാഗങ്ങൾക്കുമായി മാത്രം 100 ബില്യൺ ഡോളർ ചെലവായേക്കാം. 2030 ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കയറ്റുമതിയും ഇറക്കുമതിയും ഒരുപോലെ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും പീയൂഷ് ഗോയൽ പറഞ്ഞു.
India–US interim trade deal opens $30 trillion market, promises job growth and export boost, says Piyush Goyal.
Read DhanamOnline in English
Subscribe to Dhanam Magazine