ഇറാനില്‍ തെരുവുകള്‍ പുതിയൊരു വിപ്ലവത്തിന്റെ മുഴക്കത്തില്‍. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ആരംഭിച്ച ജനകീയ അസ്വസ്ഥതകള്‍ ഇപ്പോള്‍ ഭരണകൂടത്തിനെതിരായ തുറന്ന പ്രതിഷേധമായി മാറിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേന നടത്തുന്ന കടുത്ത നടപടികള്‍ രാജ്യത്തെ കൂടുതല്‍ അസ്ഥിരതയിലേക്ക് തള്ളുമ്പോള്‍, അമേരിക്കയും തുറന്ന മുന്നറിയിപ്പുകളുമായി രംഗത്തെത്തിയിരിക്കുന്നു. പശ്ചിമേഷ്യയില്‍ ഒരു വലിയ പൊട്ടിത്തെറി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ലോകം.
ഡിസംബര്‍ അവസാനത്തോടെ ആരംഭിച്ച പ്രതിഷേധങ്ങള്‍ ആദ്യഘട്ടത്തില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും പ്രതിഷേധങ്ങളുടെ സ്വഭാവം മാറി. ഭരണകൂടത്തെയും മതാധിപത്യ സംവിധാനത്തെയും ചോദ്യം ചെയ്യുന്ന മുദ്രാവാക്യങ്ങളാണ് ഇപ്പോള്‍ ഇറാനിലെ പല നഗരങ്ങളിലും മുഴങ്ങുന്നത്.
രാജ്യത്തെ എല്ലാ പ്രവിശ്യകളിലേക്കും പ്രക്ഷോഭം വ്യാപിച്ചതോടെ സര്‍ക്കാര്‍ ശക്തമായ നിയന്ത്രണ നടപടികളിലേക്ക് നീങ്ങി. ഇന്റര്‍നെറ്റ് സേവനങ്ങളും ആശയവിനിമയ സംവിധാനങ്ങളും വലിയ തോതില്‍ വിച്ഛേദിച്ചതിനാല്‍ യഥാര്‍ഥ സ്ഥിതി പുറത്തുവരാത്ത സ്ഥിതി.
മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇതുവരെ 600ലധികം പേര്‍ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പും കൂട്ട അറസ്റ്റുകളും നടപ്പാക്കിയെന്ന ആരോപണം സര്‍ക്കാരിനെതിരെ ശക്തമാണ്.
ഇറാന്‍ സര്‍ക്കാര്‍ ഈ കണക്കുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം, മരണസംഖ്യ ഇതിലും കൂടുതലാകാമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍.
യുഎസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നേതൃത്വത്തിലുള്ള ഭരണകൂടം ഇറാനെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ പരിഗണിക്കുകയാണ്. പ്രതിഷേധക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കഠിന പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്.
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കെതിരേ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ, സാമ്പത്തിക സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാകുകയാണ്. ഇതിലൂടെ ഇറാനെ മാത്രമല്ല, അതിന്റെ വ്യാപാര പങ്കാളികളെയും സമ്മര്‍ദ്ദത്തിലാക്കുകയാണ് യുഎസിന്റെ ലക്ഷ്യം.
സൈനിക നടപടി ഉള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും ട്രംപ് പരിഗണിക്കുന്നുണ്ട്. എങ്കിലും നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന് യുഎസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ഇറാനിലെ ചില വിഭാഗങ്ങളില്‍ നിന്ന് ചര്‍ച്ചകള്‍ക്കുള്ള താല്‍പര്യ സൂചനകള്‍ ലഭിച്ചതായും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇറാനില്‍ കഴിയുന്ന യുഎസ് പൗരന്മാരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാഹചര്യം അതീവ അപകടകരമാണെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് ഈ നീക്കം.
യുഎസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇറാന്‍ കടുത്ത ഭാഷയിലാണ് മറുപടി നല്‍കുന്നത്. വിദേശ ഇടപെടല്‍ അംഗീകരിക്കില്ലെന്നും, ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, ന്യായമായ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന സന്ദേശവും ഭരണകൂടം ഒരേസമയം നല്‍കുന്നുണ്ട്.
ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. മറുവശത്ത്, യുഎസിന്റെ തീരുവ ഭീഷണികളെ ചൈന അപലപിച്ചു. ഈ നിലപാടുകള്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം ഒരു ആഗോള നയതന്ത്ര പ്രശ്നമായി മാറുന്നുവെന്ന സൂചനയാണ് നല്‍കുന്നത്.
ഇറാനിലെ യഥാര്‍ഥ സ്ഥിതി ഇപ്പോഴും മുഴുവനായി പുറത്തു വരുന്നില്ല. ആശയവിനിമയ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മരണസംഖ്യയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പൂര്‍ണ ചിത്രം പുറത്തുവരാന്‍ സമയമെടുക്കും. എന്നാല്‍ ഒരു കാര്യം വ്യക്തമാണ് - ഇറാനിലെ ഈ പ്രക്ഷോഭം വെറും ആഭ്യന്തര പ്രതിഷേധമല്ല; അത് പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടത്തെയും ആഗോള ശക്തിസമവാക്യങ്ങളെയും തന്നെ ബാധിക്കാവുന്ന ഒരു വലിയ വഴിത്തിരിവായി മാറുകയാണ്.
ഇറാന്‍ പതിറ്റാണ്ടുകളായി ഇറാഖ്, സിറിയ, ലെബനന്‍, യെമന്‍ സഖ്യകക്ഷികളിലൂടെ മേഖലയിലെ ശക്തിയായി നിലകൊണ്ടിരുന്നു. ഭണമാറ്റമുണ്ടായാല്‍ ഈ കണ്ണികള്‍ ദുര്‍ബലമാകാനോ തകര്‍ന്നുപോകാനോ സാധ്യതയുണ്ട്. ഇത് ഇസ്രയേല്‍, ഗള്‍ഫ് രാജ്യങ്ങള്‍, യുഎസ് എന്നിവയുടെ സുരക്ഷാപരമായ കണക്കുകൂട്ടലുകള്‍ തന്നെ മാറ്റും.
യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് പിന്തുണ നല്‍കിയ പ്രധാന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. അവിടെ ഭരണകൂടം ദുര്‍ബലമായാല്‍, റഷ്യയുടെ ആഗോള സ്വാധീനത്തിനും വലിയ തിരിച്ചടിയാകും. ഇതോടെ ലോകം കൂടുതല്‍ ബഹുശക്തി സമവാക്യത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇറാന്‍ ഒരു പ്രധാന എണ്ണ ഉത്പാദക രാജ്യമാണെന്നിരിക്കേ, അവിടുത്തെ അസ്ഥിരത ആഗോള ക്രൂഡ് ഓയില്‍ വില ഉയരാന്‍ ഇടയാക്കും.
ഇന്ത്യ ഒരുകാലത്ത് ഇറാനില്‍ നിന്ന് വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നു. വിലക്കുറവും അനുകൂല വ്യവസ്ഥകളും ഇന്ത്യയ്ക്ക് നേട്ടമായിരുന്നു. ഇറാനിലെ അസ്ഥിരതയോ പുതിയ യുഎസ് ഉപരോധങ്ങളോ എണ്ണ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കാം. പണപ്പെരുപ്പം കുത്തനെ ഉയര്‍ത്താം.
ഇന്ത്യയുടെ പശ്ചിമേഷ്യ-മധ്യേഷ്യ ബന്ധത്തിന്റെ പ്രധാന വാതിലായിരുന്നു ചാബഹാര്‍ തുറമുഖം. ഇറാനില്‍ ഭരണമാറ്റമോ ദീര്‍ഘകാല അസ്ഥിരതയോ ഉണ്ടായാല്‍ ഇന്ത്യയുടെ തന്ത്രപ്രധാന നിക്ഷേപങ്ങള്‍ പ്രതിസന്ധിയിലാകും. ഇറാനുമായി പരമ്പരാഗത ബന്ധവും യു.എസുമായി തന്ത്രപരമായ സഖ്യവുമുള്ള ഇന്ത്യക്ക് നയതന്ത്ര തലത്തില്‍ ഞാണിന്മേല്‍ കളി വേണ്ടിവരുന്ന സ്ഥിതി.
Read DhanamOnline in English
Subscribe to Dhanam Magazine