കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങളെയും അദാനി-അംബാനിമാരുടെ പുതിയ പദ്ധതികളെയും കോര്‍ത്തിണക്കി സാമൂഹിക മാദ്ധ്യമങ്ങളിലും മറ്റും വിമര്‍ശനം ഉയരുന്നത് പുതുമയല്ല. കഴിഞ്ഞ ദിവസമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജിയോബുക്ക് എന്ന ലാപ്‌ടോപ്പ് പുറത്തിറക്കിയത്. പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിദേശത്ത് നിന്നുള്ള ലാപ്‌ടോപ്പ് ഇറക്കുമതിക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇതോടെ സാമൂഹിക മാദ്ധ്യമങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വിമര്‍ശനങ്ങള്‍ നിറയുകയാണ്.
ജിയോ ബുക്കും ലാപ്ടോപ്പ് നിയന്ത്രണവും
പെട്ടെന്നുള്ള ലാപ്ടോപ്പ് ഇറക്കുമതി നിയന്ത്രണം അംബാനിയെ സഹായിക്കാനല്ലേ എന്ന ചോദ്യം സാമൂഹിക മാദ്ധ്യമങ്ങളില്‍ പരക്കുകയാണ്.
മെയ്ക്ക് ഇന്‍ ഇന്ത്യ, പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ/PLI) സ്‌കീം എന്നിവ പ്രകാരം ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനാണ് ഇറക്കുമതി നിയന്ത്രണമെന്ന വാദമാണ് കേന്ദ്രം വീണ്ടും പറയുന്നത്.
സുരക്ഷാകാര്യങ്ങള്‍ ഉള്‍പ്പെടെ മുന്‍നിറുത്തി ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുകയും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. നിലവില്‍, ലാപ്‌ടോപ്പ് ഇറക്കുമതി നിരോധിക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നിലെ കാരണം ഇതാണെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പി.എല്‍.ഐയിലേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ നിലവിലെ തീരുമാനം സഹായിച്ചേക്കുമെന്ന പ്രതികരണങ്ങളും സാമൂഹിക മാദ്ധ്യമങ്ങളില്‍ കാണാം.
അതേസമയം, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക ലൈസന്‍സ് നേടി കമ്പനികള്‍ക്ക് ഇറക്കുമതി തുടരാം. എന്നാല്‍, ഇത് പഴയ 'ലൈസന്‍സ് രാജ്' കാലഘട്ടത്തിലേക്ക് രാജ്യത്തെ നയിക്കാനേ ഉപകരിക്കൂ എന്ന് ചിലര്‍ വാദിക്കുന്നുണ്ട്.
നേരത്തേ, കേന്ദ്രം ചൈനയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ നിരവധി കമ്പനികള്‍ ഇന്ത്യയില്‍ ഫാക്ടറി തുറന്ന് ഉത്പാദനം ആരംഭിച്ചിരുന്നു. ലാപ്‌ടോപ്പിനും ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപമെത്താനും ഇവിടെ ഫാക്ടറികള്‍ തുറക്കാനും സഹായിക്കുമെന്ന വിലയിരുത്തലുകളുമുണ്ട്.
മുൻപും സമാന വിമർശനം
2022 ഫെബ്രുവരി 10നാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശ നിര്‍മ്മിത ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ചത്. മെയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിന്റെ ഭാഗമായി ഇന്ത്യയിലെ ഡ്രോണ്‍ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു അന്ന് കേന്ദ്രം പറഞ്ഞത്. തൊട്ടടുത്ത ദിവസം, അതായത് ഫെബ്രുവരി 11ന് ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡ്രോണ്‍ നിര്‍മ്മാണ പദ്ധതി പ്രഖ്യാപിച്ചു!
ഇറക്കുമതിക്ക് പൂട്ട്
വിദേശത്ത് നിന്നുള്ള ലാപ്‌ടോപ്പ്, ടാബ്, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ചാണ് കേന്ദ്രം ഇന്നലെ ഉത്തരവിറക്കിയത്. ഇവയുടെ ഘടകങ്ങള്‍ ഇറക്കുമതി ചെയ്യാനും ഇന്ത്യയിലെത്തിച്ച് അസംബിള്‍ ചെയ്യാനും തടസ്സമില്ല. ഓണം അടക്കമുള്ള ഉത്സവകാലം അടുത്തിരിക്കേ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ആപ്പിള്‍, സാംസംഗ്, ഡെല്‍, ലെനോവോ തുടങ്ങിയവയ്ക്ക് തിരിച്ചടിയാകും.
2021-22ല്‍ 54,956 കോടി രൂപയുടെയും 2022-23ല്‍ 42,626 കോടി രൂപയുടെയും ലാപ്‌ടോപ്പ്, ടാബ്, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഇറക്കുമതി ഇന്ത്യ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇറക്കുമതിയില്‍ 77 ശതമാനവും (32,800 കോടി രൂപ) ചൈനയില്‍ നിന്നായിരുന്നു. സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്നും 8-10 ശതമാനത്തോളം ഇറക്കുമതിയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine