ആഗോള നിക്ഷേപ സ്ഥാപനമായ ജഫറീസ് (Jefferies) വിപണികളെ അമ്പരപ്പിച്ച് ദീര്‍ഘകാല നിക്ഷേപ തന്ത്രത്തില്‍ വലിയ മാറ്റം പ്രഖ്യാപിച്ചു. ബിറ്റ്‌കോയിനില്‍ നിന്ന് പൂര്‍ണമായി പിന്മാറി, സ്വര്‍ണത്തിലും സ്വര്‍ണവുമായി ബന്ധപ്പെട്ട ഓഹരികളിലേക്കും നിക്ഷേപം മാറ്റണമെന്നാണ് ജെഫറീസ് നിക്ഷേപകരോട് ആവശ്യപ്പെടുന്നത്.
ജഫറീസിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ണായക ശുപാര്‍ശ. ബിറ്റ്‌കോയിനു മുന്നില്‍ ദീര്‍ഘകാല സാങ്കേതിക ഭീഷണിയായി ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ വളര്‍ച്ചയെ കാണുകയാണ് ജഫറീസ്.
ഭാവിയില്‍ വികസിക്കുന്ന ക്വാണ്ടം കംപ്യൂട്ടറുകള്‍ക്ക് ബിറ്റ്‌കോയിന്‍ നെറ്റ്‌വര്‍ക്കിന്റെ ക്രിപ്‌റ്റോഗ്രാഫിക് സുരക്ഷ തകര്‍ക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ കംപ്യൂട്ടറുകളില്‍ നിന്ന് ഭിന്നമായി, ക്വാണ്ടം കംപ്യൂട്ടറുകള്‍ക്ക് ഇതിന് മണിക്കൂറുകളോ ദിവസങ്ങളോ മതി എന്നതാണ് ജെഫറീസ് മുന്നറിയിപ്പ്.
ഇത് ബിറ്റ്‌കോയിന്റെ ഏറ്റവും വലിയ അവകാശവാദമായ 'സ്റ്റോര്‍ ഓഫ് വാല്യൂ' എന്ന ആശയത്തെ തന്നെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ബിറ്റ്‌കോയിന്റെ അടിസ്ഥാന വിശ്വാസ്യത കുറയുന്നതായി ജെഫറീസ് വിലയിരുത്തുന്നു - പ്രത്യേകിച്ച് പെന്‍ഷന്‍ ഫണ്ടുകള്‍ പോലുള്ള ദീര്‍ഘകാല നിക്ഷേപം.
ഈ ആശങ്കയുടെ പശ്ചാത്തലത്തിലാണ് ജെഫറീസ് തങ്ങളുടെ യുഎസ് ഡോളര്‍ അടിസ്ഥാനമാക്കിയ ദീര്‍ഘകാല പെന്‍ഷന്‍ പോര്‍ട്ട്‌ഫോളിയോയില്‍ നിന്നുള്ള 10 ശതമാനം ബിറ്റ്‌കോയിന്‍ നിക്ഷേപം പൂര്‍ണമായി ഒഴിവാക്കിയത്. ഇതില്‍ പകുതി ഭൗതിക സ്വര്‍ണത്തിലേക്കും, ശേഷിക്കുന്ന 5 ശതമാനം സ്വര്‍ണ ഖനന കമ്പനികളുടെ ഓഹരികളിലേക്കും മാറ്റി. ഈ മാറ്റത്തോടെ ജെഫറീസിന്റെ പുതുക്കിയ പോര്‍ട്ട്‌ഫോളിയോയില്‍ ഏകദേശം 70 ശതമാനത്തോളം നിക്ഷേപം സ്വര്‍ണത്തിലും സ്വര്‍ണവുമായി ബന്ധപ്പെട്ട ആസ്തികളിലുമാണ്.
ബിറ്റ്‌കോയിന്‍ വില ഉടന്‍ തകര്‍ന്നുവീഴും എന്നതല്ല ഇതിനര്‍ഥം. എന്നാല്‍, കുറഞ്ഞ സാധ്യതയുള്ളതെങ്കിലും വലിയ ആഘാതം സൃഷ്ടിക്കാന്‍ കഴിയുന്ന ഇത്തരം ദീര്‍ഘകാല ഭീഷണികള്‍ പോലും നിക്ഷേപ തന്ത്രങ്ങളില്‍ ഗൗരവമായി പരിഗണിക്കേണ്ടതാണെന്നാണ് ജഫറീസ് നിലപാട്. അതേസമയം, സ്വര്‍ണം നൂറ്റാണ്ടുകളായി സാമ്പത്തിക പ്രതിസന്ധികളും രാഷ്ട്രീയ അസ്ഥിരതകളും കറന്‍സി മാറ്റങ്ങളും അതിജീവിച്ച ഒരു സുരക്ഷിത നിക്ഷേപ മാര്‍ഗമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണം കൂടുതല്‍ ആകര്‍ഷകം.
ആഗോള വിപണികള്‍ പണപ്പെരുപ്പ ആശങ്കകളും കേന്ദ്ര ബാങ്ക് നയങ്ങളും നിക്ഷേപകരുടെ മനോഭാവമാറ്റങ്ങളും വിലയിരുത്തുന്ന ഈ ഘട്ടത്തില്‍, ജെഫറീസിന്റെ ഈ നിലപാട് ഡിജിറ്റല്‍ ആസ്തികളും പരമ്പരാഗത സുരക്ഷിത നിക്ഷേപങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പുതിയ ദിശ നല്‍കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine