Canva, Jm Financial
Economy

ജെഎം ഫിനാന്‍ഷ്യലിന് രണ്ടാം പാദത്തില്‍ 270 കോടി രൂപ മൊത്ത ലാഭം, ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു

മ്യൂച്വല്‍ ഫണ്ട് ശരാശരി ആസ്തി 30 ശതമാനം ഉയര്‍ന്ന് 14,902 കോടി രൂപയായി. എസ്ഐപിയിലൂടെ പ്രതിമാസം 115 കോടി രൂപയാണ് ലഭിച്ചത്

Dhanam News Desk

പ്രമുഖ ധനകാര്യ സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ സെപ്തംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ നികുതിക്കു ശേഷം 270 കോടി രൂപ മൊത്ത ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തെയപേക്ഷിച്ച് ലാഭം 16 ശതമാനം വര്‍ധിച്ചതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓഡിറ്റു ചെയ്യാത്ത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓഹരിയൊന്നിന് 1.5 രൂപ വീതം ഇടക്കാല ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഫീസ്, കമ്മീഷന്‍ ഇനങ്ങളിലായി 341 കോടി രൂപയുടെ എക്കാലത്തേയും ഉയര്‍ന്ന വരുമാനമാണ് രണ്ടാം പാദത്തില്‍ കമ്പനി നേടിയത്. മുന്‍വര്‍ഷം സമാന കാലയളവിനേക്കാള്‍ 20 ശതമാനം വളര്‍ച്ചയുണ്ടായി. കൈകാര്യം ചെയ്യുന്ന ആസ്തിയിലും വര്‍ധനയുണ്ട്. പതിനൊന്ന് പുതിയ ശാഖകള്‍ കൂടി വന്നതോടെ വില്‍പന മുന്‍വര്‍ഷത്തെയപേക്ഷിച്ച് 43 ശതമാനം വര്‍ധിച്ചു. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 26 ശതമാനം ഉയര്‍ന്ന് 32,021 കോടി രൂപയുടേതായി.

എല്ലായിടത്തും വളര്‍ച്ച

മ്യൂച്വല്‍ ഫണ്ട് ശരാശരി ആസ്തി 30 ശതമാനം ഉയര്‍ന്ന് 14,902 കോടി രൂപയായി. എസ്ഐപിയിലൂടെ പ്രതിമാസം 115 കോടി രൂപയാണ് ലഭിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 59 ശതമാനം അധികമാണിത്. ഭവന വായ്പ ആസ്തി 28 ശതമാനം വളര്‍ന്ന് 3,031 കോടി രൂപയായി. ഉപഭോക്താക്കളുടെ എണ്ണത്തില്‍ 29 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രഥമിക ഓഹരി വില്‍പനയിലൂടെയുള്ള (ഐ.പി.ഒ) ധന വിനിമയം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 56 ഐപിഒ അഭ്യര്‍ത്ഥനകളിലൂടെ 1,20,000 കോടി രൂപയാണ് വിനിമയം ചെയ്യപ്പെട്ടത്.

പിന്നിട്ട പാദത്തിലും ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതില്‍ കമ്പനി വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിശാല്‍ കംപാനി സംതൃപ്തി പ്രകടിപ്പിച്ചു. മിടുക്കരായ ജീവനക്കാരെ നിയമിച്ച് അടിത്തറ വികസിപ്പിക്കാനും ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള ശ്രമം നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

JM Financial posted a ₹270 crore profit in Q2 with 16% growth year-on-year and announced an interim dividend of ₹1.5 per share.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT