Economy

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഓര്‍ഡറുകള്‍ നേടി കെല്‍ട്രോണ്‍; ഉത്തരേന്ത്യയില്‍ സ്മാര്‍ട്ട് ക്ലാസ്‌റൂം ഒരുക്കാനും കരാര്‍

അടുത്തിടെ യുപി, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ അങ്കണവാടി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ സ്മാര്‍ട്ട് ക്ലാസ്റൂം ഒരുക്കുന്നതിന് 100 കോടി രൂപയുടെ പദ്ധതികള്‍ കെല്‍ട്രോണിന് ലഭിച്ചിരുന്നു.

Dhanam News Desk

സംസ്ഥാനത്തെ പ്രധാന പൊതുമേഖല സ്ഥാപനങ്ങളിലൊന്നായ കെല്‍ട്രോണിന് പുതിയ കരാറുകള്‍ ലഭിച്ചു. കരാറുകളുടെ ഒപ്പിടല്‍ കളമശ്ശേരി ചാക്കോളാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലാണ് നടന്നത്. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ നാവികസേനകള്‍ക്കായി 18 കോടി രൂപയുടെ പാസീവ് സോണാര്‍ കയറ്റുമതി കരാര്‍, കോക്കോണിക്‌സ് ലാപ്‌ടോപ്പ് നിര്‍മാണ യൂണിറ്റിന്റെ പുനരുദ്ധാരണത്തിനായുള്ള ഓഹരി കൈമാറ്റം എന്നിവയാണ് നടന്നത്.

മുംബൈ ആസ്ഥാനമായ 'മെസേഴ്‌സ് നിയോ പവര്‍' വഴിയുള്ള സൗത്ത് ഏഷ്യ-നോര്‍ത്ത് ആഫ്രിക്ക രാജ്യങ്ങളുമായുള്ള കരാര്‍ യാഥാര്‍ത്ഥ്യമായത്. കെല്‍ട്രോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ കയറ്റുമതി ഓര്‍ഡറാണിത്. 2025ല്‍ കെല്‍ട്രോണ്‍ 300 സോണാര്‍ ഘടകങ്ങള്‍ നിയോ പവര്‍ വഴി കൃത്യസമയത്ത് മികച്ച ഗുണനിലവാരത്തോടെ കയറ്റുമതി നടത്തി സാങ്കേതിക മികവും കൃത്യനിഷ്ഠയും തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കരാര്‍ ലഭിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഓര്‍ഡറുകള്‍ നേടാന്‍ പുതിയ കരാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

കോക്കോണിക്‌സ് ഓഹരികള്‍ കൈമാറി

കെല്‍ട്രോണും കെ.എസ്.ഐ.ഡി.സിയും യു.എസ്.ടി ഗ്ലോബലും ചേര്‍ന്ന് രൂപീകരിച്ച കമ്പനിയാണ് കോക്കോണിക്‌സ്. തമിഴ്‌നാട്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതികളില്‍ കെല്‍ട്രോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ചെന്നൈ ആസ്ഥാനമായ കെ.എസ് സ്മാര്‍ട്ട് കോക്കോണിക്‌സിന്റെ 40 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനാണ് രണ്ടാമത്തെ കരാര്‍. കോക്കോണിക്‌സ് ലാപ്‌ടോപ്പുകളുടെ ഓഹരി കൈമാറ്റ ഉടമ്പടി ശ്രീകുമാര്‍ നായരില്‍ നിന്നും കെ. എസ് സ്മാര്‍ട്ട് ഡയറക്ടര്‍ രോഹന്‍ രാമസ്വാമി ഏറ്റുവാങ്ങി.

അടുത്തിടെ യുപി, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ അങ്കണവാടി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ സ്മാര്‍ട്ട് ക്ലാസ്റൂം ഒരുക്കുന്നതിന് 100 കോടി രൂപയുടെ പദ്ധതികള്‍ കെല്‍ട്രോണിന് ലഭിച്ചിരുന്നു.

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിക്ക് 70 കോടി രൂപയുടേതാണ് കരാര്‍. നാലു മാസത്തിനകം മൊത്തം 2,107 സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍ സജ്ജമാക്കും. യുപിയിലെ 10,088 അങ്കണവാടികള്‍ സ്മാര്‍ട്ടാക്കാനുള്ള പദ്ധതി 30 കോടിയുടേതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT