Economy

ബജറ്റ് സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ചുള്ളത്; കേരള ബാങ്ക് സിഇഒ പി.എസ്.രാജന്‍

ബജറ്റിലെ സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി കേരള ബാങ്കിനെയും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനേയും കാര്‍ഷിക മേഖലയുടെ വികസന പ്രക്രിയയിലെ ഒരു പ്രധാന കണ്ണിയായി ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

Dhanam News Desk

കോവിഡ് മഹാമാരി മൂലമുണ്ടായ തിരിച്ചടികളെ ഒരു പരിധിവരെ മറികടക്കുന്നതിനും കാര്‍ഷിക രംഗത്തെ വിലത്തകര്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഏറെ സഹായകമാകുന്ന ബജറ്റാണ് ഇത്തവണത്തേതെന്ന് കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) പി.എസ്.രാജന്‍. ''കാര്‍ഷിക രംഗത്തേക്ക് പുതു സംരംഭകരെ ആകര്‍ഷിക്കുന്നതിനും മറ്റു ഉല്‍പ്പാദന രംഗങ്ങള്‍, ടൂറിസം എന്നീ മേഖലയിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉതകുന്ന പദ്ധതികളാണ് ഇത്തവണത്തെ കേരള ബജറ്റില്‍ വിഭാവനം ചെയ്തിട്ടുള്ളത്''. അദ്ദേഹം വ്യക്തമാക്കി.

ബജറ്റിലെ സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി കേരള ബാങ്കിനെയും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനേയും കാര്‍ഷിക മേഖലയുടെ വികസന പ്രക്രിയയിലെ ഒരു പ്രധാന കണ്ണിയായി ഉള്‍ച്ചേര്‍ത്തിരിക്കുന്നു. 2021 - 22 സാമ്പത്തിക വര്‍ഷത്തില്‍ 2000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന വായ്പ നബാര്‍ഡില്‍ നിന്നും കേരള ബാങ്കിലൂടെ പ്രാഥമിക സഹകരണ സംഘങ്ങളിലേക്കു നല്‍കുകയും ഈ പണവും സഹകരണ സംഘങ്ങളുടെ തനതു ഫണ്ടും ഉപയോഗിച്ച് കാര്‍ഷിക മേഖലയിലെ മൂലധന നിക്ഷേപം പതിന്മടങ്ങു വര്‍ധിപ്പിക്കുമെന്നത് വളരെ ആശാവഹമാണ്.

പ്രാദേശിക വിപണികള്‍, കോള്‍ഡ് ചെയിന്‍ സൗകര്യങ്ങള്‍, പഴവര്‍ഗ്ഗങ്ങളുടെ സംസ്‌കരണവും, ഇറച്ചി മല്‍സ്യ വ്യപണന സൗകര്യങ്ങള്‍ എന്നിങ്ങനെ കേരള ജനതയ്ക്കു ആവശ്യമായ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സ്വയംപര്യാപ്തതയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് നേതൃത്വപരമായ പിന്തുണ നല്‍കാന്‍ കേരള ബാങ്കിനും അംഗ സംഘങ്ങള്‍ക്കും സാധിക്കുമെന്നു സിഇഒ ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയിലെ മൂലധനം വര്‍ധിപ്പിക്കുന്നതനുസരിച്ച് തൊഴിലവസരങ്ങളുടെ കാര്യത്തിലും കുതിച്ചു ചാട്ടം ഉണ്ടാകും.

കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 85 ശതമാനം സംഭാവന ചെയ്യുന്നത് സൂഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളാണ് (MSME). ഈ മേഖലയെ പരിപോഷിപ്പിക്കുന്നതിന് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനര്‍ജീവിപ്പിക്കുന്നതിനു സര്‍ക്കാര്‍ വിപുലമായ പദ്ധതിയാണ് ബഡ്ജറ്റില്‍ വിഭാവനം ചെയ്തിട്ടുള്ളത്. മറ്റു ബാങ്കുകള്‍ക്കൊപ്പം കേരള ബാങ്കും ഈ ഉദ്യമത്തില്‍ പങ്കാളിയാകുമെന്ന് സിഇഒ അറിയിച്ചു .

വനിതകളുടെ തൊഴില്‍ ശേഷി നാടിന്റെ വികസനത്തിനായി ഉപയോഗയുക്തമാക്കുന്നതിനുവേണ്ടി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി വിപുലമായ പദ്ധതികളാണ് ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വായ്പ ബന്ധിതമായ ഇത്തരം പദ്ധതികള്‍ക്ക് കേരള ബാങ്കിന് പിന്തുണ നല്‍കാന്‍ കഴിയും.

കാര്‍ഷിക വായ്പകള്‍ ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് നബാര്‍ഡിന്റെ കൂടെ പിന്തുണയോടെ പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനു സാധിക്കും. വിഷരഹിത പച്ചക്കറികള്‍ അവയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് മൊബൈല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ വാഹനങ്ങള്‍, സ്റ്റോര്‍ നവീകരണം എന്നിവയ്ക്ക് വായ്പ കേരള ബാങ്ക് അനുവദിക്കുന്നതാണ്. കൃത്യമായ വായ്പ തിരിച്ചടവിന് രണ്ടുമുതല്‍ മൂന്നുശതമാനം വരെ സബ്സിഡി അനുവദിക്കുമെന്ന ബജറ്റ് പ്രഖ്യാപനം കാര്യക്ഷമമായി നടപ്പിലാക്കുമെന്നു സിഇഒ പറഞ്ഞു.

കേരളത്തില്‍ അനന്ത സാധ്യതകളുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി വായ്പ ബന്ധിത പദ്ധതികള്‍ കേരള ബാങ്കിലൂടെ നടപ്പിലാക്കും. പ്രവാസി പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ട് നോര്‍ക്കയിലൂടെ നടപ്പിലാക്കുന്ന വായ്പ ബന്ധിത തൊഴില്‍ പദ്ധതികളില്‍ കേരള ബാങ്ക് പ്രധാന പങ്കുവഹിക്കും. പരിസ്ഥിതി സൗഹൃദ ഇലട്രിക് വാഹനങ്ങളും ഇലക്ട്രിക്ക് ഓട്ടോറിക്ഷകളും വിവിധ തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിന് പലിശയിളവോടെ സംസ്ഥാന സര്‍ക്കാര്‍ താല്പര്യത്തിന് അനുസരിച്ച് വായ്പ പദ്ധതികള്‍ തയ്യാറാക്കുമെന്ന് സി.ഇ.ഒ. വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT