ആരോഗ്യ മേഖലയ്ക്കായി 10,431.73 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷമായി ഏറ്റവുമധികം സൗജന്യ ചികിത്സ നൽകുന്നത് കേരളമാണെന്നും ബാലഗോപാല്‍ പറഞ്ഞു. 38,128 കോടി രൂപയാണ് ആരോഗ്യ മേഖലയ്‌ക്കായി ഇതുവരെ ചെലവാക്കിയത്. രക്താധിമര്‍ദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗമുളള നിര്‍ധനര്‍ക്ക് ചികിത്സയ്ക്കായി ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 45 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
കാന്‍സര്‍ ചികിത്സയ്ക്കായി 182.5 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററിന് 35 കോടിയും കൊച്ചി കാന്‍സര്‍ സെന്ററിന് 18 കോടിയും ആര്‍.സി.സിക്ക് 75 കോടിയും അനുവദിക്കും. ഡയാലിസിസ് യൂണിറ്റുകള്‍ ഇല്ലാത്ത ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രികളിലും 13.98 കോടി രൂപ ചെലവില്‍ യൂണിറ്റുകള്‍ ആരംഭിക്കും. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് ആദ്യ ഘട്ടമായി 700 കോടി നീക്കിവെച്ചു.
എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ തുടങ്ങിയ മെഡിക്കല്‍ കോളേജുകളിലും കല്‍പറ്റ ജനറല്‍ ആശുപത്രിയിലും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും സ്ട്രോക് യൂണിറ്റുകള്‍ 21 കോടി രൂപ ചെലവില്‍ ആരംഭിക്കും.
കോട്ടയം മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവെയ്ക്കല്‍ ചികിത്സ സംവിധാനം കൊണ്ടുവരും. കോഴിക്കാട്, കോട്ടയം, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ 20 കോടി ചെലവില്‍ ഓങ്കോളജി ഉപകരണങ്ങള്‍ വാങ്ങും. കൊല്ലം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി, ആലപ്പുഴ മെഡിക്കല്‍ കോളേജുകളില്‍ 15 കോടി രൂപ ചെലവില്‍ ഇന്‍വെന്‍ഷനല്‍ റേഡിയോളജി അടക്കമുളള അത്യാധുനിക ഇമേജിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
Read DhanamOnline in English
Subscribe to Dhanam Magazine