പത്തു വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ശേഷം വി.ഡി സതീശന്റെ നേതൃത്വത്തിൽ അധികാരമേൽക്കാൻ പോകുന്ന യു.ഡി.എഫ് സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സംസ്ഥാനത്തിന്റെ തകർന്നടിഞ്ഞ ധനസ്ഥിതി നേരെയാക്കിയെടുക്കുക എന്നതാണ്. 2026-ലെ സംസ്ഥാന ബജറ്റ് രേഖകൾ പ്രകാരം, കേരളത്തിന്റെ സാമ്പത്തിക അടിത്തറ കടുത്ത സമ്മർദ്ദത്തിലാണ്. സർക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം വർധിക്കുന്നതും കടബാധ്യത ഉയരുന്നതും പുതിയ ഭരണകൂടത്തിന് നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ വലിയ പരിമിതികൾ സൃഷ്ടിക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ വരുമാനം വർധിപ്പിച്ചാണോ അതോ സാമ്പത്തിക അച്ചടക്കം പാലിച്ചാണോ പുതിയ സർക്കാർ സംസ്ഥാന ഖജനാവ് നിറയ്ക്കാനുള്ള വഴി കണ്ടെത്തുക എന്നതാണ് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്.
2026-27 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ ആകെ കടബാധ്യത 5,44,000 കോടിയിലേറെ രൂപയാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ (GSDP) 33-35 ശതമാനം വരുമെന്നാണ് നിഗമനം. എന്നാൽ, ബജറ്റിന് പുറത്തുള്ള വായ്പകൾ (Off-budget borrowings) ഇതിൽ ഉൾപ്പെട്ടിട്ടില്ല എന്നതിനാൽ സംസ്ഥാനത്തിന്റെ യഥാർത്ഥ ബാധ്യത ഇതിലും കൂടുതലാണ്. കിഫ്ബി (KIIFB) വഴിയുള്ള വായ്പകൾ ഔദ്യോഗിക ബജറ്റ് കണക്കുകൾക്ക് പുറത്താണ് നിൽക്കുന്നത്. ഇത്തരം ബാധ്യതകൾ കണക്കിലെടുക്കാതെ തന്നെ, 2025-26 കാലയളവിലെ ധനക്കമ്മി ആഭ്യന്തര ഉത്പാദനത്തിന്റെ 3.78 ശതമാനമായിരുന്നു. ഇത് ധന ഉത്തരവാദിത്ത നിയമം (FRBM Act) അനുശാസിക്കുന്ന 3 ശതമാനമെന്ന പരിധിയേക്കാൾ വളരെ കൂടുതലാണ്.
അതേസമയം കേരളം ഒരു സാമ്പത്തിക വർഷം കടം എടുക്കുന്നതിന്റെ ശരാശരി 13-15 ശതമാനം മാത്രമാണ്, സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങൾക്കായി ചെലവിടുന്നതെന്ന് സി.എ.ജി.യുടെ റിപ്പോർട്ടുകളിൽ പലകുറി വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയതായി കടം എടുക്കുന്നതിന്റെ 70 ശതമാനത്തേളവും മുമ്പുള്ള കടങ്ങൾ വീട്ടുന്നതിനായാണ് കേരളം വിനിയോഗിക്കുന്നത്. എത്രകാലം ഇത്തരത്തിൽ മുന്നോട്ട് പോകാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ ഭരണ നേതൃത്വങ്ങളോട് ആവർത്തിച്ച് ഉന്നയിക്കുന്ന ചോദ്യമാണ്.
കേരളത്തിന്റെ ധനകാര്യ ഘടനയിൽ ഏറ്റവും ശ്രദ്ധേയമായ ഘടകം റവന്യൂ ചെലവിന്റെ സ്വഭാവമാണ്. സംസ്ഥാനത്തിന്റെ തനതു വരുമാനത്തിന്റെ സിംഹഭാഗവും മാറ്റിവെക്കേണ്ടി വരുന്നത് ഭരണപരമായ അനിവാര്യ ചെലവുകൾക്കാണ്. ഏകദേശം 45,000 കോടി രൂപ സർക്കാർ ജീവനക്കാരുടെ ശമ്പള ഇനത്തിലും 28,000 കോടി രൂപയിലധികം സർവീസ്—പെൻഷൻ ഇനത്തിലും പ്രതിവർഷം ചെലവാകുന്നു. കൂടാതെ മുൻകാല വായ്പകളുടെ പലിശ തിരിച്ചടവിനായി മാത്രം ഏകദേശം 29,000 കോടി രൂപയും ചെലവാകുന്നു. ഇതിനു പുറമെയാണ് അസ്സൽ തുക തിരിച്ചടയ്ക്കാനുള്ള ബാധ്യത.
അതേസമയം 2026-27ലേക്കുള്ള സംസ്ഥാന ബജറ്റിൽ 1,83,000 കോടി രൂപയാണ് സർക്കാരിന്റെ മൊത്തം റവന്യൂ വരുമാനമായി കണക്കാക്കുന്നത്. അതായത്, സർക്കാരിന്റെ മൊത്തം പ്രതീക്ഷിത റവന്യൂ വരവിന്റെ 55-56 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തിരിച്ചടവ് എന്നിവ ഉൾക്കൊള്ളുന്ന പതിവ് ചെലവുകൾക്കായാണ് (Committed Expenditure) വിനിയോഗിക്കപ്പെടുന്നത്. ഇത് പുതിയ പദ്ധതികൾക്കോ മൂലധന നിക്ഷേപങ്ങൾക്കോ തുക കണ്ടെത്താനുള്ള സർക്കാരിന്റെ ശേഷിയെ പരിമിതപ്പെടുത്തുന്നു.
അതുപോലെ ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംപര്യാപ്തത അളക്കുന്നത്, തനത് നികുതി വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തിന്റെ തനത് നികുതി വരുമാനം ഏകദേശം 93,000 കോടി രൂപയാണ്. ശമ്പളവും പെൻഷനും പലിശ തിരിച്ചടവും കൂടിച്ചേരുമ്പോൾ തനത് നികുതി വരുമാനം മതിയാകാതെ വരുന്ന അവസ്ഥയാണുള്ളത്. അതുപോലെ 2026-27 സംസ്ഥാന ബജറ്റിൽ പ്രതീക്ഷിക്കുന്ന മൊത്തം റവന്യൂ ചെലവ് 2,17,559 കോടിയും റവന്യൂ കമ്മി 34,587 കോടി രൂപയുമാണെന്നതും മുകളിലെ കണക്കുകളോട് ചേർത്തുവായിച്ചാൽ കേരളം നേരിടുന്ന സാമ്പത്തിക സമ്മർദ്ദം എത്രത്തോളം കഠിനമാണെന്ന് വ്യക്തമാകുന്നു.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി പിണറായി വിജയന്റെ നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ രണ്ട് എൽ.ഡി.എഫ് സർക്കാരുകളും ഏറെ ആശ്രയിച്ച കിഫ്ബി (KIIFB), ഏകദേശം 98,800 കോടി രൂപ ചെലവ് വരുന്ന 1,230-ലധികം പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. എന്നാൽ, കിഫ്ബി എടുത്ത വായ്പകൾ കേരളത്തിന്റെ മൊത്തം വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ഇപ്പോഴും വലിയ നിയമയുദ്ധമായി തുടരുകയാണ്. കിഫ്ബി വായ്പകൾ സംസ്ഥാനത്തിന്റെ പൊതുകടമായി കണക്കാക്കി വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ കേരളം നൽകിയ ഹർജി നിലവിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.
അധികാരം ഏറ്റെടുക്കുന്ന പുതിയ യു.ഡി.എഫ് സർക്കാരിന് ഈ നിയമപോരാട്ടം തുടരുകയോ അല്ലെങ്കിൽ കേന്ദ്രവുമായി രാഷ്ട്രീയ ചർച്ചകളിലൂടെ പരിഹാരം കാണുകയോ ചെയ്യേണ്ടി വരും. ഈ തർക്കത്തിലെ തീരുമാനം സംസ്ഥാനത്തിന്റെ വാർഷിക വായ്പാ ശേഷിയെ നേരിട്ട് ബാധിക്കും എന്നതിനാൽ, ധനകാര്യ മാനേജ്‌മെന്റിൽ ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. കിഫ്ബി വായ്പകൾ സംബന്ധിച്ച അനിശ്ചിതത്വം നീങ്ങുന്നത് വരാനിരിക്കുന്ന വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാവി നിശ്ചയിക്കുന്നതിലും നിർണ്ണായകമാകും.
അതുപോലെ പുതിയ സർക്കാരിന് കീഴിൽ, വരുമാന അധിഷ്ഠിത മോഡലിലേക്ക് കിഫ്ബി ചുവടുമാറ്റുമോ എന്നതും വ്യക്തമാകേണ്ടതുണ്ട്. പ്രതിപക്ഷത്തിരുന്ന് കിഫ്ബി സംവിധാനത്തിനെതിരേ കടുത്ത വിമർശനം ഉന്നയിച്ചിരുന്ന വി.ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. നിലവിൽ വായ്പ, കടപ്പത്രം എന്നിവയിലൂടെ ഏകദേശം 43,200 കോടി രൂപയാണ് കിഫ്ബി ഉറപ്പാക്കിയിട്ടുള്ളത്. ഇതിൽ നിന്നും വിവിധ പദ്ധതികൾക്ക് 37,900 കോടി രൂപയാണ് ഇതിനകം അനുവദിച്ചിട്ടുണ്ട്. ഏകദേശം 8,500 കോടി രൂപയുടെ വായ്പ തിരിച്ചടച്ചു. എന്നിരുന്നാലും ഫലത്തിൽ 29,300 കോടിയോളം രൂപയുടെ ബാധ്യത കിഫ്ബിയുടെ ചുമലിൽ അവശേഷിക്കുന്നുണ്ട്.
കേരളത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്ന യു.ഡി.എഫ് സർക്കാർ നേരിടാൻ പോകുന്നത് കഠിനമായ സാമ്പത്തിക വെല്ലുവിളികളാണ്. ഈ വർഷം ഡിസംബർ വരെയുള്ള കാലയളവിനിടെ കേരളത്തിന് പൊതു വിപണിയിൽ നിന്നും പരമാവധി സമാഹരിക്കാവുന്ന കടം 23,000 കോടി രൂപയാണെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 6,000 കോടി രൂപ കുറവാണ്. ഇവിടെ തുടങ്ങുന്നു പുതിയ സർക്കാരിനുള്ള ആദ്യ വെല്ലുവിളി. കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര, ക്ഷേമപെൻഷൻ പ്രതിമാസം 3,000 രൂപയാക്കും തുടങ്ങിയ വമ്പൻ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.
എന്നിരുന്നാലും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കാം എന്ന അടിസ്ഥാന ചോദ്യത്തിനുള്ള ഉത്തരം പുതിയ സർക്കാർ കണ്ടെത്താൻ ശ്രമിക്കുന്നത്, സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ എടുത്തിട്ടാണോ അതോ കർശന സാമ്പത്തിക നിയന്ത്രണം സ്വീകരിച്ചാണോ എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്. ഇതിൽ വരുമാനം വർധിപ്പിക്കാനാണ് സർക്കാർ ഊന്നൽ നൽകുന്നതെങ്കിൽ നികുതി പരിഷ്കരണം, നികുതി (ജി.എസ്.ടി) പിരിവിലെ കാര്യക്ഷമത ഉയർത്തുക, നികുതി ചോർച്ച തടയുക, നികുതിയേതര വരുമാന സ്രോതസ്സുകൾ വിപുലപ്പെടുത്തുക എന്നിങ്ങനെയുള്ള വിവിധ മാർഗങ്ങൾ മുന്നിലുണ്ട്. എന്നാൽ ഇവയൊക്കെ എത്രത്തോളം പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുമെന്നത് കണ്ടറിയേണ്ടതാണ്.
അതുപോലെ കേന്ദ്രാവിഷ്കൃത പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാത്തതും വിവിധ സ്കീമുകളിൽ കേന്ദ്രവുമായുള്ള തർക്കങ്ങളുമാണ് സംസ്ഥാനത്തിനുള്ള ഗ്രാന്റുകൾ മുടങ്ങാൻ മുഖ്യകാരണം. എന്നിരുന്നാലും കേരളത്തിന് ലഭിക്കേണ്ട അർഹമായ വിഹിതത്തിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുക എന്നതും നിർണ്ണായകമാണ്. അതേസമയം ആവർത്ത ചെലവുകളിൽ സാമ്പത്തിക നിയന്ത്രണം കൊണ്ടുവരുമോ എന്നതും സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നു. ക്ഷേമപദ്ധതികളിലും സബ്‌സിഡികളിലും കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവന്ന് ചെലവ് കുറയ്ക്കുക എന്നത് രാഷ്ട്രീയമായി വെല്ലുവിളിയാണ്. 2001-ൽ സമാന രീതിയിൽ ചെലവുചുരുക്കൽ നടപ്പാക്കിയതിന് പഴികേട്ടതിന്റെ ദുരനുഭവം, തന്നെ കാണാൻ വന്ന നിയുക്ത മുഖ്യമന്ത്രി സതീശനോട് എ.കെ ആന്റണി ഉപദേശരൂപേണ പങ്കുവെച്ചതും ശ്രദ്ധേയം.
എന്തായാലും സർക്കാരിന്റെ വരവും ചെലവും തമ്മിലെ അന്തരം ഓരോ വർഷവും കൂടി വരികയാണെന്നത് പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ പുതിയതായി അധികാരമേൽക്കുന്ന സർക്കാർ, കടബാധ്യതകളെ എങ്ങനെ പുനഃക്രമീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ സാമ്പത്തിക ഭാവി. ഉത്പാദന മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണോ ശ്രമിക്കാൻ പോകുന്നതെന്നും കാത്തിരുന്ന് കാണാം.
Read DhanamOnline in English
Subscribe to Dhanam Magazine