gold making charge canva
Economy

രണ്ടാം ദിവസവും താഴേക്ക്! സ്വര്‍ണവില ഇനിയും കുറയുമോ? വെള്ളിവില കുത്തനെയിടിഞ്ഞു, വിപണിയെ കാത്തിരിക്കുന്നതെന്ത്?

തുടര്‍ച്ചയായ ഏഴ് ആഴ്ചകളിലെ ഉയര്‍ച്ചക്ക് ശേഷം സ്വര്‍ണവില കുത്തനെ ഇടിയുന്നതാണ് പതിറ്റാണ്ടുകളായുള്ള ട്രെന്‍ഡ്

Dhanam News Desk

സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,980 രൂപയിലെത്തി. പവന്‍ വില 120 രൂപ കുറഞ്ഞ് 95,840 രൂപയാണ്. ഈ മാസം 17ന് രേഖപ്പെടുത്തിയ പവന് 97,360 രൂപയാണ് സംസ്ഥാനത്തെ റെക്കോഡ്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,855 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,680 രൂപയിലും 9 കാരറ്റ് 4,970 രൂപയിലുമാണ് വ്യാപാരം.

വെള്ളി വില കുത്തനെ ഇടിഞ്ഞു

റെക്കോഡിലെത്തിയ വെള്ളി വില ഇന്ന് കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 14 രൂപ കുറഞ്ഞ് 180 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളി ലഭ്യതയിലുണ്ടായ ക്ഷാമം ഈ ആഴ്ചയോടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വില താഴുന്നത്. യു.എസ്-ചൈന വ്യാപാര തര്‍ക്കവും യു.എസ് സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും വില ഇടിവിന് കാരണമായി. അമേരിക്കന്‍ ബാങ്കുകള്‍ ഇത്തവണ മികച്ച പാദഫലങ്ങളാണ് പുറത്തുവിട്ടത്. ഇതോടെ യു.എസ് ഓഹരി വിപണി ഉയരുകയും ബോണ്ടുകളില്‍ നിന്നുള്ള റിട്ടേണ്‍ വര്‍ധിക്കുകയും ചെയ്തു. ഇതും സ്വര്‍ണം, വെള്ളി വില കുറയാന്‍ കാരണമായി. വിപണിയില്‍ ആവശ്യത്തിന് വെള്ളി കിട്ടാതായതോടെ സില്‍വർ ഇ.ടി.എഫുകള്‍ നിക്ഷേപം സ്വീകരിക്കുന്നത് അവസാനിപ്പിച്ചിരുന്നു.

സ്വര്‍ണത്തില്‍ ഇനിയെന്ത്

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവും വെള്ളിയും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കാണ് കുതിച്ചത്. ഒന്‍പത് മാസത്തോളമായി സ്വര്‍ണത്തിന്റെ കുതിപ്പ് തുടങ്ങിയത്. 1970ന് ശേഷം അഞ്ച് തവണ മാത്രമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. ഈ ചരിത്രം മറികടന്ന് പത്താം ആഴ്ചയും സ്വര്‍ണം കയറുമോ എന്നാണ് എല്ലാവരുടെയും ആകാംഷ. എന്നാല്‍ തുടര്‍ച്ചയായ ഏഴ് ആഴ്ചകളിലെ ഉയര്‍ച്ചക്ക് ശേഷം സ്വര്‍ണവില കുത്തനെ ഇടിയുന്നതാണ് പതിറ്റാണ്ടുകളായുള്ള ട്രെന്‍ഡ്. അങ്ങനെ വന്നാല്‍ സ്വര്‍ണവില ഇനിയും കുറയേണ്ടതാണ്. എന്നാല്‍ യു.എസ് ഷട്ട്ഡൗണിന് പരിഹാരമാകാത്തതും തീരുവ യുദ്ധം രൂക്ഷമാവുകയും ചെയ്താല്‍ വില വര്‍ധിക്കാനുള്ള സാഹചര്യവുമുണ്ടാകും. നിലവില്‍ ഔണ്‍സിന് 13 ഡോളര്‍ വര്‍ധിച്ച് 4,264 ഡോളറെന്ന നിലയിലാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവ്യാപാരം നടക്കുന്നത്.

ആഭരണം വാങ്ങാന്‍

ഇന്ന് കേരളത്തില്‍ ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ 1,03,700 രൂപയെങ്കിലും ആകുമെന്നാണ് കണക്ക്. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്തുള്ള തുകയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.

Kerala gold price today: 22K at ₹11,995 per gram and 24K at ₹13,086 — rates steady amid festive demand.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT