സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കയറിയതും അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതുമാണ് പ്രധാന കാരണം. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 11,970 രൂപയായി. പവന് 520 രൂപ വര്‍ധിച്ച് 95,760 രൂപയുമായി.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9,845 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,665 രൂപയും 9 കാരറ്റ് ഗ്രാമിന് 4,945 രൂപയുമാണ്. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 185 രൂപയിലാണ് വ്യാപാരം.
അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ ദിവസം ഒരു ശതമാനത്തോളം ഇടിഞ്ഞ സ്വര്‍ണവില ഇന്ന് കയറ്റത്തിലാണ്. നിലവില്‍ ട്രോയ് ഔണ്‍സിന് 4,222 ഡോളറെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയാണ് മഞ്ഞലോഹത്തെ വീണ്ടും ആറാഴ്ചയിലെ ഉയര്‍ന്ന വിലയിലേക്ക് നയിക്കുന്നത്. യു.എസില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതോടെ ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷ ശക്തമായി. പലിശ നിരക്ക് കുറക്കാനുള്ള സാധ്യത 89 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.
ഈ ആഴ്ച പുറത്തു വരാനിരിക്കുന്ന യു.എസ് സാമ്പത്തിക കണക്കുകളാണ് ഇപ്പോള്‍ നിക്ഷേപകര്‍ കാത്തിരിക്കുന്നത്. നവംബറിലെ എ.ഡി.പി തൊഴില്‍ കണക്കുകള്‍ ബുധനാഴ്ചയെത്തും. സെപ്റ്റംബറിലെ പേഴ്‌സണല്‍ കണ്‍സംപ്ഷന്‍ എക്‌സ്പന്‍ഡിച്ചര്‍ സൂചികയും ബുധനാഴ്ച പുറത്തെത്തുമെന്നാണ് പ്രതീക്ഷ. പണപ്പെരുപ്പ സൂചിക വെള്ളിയാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ കണക്കുകള്‍ കൂടി വരുന്നതോടെ ഫെഡ് നിരക്ക് സംബന്ധിച്ച ഏകദേശ ധാരണയാകുമെന്നാണ് കരുതുന്നത്.
അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് വലിയ താഴ്ചയിലേക്ക് വീണതും സ്വര്‍ണവിലയെ ഉയര്‍ത്തി. നിരക്ക് കുറഞ്ഞതോടെ ഇറക്കുമതി ചെലവ് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തരേന്ത്യയില്‍ വിവാഹ സീസണ്‍ പുരോഗമിക്കുന്നതിനാല്‍ രാജ്യത്ത് ഡിമാന്‍ഡ് ഉയര്‍ന്ന് നില്‍ക്കുകയാണ്. ഒരു ഡോളറിന് 90 രൂപയെന്ന റെക്കാഡ് വിനിമയ നിരക്കാണ് നിലവിലുള്ളത്. ഇക്കൊല്ലം മാത്രം രൂപയുടെ വിനിമയ നിരക്ക് അഞ്ച് ശതമാനത്തോളം കുറഞ്ഞെന്നാണ് കണക്ക്.
ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,03,500 രൂപയെങ്കിലും വേണ്ടിവരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത തുകയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്നും മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine