സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,950 രൂപയിലെത്തി. പവന്‍ വില 160 രൂപ കുറഞ്ഞ് 95,600 രൂപയിലുമെത്തി. യു.എസ് ഡോളറിന്റെ വിനിമയ നിരക്ക് മെച്ചപ്പെട്ടതോടെ വിപണിയില്‍ ലാഭമെടുപ്പ് വര്‍ധിച്ചതാണ് വില കുറയാനുള്ള പ്രധാന കാരണം.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 9,825 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,655 രൂപയിലെത്തി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,940 രൂപയെന്ന നിലയിലാണ് വ്യാപാരം. വെള്ളി വില ഗ്രാമിന് 187 രൂപയിലുമെത്തി.
കഴിഞ്ഞ ദിവസം 98.85 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഡോളര്‍ സൂചിക 99 എന്ന നിലയിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ഇതോടെ ലാഭമെടുപ്പ് വര്‍ധിച്ചു. എന്നാല്‍ ഫെഡ് നിരക്ക് കുറക്കുമെന്ന സൂചനകള്‍ സ്വര്‍ണവില വര്‍ധിക്കാന്‍ സഹായകമാണ്. ഡിസംബര്‍ 9,10 തീയതികളില്‍ ചേരുന്ന യു.എസ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (എഫ്.ഒ.എം.സി) യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് വിവരം. പലിശ നിരക്ക് കുറക്കാനുള്ള സാധ്യത 89 ശതമാനമാണെന്നാണ് വിപണി വിശ്വസിക്കുന്നത്. അടുത്തിടെ പുറത്തുവന്ന തൊഴില്‍ കണക്കുകള്‍, എ.ഐയുടെ കടന്നുവരവ് സൃഷ്ടിക്കുന്ന തൊഴില്‍ ഭീഷണി, മന്ദഗതിയിലായ ഉപഭോക്തൃ വിശ്വാസം എന്നിവ കണക്കിലെടുത്ത് പലിശ നിരക്ക് കുറക്കാനുള്ള തീരുമാനം എടുക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,03,000 രൂപയെങ്കിലും വേണ്ടിവരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്ത തുകയാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine