canva
Economy

ഡോളറില്‍ തൂങ്ങി സ്വര്‍ണത്തിന് ഇടിവ്! യു.എസ് പലിശ പ്രതീക്ഷയും അസ്തമിക്കുന്നു, ഇന്നത്തെ വിലയിങ്ങനെ

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,000 ഡോളറില്‍ താഴെയെത്തി. കഴിഞ്ഞ മാസം 4,300 ഡോളര്‍ വരെ എത്തിയിരുന്നു

Dhanam News Desk

സംസ്ഥാനത്തെ സ്വര്‍ണം, വെള്ളി വില കുറഞ്ഞു. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് ഉയര്‍ന്നതോടെ സ്വര്‍ണത്തില്‍ ലാഭമെടുപ്പ് വര്‍ധിച്ചതാണ് പ്രധാന കാരണം. അമേരിക്കന്‍ ഫെഡ് റിസര്‍വ് ഇക്കൊല്ലം ഒരു തവണ കൂടി പലിശ കുറച്ചേക്കില്ലെന്ന പ്രതീക്ഷയും വിലയിടിവിന് കാരണമായി.

കേരളത്തില്‍ ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225 രൂപയിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം. പവന് 520 രൂപ കുറഞ്ഞ് 89,800 രൂപയിലെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,230 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,190 രൂപയും 9 കാരറ്റ് 4,665 രൂപയുമാണ്. വെള്ളി വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 158 രൂപയായി.

ഡോളറിന് പുതിയ തലപ്പൊക്കം

അമേരിക്കന്‍ ഡോളര്‍ സൂചിക 0.20 ശതമാനം ഉയര്‍ന്ന് 100.05 എന്ന നിലയിലെത്തിയിരുന്നു. മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇക്കൊല്ലം ഇനി യു.എസ് ഫെഡ് പലിശ നിരക്ക് കുറച്ചേക്കില്ലെന്ന സൂചനകളാണ് ഡോളറിനെ ഉയര്‍ത്തിയത്. അമേരിക്കന്‍ ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്ന്. ഡോളര്‍ സൂചിക ഉയരുന്നത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് വിലയേറിയതാക്കും. ഇത് ഡിമാന്‍ഡിനെയും ബാധിച്ചെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,000 ഡോളറില്‍ താഴെയെത്തി. കഴിഞ്ഞ മാസം 4,300 ഡോളര്‍ വരെ എത്തിയിരുന്നു.

കഴിഞ്ഞ മാസം യു.എസ് ബോണ്ടുകളുടെ പലിശ നിരക്ക് ഫെഡറല്‍ റിസര്‍വ് കുറച്ചിരുന്നു. ഡിസംബറിലും നിരക്ക് കുറക്കുമെന്ന് വിപണി നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും അങ്ങനെയുണ്ടാകില്ലെന്നാണ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ നല്‍കുന്ന സൂചന. നിരക്ക് കുറക്കുമെന്ന വിപണിയുടെ പ്രതീക്ഷ 90 ശതമാനത്തില്‍ നിന്ന് 65 ശതമാനമായി താഴുകയും ചെയ്തു. അടുത്ത ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന യു.എസ് തൊഴില്‍ കണക്കുകളാണ് ഇനി വിപണിയെ സ്വാധീനിക്കുന്നത്.

ആഭരണ വില ഇങ്ങനെ

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കേരളത്തില്‍ ഏകദേശം 97,200 രൂപയെങ്കിലും വേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്താണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയില്‍ മാറ്റം വരാനുള്ള സാധ്യതയുണ്ട്. അതേസമയം, വില കുറഞ്ഞതോടെ സംസ്ഥാനത്തെ ജുവലറികളില്‍ വീണ്ടും തിരക്ക് വര്‍ധിച്ചെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Gold prices slipped today as a stronger dollar and profit booking weighed on bullion demand.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT